ഒറ്റപ്പാലം: നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷയുടെ ബാഗിൽ നിന്നും 38,000 രൂപ മോഷ്ടിച്ചയാളെ പൊലീസ് തിരിച്ചറിഞ്ഞു. സി.പി.എം പാർട്ടിയിൽ പെട്ട ഒറ്റപ്പാലം നഗരസഭയുടെ വനിതാ കൗൺസിലർ തന്നെയാണ് മോഷണം നടത്തിയിരിക്കുന്നത്. വിരലടയാള പരിശോധന മുതൽ നുണപരിശോധന വരെ നടത്തിയാണ് പൊലീസ് പ്രതിയെ പിടിച്ചത്. ഏതായാലും ഈ സംഭവം പാർട്ടിയെ വലിയ നാണക്കേടിലേക്കാണ് എത്തിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ കേസ് ഒതുക്കി തീർക്കാനായി പൊലീസിന് മേൽ പാർട്ടിയുടെ സമ്മർദ്ദമുണ്ട്. അദ്ധ്യക്ഷയും കൗൺസിലറും ഒരേ പാർട്ടിയിൽ നിന്നും ഉള്ളവരായത് കൊണ്ട് സംഭവം ഒതുക്കി തീർക്കാൻ പാർട്ടി നേതൃത്വത്തിന് കഴിയുന്നതാണ്. കുറ്റവാളിയെ അറസ്റ്റ് ചെയ്യാനും സാധ്യതയില്ല.
കഴിഞ്ഞ മാസം 20നാണ് സ്ഥിരം സമിതി അദ്ധ്യക്ഷയുടെ ബാഗിൽ നിന്നും 38,000 രൂപ കാണാതെയാകുന്നത്. ഒരു വർഷത്തിനിടെ നഗരസഭയിൽ നടക്കുന്ന ഇരുപത്തിയൊന്നാമത്തെ മോഷണമാണിത്. നഗരസഭാ കൗൺസിലർ, സന്ദർശകർ, ജീവനക്കാർ എന്നിവരിൽ നിന്നായി ഒന്നരലക്ഷം രൂപയിൽ കൂട്ടുതൽ പണവും, ഇത് കൂടാതെ സ്വർണവും മോഷണം പോയിട്ടുണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. ഇങ്ങനെ മോഷണത്തിൽ ഇരയായവരിൽ ചിലർ കൂടി ഇന്നലെ പൊലീസിനെ സമീപിച്ചു. കൗൺസിലിലെ വനിതാ ബി.ജെ.പി അംഗവും ജീവനക്കാരുമാണ് പൊലീസിൽ പരാതി നൽകാനെത്തിയത്. അതേസമയം അദ്ധ്യക്ഷയുടെ പണം മോഷ്ടിച്ച കൗൺസിലർക്കെതിരെ പൊലീസ് ഒരാഴ്ചയ്ക്കകം കുറ്റപത്രം സമർപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |