പത്തനംതിട്ട: ആത്മീയത നഷ്ടപെട്ട നാറാണത്ത് ഭ്രാന്തനെ പോലെയാണ് മുഖ്യമന്ത്രി പെരുമാറുന്നെതെന്നും ശബരിമലയിലെ പൊലീസുകാരുടെ കാര്യത്തിൽ അദ്ദേഹം മലർന്ന് കിടന്ന് തുപ്പുകയാണെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള പറഞ്ഞു. ശബരിമല വിഷയത്തിൽ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ആർ.എസ്.എസിന് വിവരങ്ങൾ ചോർത്തികൊടുത്തു എന്ന മുഖ്യമന്ത്രിയുടെ വിമർശനത്തോട് പ്രതികരിക്കുകയായിരുന്നു ശ്രീധരൻ പിള്ള. ആർ.എസ്.എസിന് വിവരങ്ങൾ ചോർത്തിക്കൊടുത്ത പൊലീസ് ഉദ്യോഗസ്ഥർ ആരൊക്കെയാണെന്ന് പിണറായി വിജയൻ പറയണമെന്നും ശ്രീധരൻ പിള്ള പറഞ്ഞു. ശബരിമലയിൽ പൊലീസിന്റെ ക്രൂരത കുറഞ്ഞ് പോയതിനാണ് മുഖ്യമന്ത്രി അവരെ വിമർശിച്ചതെന്നും, അവിടെ കൊടിയ ക്രൂരത പൊലീസ് പ്രവർത്തിക്കണമെന്നാണ് മുഖ്യമന്ത്രി സത്യത്തിൽ ഉദ്ദേശിച്ചതെന്നും ശ്രീധരൻ പിള്ള പരിഹസിച്ചു. ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ജില്ലാ കമ്മിറ്റിയിൽ പങ്കെടുത്ത ശേഷം മാദ്ധ്യമങ്ങളോടാണ് ശ്രീധരൻ പിള്ള ഇക്കാര്യം പറഞ്ഞത്.
പൊലീസ്, ഉത്തരവ് അനുസരിക്കേണ്ടവർ തന്നെയാണെന്നും എന്നാൽ മുഖ്യമന്ത്രി നൽകുന്ന ഉത്തരവുകൾ അനുസരിച്ചാൽ ശബരിമലയിൽ എന്താണ് സംഭവിക്കുക എന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രി ഇപ്പോൾ ഇങ്ങനെയുള്ള വിമർശനങ്ങൾ നടത്തുന്നത് യൂണിവേഴ്സിറ്റി കോളേജിൽ നടന്ന വധശ്രമത്തിൽ നിന്നും ശ്രദ്ധ തിരിക്കുന്നതിന് വേണ്ടിയാണ്. തിരുവനന്തപുരം എം.ജി കോളേജിൽ ശ്രീധരൻ പിള്ളയ്ക്ക് ഇടിമുറിയില്ല. പഴയ കാര്യങ്ങൾ ഇപ്പോൾ പറയേണ്ട. അവിടെ ഞങ്ങൾക്ക് കൊടിമരം പോലുമില്ല. ക്യാംപസിൽ ആര് ക്രൂരത കാട്ടിയാലും അംഗീകരിക്കാൻ കഴിയില്ല. ശബരിമല വിഷയത്തിന്റെ പേരിൽ സർക്കാർ തന്റെ അഭിഭാഷക പദവി എടുത്ത് കളയാൻ ശ്രമിക്കുകയാണ്. പി.എസ്.സിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടു. സി.പി.എമ്മിന്റെ ആൾക്കാരാണ് ഇപ്പോൾ അവിടം ഭരിക്കുന്നത്. കേരളത്തിന്റെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് യാതൊരു മാനവികതയും ഇല്ല. ശ്രീധരൻ പിള്ള പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |