
കണ്ണൂര്‍: വെള്ളക്കെട്ടിലും വരൾച്ചയിലും നശിക്കാത്ത നെല്ലിനങ്ങൾ വിതച്ച് നൂറുമേനി കൊയ്യുകയാണ് പത്തംഗ പ്രകൃതിസമൃദ്ധി കൂട്ടായ്മ. കർഷകനും എൻജിനിയറും ആർക്കിടെക്ടും സർക്കാർ ഉദ്യോഗത്ഥരുമൊക്കെ ചേർന്ന സൗഹൃദ സംഘം.
ഔഷധ -സുഗന്ധ ഇനങ്ങൾ, കരവിത്തുകൾ, കൈപ്പാട് വിത്തുകൾ തുടങ്ങി എഴുപത് ഇനങ്ങൾ ഇവരുടെ പാടത്തുണ്ട്. കാസർകോട്, കണ്ണൂർ ജില്ലകളിലെ തൃക്കരിപ്പൂർ, പിലിക്കോട്, കരിവെള്ളൂർ പഞ്ചായത്തുകളിൽ 25 ഏക്കറിലാണ് കൃഷി. വർഷം രണ്ട് വിളവെടുപ്പ്. 20 ടണ്ണാണ് ഒരു സീസണിൽ കൊയ്തുകൂട്ടുന്നത്.
രണ്ട് ഏക്കറിൽ തുടങ്ങിയ കൃഷി കഴിഞ്ഞ നാലു വർഷം കൊണ്ടാണ് 25 ഏക്കറിലേക്ക് വ്യാപിച്ചത്. അംഗങ്ങളുടെ സ്വന്തം ഭൂമിയിലും തരിശിട്ട പാടങ്ങൾ പാട്ടത്തിനെടുത്തുമാണ് കൃഷി.
മാറുന്ന കാലാവസ്ഥയെ അതിജീവിക്കുന്ന നെല്ലിനങ്ങൾ കണ്ടെത്തും. ഇതിന് കൃഷി ശാസ്ത്രജ്ഞരുടെ സഹായം തേടും. ഒറീസയിലെ മുനിഗുഡയിൽ 1500 തനത് നെല്ലിനങ്ങൾ സംരക്ഷിക്കുന്ന ദബൽ ദേബിനെയും കണ്ട് ഉപദേശം തേടി. നെൽവിത്തുകളും ശേഖരിച്ചു. ആസാം. മധ്യപ്രദേശ്, മഹാരാഷ്ട്ര, ബംഗാൾ, ഒഡീഷ, തമിഴ്‌നാട്, ആന്ധ്ര സംസ്ഥാനങ്ങളിൽ നിന്നും നെൽവിത്ത് കൊണ്ടുവന്നു. നാട്ടിൽ കയ‌്മ വിത്തിറക്കിയിരുന്ന സ്ത്രീ കൃഷി മതിയാക്കിയപ്പോൾ വിത്ത് കൂട്ടായ്മയ്ക്ക് കൈമാറി.
പയ്യന്നൂരിൽ വർഷം തോറും സംഘടിപ്പിക്കുന്ന വിത്തുൽസവത്തിൽ കുറഞ്ഞ വിലയ്ക്ക് വിത്തുകൾ വിൽക്കുമ. കയ്മ വിത്തിനാണ് ആവശ്യക്കാർ ഏറെ. നെല്ല് 60 ശതമാനം തവിടോടെ അരിയാക്കി ആവശ്യക്കാർക്ക് എത്തിക്കും. സ്വന്തമായി മിനി റൈസ് മില്ലും തുറന്നു.
കേരള സുന്ദരിയും
ഗന്ധകശാലയും
ബംഗാളിലെ നെല്ലായ കേരള സുന്ദരി, കൊടുകയ്മ, കൊത്തമ്പാരി കയ്മ, രാജകയ്മ, ഉണ്ടക്കയ്മ, ചെങ്കഴമ, സുഗന്ധ ഇനങ്ങളായ ഓക്കകുഞ്ഞി, ബസുമതി, ഗന്ധകശാല, ജീരകശാല, ഔഷധ ഇനങ്ങളായ നവര, കറുത്ത നവര, രക്തശാലി, ഇരുമ്പ് അംശം കൂടിയ കറുത്ത അരി കാലാമല്ലി ഫൂലേ, ആസാം ബ്ലാക്ക്, ബർമ ബ്ലാക്ക്, കാലാബാത്ത്, കാകിശാല, ബ്ലാക്ക് ജാസ്മിൻ, കാല ജീര എന്നിവ കൃഷി ചെയ്യുന്നുണ്ട്. കിലോയ്ക്ക് 200 വരെയാണ് ഇവയിൽ പലതിന്റെയും അരിക്ക് വില. ഛത്തീസ്ഗഡിലെ ചിറകുള്ള നെല്ലായ രാമിഗലിയുമുണ്ട്.
25 ഏക്കറിലെ
വൈവിദ്ധ്യം
നെൽവിത്തിനങ്ങൾ: 70
ഒരു സീസണിലെ വിളവ്: 20 ടൺ
ഔഷധ നെൽ വിളവ്: ഏക്കറിൽ 700 കിലോ
കൂട്ടായ്മയിലെ
അംഗങ്ങൾ
കർഷകനായ കെ.പി. വിനോദ്, ഫാർമസിസ്റ്റ് സുരേഷ് എന്നിവർക്കാണ് നേതൃത്വം ആർക്കിടെക്റ്റ് ടി.വിനോദ്, വാട്ടർ അതോറിട്ടി എൻജിനിയർ ഹരീഷ്, പി.ഡബ്‌ള്യൂ.ഡി എൻജിനിയർ ജയദീപ്‌കുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർ രാഗേഷ്, ഹൈസ്‌കൂൾ ക്ളർക്ക് സന്തോഷ് , റിട്ട. ബി.എസ് . എൻ.എൽ ഉദ്യോഗസ്ഥൻ ചന്ദ്രൻ, പ്രവാസി ബാലചന്ദ്രൻ, ബാംഗളൂരിൽ ഐ.ടി കമ്പനി മാനേജർ പ്രേംജിത്ത് കൃഷ്ണൻ എന്നിവരാണ് മറ്റംഗങ്ങൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |