തിരുവനന്തപുരം: എം.ഡിമാർ ഇരുപ്പുറപ്പിക്കാത്ത ജല അതോറിട്ടിയിൽ കെ.എസ്.ആർ.ടി.സിയിലേതു പോലെ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടറെ (സി.എം.ഡി) കൊണ്ടുവരാൻ ആലോചന. ഇതിന്റെ ഭാഗമായാണ് വിദേശത്ത് പോയ എം.ഡി ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദിന്റെ പൂർണ അധികച്ചുമതല ജലവിഭവ സെക്രട്ടറി അശോക് കുമാർ സിംഗിന് നൽകിയത്. വാട്ടർ അതോറിട്ടി ചെയർമാൻ സെക്രട്ടറിയാണ്. എം.ഡിയുടെ ചുമതല കൂടി ലഭിച്ചതോടെ സാങ്കേതികമായി അശോക് കുമാർ സി.എം.ഡിയായി.
2011-15ൽ അശോക് കുമാർ ജല അതോറിട്ടി എം.ഡിയായിരുന്നു. തുടർന്ന് അദ്ദേഹം കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോയി. എം.ഡിയായിരുന്നപ്പോഴുള്ള മികവ് പരിഗണിച്ചാണ് അധികച്ചുമതല നൽകിയത്. ജല അതോറിട്ടിയിൽ കോൺട്രാക്ടർമാർക്കും കരാർ തൊഴിലാളികൾക്കുമുള്ള ശമ്പളം സോഫ്‌റ്റ്‌വെയർ വഴിയാക്കിയത് അശോക് കുമാറാണ്.
അതേസമയം യൂണിയനുകളുമായുള്ള തർക്കത്തെ തുടർന്ന് ഭണ്ഡാരി എം.ഡി സ്ഥാനമൊഴിയുമെന്നാണ് റിപ്പോർട്ട്. വിദേശത്ത് നിന്നെത്തിയ ശേഷം ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും. അങ്ങനെയെങ്കിൽ സി.എം.ഡി തസ്തിക സ്ഥിരം സംവിധാനമാക്കിയേക്കും.
കാര്യങ്ങൾ ചെയ്യുന്നത് മൂന്ന് ഐ.എ.എസുകാർ
ജല അതോറിട്ടിയിലെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് ചെയർമാൻ, എം.ഡി, ജോയിന്റ് എം.ഡി എന്നീ മൂന്ന് ഐ.എ.എസുകാരാണ്. ചെയർമാനാണ് ഡയറക്ടർ ബോർഡ് യോഗത്തിൽ അദ്ധ്യക്ഷനാവുന്നത്. ദൈനംദിന കാര്യങ്ങൾ എം.ഡിയാണ് നോക്കുന്നത്. എം.ഡിയുടെ അഭാവത്തിൽ മുമ്പ് ടെക്‌നിക്കൽ മെമ്പർക്കായിരുന്നു ചുമതല. ഇപ്പോഴാണ് സെക്രട്ടറിക്ക് കൈമാറിയത്. പദ്ധതികൾ വേഗത്തിലാക്കാനുള്ള ചുമതലയാണ് ജോയിന്റ് എം.ഡിക്ക്. നിലവിൽ ജോയിന്റ് എം.ഡിയായ ദിനേശൻ ചെറുവത്തിന് ജലനിധി എക്സിക്യുട്ടീവ് ഡയറക്ടറുടെ പൂർണ അധികച്ചുമതലയുമുണ്ട്.
അക്കൗണ്ട്സ് മെമ്പറില്ല
വാട്ടർ അതോറിട്ടി ധനകാര്യ വിഭാഗത്തിന്റെ കാര്യങ്ങൾ ബോർഡ് യോഗത്തിൽ അവതരിപ്പിക്കേണ്ട അക്കൗണ്ട്സ് മെമ്പറുടെ തസ്തിക 2021 മുതൽ ഒഴിഞ്ഞുകിടക്കുകയാണ്. പദ്ധതികൾക്ക് അനുമതി നൽകുന്നതടക്കമുള്ള സുപ്രധാന ചുമതലകളുള്ള ടെക്നിക്കൽ മെമ്പർ വിരമിച്ച് നാലു മാസമായി. പുതിയ നിയമനവുമായിട്ടില്ല. പകരം വിരമിച്ച ആളെ ആറ് മാസത്തേക്ക് താത്കാലികമായി നിയമിച്ചു. ഇയാളുടെ സമയപരിധി നവംബറിൽ തീരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |