ഓച്ചിറ: പീഡനത്തിനിരയായ പെൺകുട്ടി ആത്മഹത്യ ചെയ്‌ത കേസിൽ സൗദിയിൽ ഇന്റർപോൾ അറസ്റ്റ് ചെയ്‌ത പ്രതിയെ ഇന്നലെ കരുനാഗപ്പള്ളി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സൗദിയിൽ നിന്ന് കസ്റ്റഡിയിൽ വാങ്ങിയ പ്രതി കുലശേഖരപുരം കൈപ്പള്ളി തെക്കതിൽ സുനിൽ കുമാർ ഭദ്രനുമായി ( 39) സിറ്റി പൊലീസ് കമ്മിഷണർ മെറിൻ ജോസഫും സംഘവും ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയത്. ഓച്ചിറയിൽ നിന്നുള്ള പൊലീസ് സംഘം കാത്ത് നിന്നിരുന്നു. ഇന്നലെ വെളുപ്പിന് ഓച്ചിറ പൊലീസ് സ്റ്റേഷനിലെത്തിച്ച പ്രതിയെ ഉന്നത ഉദ്യോഗസ്ഥർ ചോദ്യം ചെയ്‌ത ശേഷം കോടതിയിൽ ഹാജരാക്കി.
പെൺകുട്ടിയെ സുനിൽ പീഡിപ്പിച്ചുവെന്നാണ് റിമാൻഡ് റിപ്പോർട്ട്.
ഭാര്യയും കുട്ടികളുമുള്ള പ്രതി 2017ൽ ഗൾഫിൽ നിന്ന് അവധിക്ക് എത്തിയപ്പോഴായിരുന്നു പീഡനം. പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തെങ്കിലും പ്രതി ഗൾഫിലേക്ക് കടക്കുകയായിരുന്നു. പ്രായ പൂർത്തിയാകാത്ത പെൺകുട്ടി മഹിളാ മന്ദിരത്തിൽ ആത്മഹത്യ ചെയ്യുകയായിരുന്നു.
സി.ബി.ഐയുടെ ആവശ്യപ്രകാരം സൗദി ഇന്റർപോൾ മൂന്നാഴ്ച മുമ്പേ സുനിൽകുമാറിനെ കസ്റ്റഡിയിലെടുത്ത് ജയിലിൽ പാർപ്പിച്ചിരിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |