തിരുവനന്തപുരം: വിവിധ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത നാളത്തെ ദേശീയ പണിമുടക്കിൽ കെഎസ്ആർടിസി ഭാഗമാകില്ലെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. കെഎസ്ആർടിസി ജീവനക്കാർ സന്തുഷ്ടരാണെന്നും ജീവനക്കാർ സമരത്തിന് നോട്ടീസ് നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർദ്ധന ആവശ്യപ്പെട്ട് സ്വകാര്യ ബസ് നടത്തുന്ന സമരത്തിലും മന്ത്രി പ്രതികരിച്ചു. വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർദ്ധന പെട്ടെന്ന് നടപ്പാക്കാൻ കഴിയില്ലെന്നും വിദ്യാർത്ഥികളുമായി സംസാരിച്ച് മാത്രമെ തീരുമാനം എടുക്കാൻ കഴിയുവെന്നും ഗണേഷ് കുമാർ പറഞ്ഞു.
'സ്വകാര്യ ബസിൽ വിദ്യാർത്ഥികൾ അല്ലാത്തവർ കയറി എസ് ടി ടിക്കറ്റ് എടുക്കുന്നുവെന്നാണ് ജീവനക്കാർ പറയുന്നത്. അത് ഒരു പ്രശ്നമാണ്. കെഎസ്ആർടിസിയിലെ പോലെ ഒരു ആപ്പ് സ്വകാര്യബസിനും അനുവദിക്കാം. അത് വച്ച് കുട്ടികൾക്ക് പാസ് വാങ്ങാം. ആർടിഒയോ ജോയിന്റ് ആർടിഒയോ ആയിരിക്കും അത് ഇഷ്യൂ ചെയ്യുക. സ്പീഡ് ഗവർണർ ഊരിയിടാനാണ് അവരുടെ ആവശ്യം, ഇത് നടക്കുമോ? നിങ്ങൾ പറയൂ. അവർ ചോദിക്കുന്ന സ്ഥലത്ത് പെർമിറ്റ് കൊടുക്കണം എന്നൊക്കെയാണ് സ്വകാര്യ ബസ് ജീവനക്കാരുടെ ആവശ്യം. ഇത് നടത്താൻ കഴിയുമോ?'- ഗണേഷ് കുമാർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |