ബെംഗളുരു: കർണാടകയിൽ വിശ്വാസ വോട്ടെടുപ്പ് സമയത്ത് വിമത എം.എൽ.എമാർ പങ്കെടുക്കണമെന്ന നിർബന്ധിക്കാനാവില്ലെന്ന സുപ്രിംകോടതി വിധിയെ വിമർശിച്ച് കോൺഗ്രസ്. സുപ്രിംകോടതി വിധി കൂറുമാറിയ എം.എൽ.എമാരെ സംരക്ഷിക്കുന്നതാണെന്ന് പാർട്ടി കുറ്റപ്പെടുത്തി.
ഒരു അംഗം കൂറുമാറി വോട്ടു ചെയ്താൽ അയോഗ്യനാക്കുന്നതുൾപ്പെടെ നടപടി എടുക്കാനുള്ള അധികാരം സ്പീക്കർക്കുണ്ട്. അത് ചോദ്യം ചെയ്യുകയാണ് സുപ്രീം കോടതി. എം.എൽഎമാരെ നിർബന്ധിച്ച് സഭയിൽ എത്തിക്കരുതെന്ന നിർദേശം ഇതിന് തെളിവാണ്. നിയമപരമായി ഇതിനെ നേരിടുമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.
വിമത എം.എൽ.എമാർക്ക് കണ്ണടച്ചു സംരക്ഷണം നല്‍കുകയാണ് കോടതി ചെയ്തിരിക്കുന്നതെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല ട്വീറ്റ് ചെയ്തു. ഇത് മോശമായ കീഴ്‌വഴക്കം സൃഷ്ടിക്കും. വിപ്പ് നല്‍കുന്നതുമായി ബന്ധപ്പെട്ട് ഉത്തരവ് പുറപ്പെടുവിച്ചതിലൂടെ നിയമ നിർമാണ സഭയുടെ പ്രവർത്തനത്തിൽ ഇടപെടുകയാണ് കോടതി ചെയ്തത്. ഇത് അധികാര പരിധി വിട്ടുള്ള കടന്നുകയറലാണെന്ന് സുർജേവാല കുറ്റപ്പെടുത്തി.
കുതിരക്കച്ചവടം പ്രോത്സാഹിപ്പിക്കുന്നതാണ് സുപ്രിം കോടതി വിധിയെന്ന് കർണാടക പി.സി.സി അദ്ധ്യക്ഷൻ ദിനേഷ് ഗുണ്ടുറാവു കുറ്റപ്പെടുത്തി. കൂറുമാറ്റക്കാരെ സംരക്ഷിക്കുന്ന വിധി നിയമസഭയുടെ അധികാരത്തിലേക്കു കടന്നുകയറിയുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |