തിരുവനന്തപുരം: 47ാമത് വയലാർ അവാർഡ് കവിയും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പിയ്ക്ക്. 'ജീവിതം ഒരു പെൻഡുലം' എന്ന ആത്മകഥക്കാണ് പുരസ്‌കാരം ലഭിച്ചത്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത ശിൽപ്പവും അടങ്ങുന്നതാണ് പുരസ്‌കാരം. വയലാർ രാമവർമയുടെ ചരമദിനമായ ഒക്‌ടോബർ 27നാണ് പുരസ്‌കാരം സമ്മാനിക്കുന്നത്. എസ് ഹരീഷിന്റെ 'മീശ' എന്ന നോവലിനായിരുന്നു കഴിഞ്ഞ കൊല്ലത്തെ വയലാർ പുരസ്‌കാരം ലഭിച്ചത്.
ഈ വർഷത്തെ ഹരിവരാസനം പുരസ്‌കാരത്തിനും ശ്രീകുമാരൻ തമ്പി അർഹനായിരുന്നു. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതായിരുന്നു പുരസ്കാരം. സമർപ്പണ ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ച രാമായണ ഫെസ്റ്റിന്റെ ഭാഗമായി ഏർപ്പെടുത്തിയ വാല്മീകി പുരസ്കാരവും ശ്രീകുമാരൻ തമ്പി ഏറ്റുവാങ്ങി. കാൽലക്ഷം രൂപയും പ്രശസ്തിഫലകവുമായിരുന്നു പുരസ്കാരം. ഹാർമോണിസ്റ്റും നാടക-സംഗീത സംവിധായകനും ഗായകനുമായിരുന്ന പരമൻ അന്നമനടയുടെ പേരിൽ ഏർപ്പെടുത്തിയ സർഗപ്രഭ പുരസ്‌കാരം, കലാകാരനും ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന എം പി രഘുവിന്റെ ഓർമ്മക്കായും കലാരംഗത്തെ സമഗ്രസംഭാവനകൾക്കുമായും ഏർപ്പെടുത്തിയ ബി കെ എസ് വിശ്വകലാരത്ന പുരസ്‌കാരം, കാഞ്ഞങ്ങാട് കാവ്യോത്സവത്തോടനുബന്ധിച്ച് നൽകിവരുന്ന പി കുഞ്ഞിരാമൻ നായർ പുരസ്‌കാരം എന്നിവയ്ക്കും ഈ വർഷം അർഹനായത് ശ്രീകുമാരൻ തമ്പിയാണ്.
ഇക്കഴിഞ്ഞ മാർച്ചിലാണ് ശ്രീകുമാരൻ തമ്പി തന്റെ 84ാം ജന്മദിനത്തെ വരവേറ്റത്. മകൻ രാജ്കുമാറിന്റെ മരണശേഷം ജന്മദിനങ്ങളൊന്നും ആഘോഷിക്കാറില്ലായിരുന്നു അദ്ദേഹം. പുതിയ സിനിമയെപ്പറ്റിയോ പാട്ടെഴുത്തിനെപ്പറ്റിയോ ആലോചനകളൊന്നുമില്ലെന്ന് ശ്രീകുമാരൻ തമ്പി കേരളകൗമുദിയോട് നേരത്തെ വ്യക്തമാക്കിയിരുന്നു.
എൻജിയനീയറിംഗ് ബിരുദധാരിയായ ശ്രീകുമാരൻ തമ്പി 1966ൽ കോഴിക്കോട് അസിസ്‌റ്റന്റ് ടൗൺ പ്ലാനറായിരിക്കെ ജോലി രാജിവച്ചാണ് പൂർണമായും കലാസാഹിത്യരംഗത്തേക്ക് എത്തിയത്. മൂവായിരത്തിലധികം സിനിമ ഗാനങ്ങൾ രചിച്ചിട്ടുണ്ട്. 25 സിനിമകൾ നിർമ്മിച്ചു. 29 സിനിമകൾ സംവിധാനം ചെയ്യുകയും 85 സിനിമകൾക്ക് തിരക്കഥ രചിക്കുകയും ചെയ്‌തു. സിനിമയ്‍ക്ക് നൽകിയ സമഗ്ര സംഭാവനയ്ക്ക് ജെ സി ഡാനിയേൽ പുരസ്‍കാരം നൽകി സംസ്ഥാന സർക്കാർ ആദരിച്ചിരുന്നു. സംഗീത നാടക അക്കാഡമി പുരസ്‌കാരം ഉൾപ്പെടെ നിരവധി അവാർഡുകൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |