അച്ഛന് എന്നും ജീവിതം തന്നെയാണ് രാഷ്ട്രീയം. തിരഞ്ഞെടുപ്പു മത്സരങ്ങളോ സ്ഥാനമാനങ്ങളോ അച്ഛനെ ഒരിക്കലും തെല്ലും ആകർഷിച്ചല്ല. ദീർഘകാലത്തെ രാഷ്ട്രീയ ജീവിതത്തിൽ നിരവധി പരീക്ഷണങ്ങളും പ്രതിസന്ധികളും തരണം ചെയ്യേണ്ടി വന്നിട്ടുണ്ട്. വിഷയങ്ങൾ വരും, പോകും; അതൊന്നും തന്നെ ഒരുവിധത്തിലും ബാധിക്കില്ല- അതായിരുന്നു അച്ഛന്റെ ലൈൻ. നാലുവർഷമായി അച്ഛൻ പൂർണ വിശ്രമത്തിലാണ്. അണുബാധയുടെയും മറ്രും സാദ്ധ്യത കണക്കിലെടുത്ത് ഡോക്ടർമാർ സന്ദർശകർക്ക് കർശന വിലക്ക് നിർദ്ദേശിച്ചിട്ടുണ്ട്.
പരുക്കൻ പ്രകൃതമുള്ളയാളായിട്ടാണ് അച്ഛനെ മിക്കവരും വിശേഷിപ്പിക്കാറ്. സത്യം അതല്ല. ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെ കാര്യത്തിൽ തികഞ്ഞ മനുഷ്യത്വവും സഹാനുഭൂതിയുമുള്ള ആളാണ് അദ്ദേഹം. കുട്ടിക്കാലത്ത് ഞങ്ങളെല്ലാം ആലപ്പുഴയിലെ വീട്ടിലായിരുന്നു. കൊല്ലം , ആലപ്പുഴ ജില്ലകളിലോ വടക്കൻ ജില്ലകളിലോ പാർട്ടി പരിപാടികളുണ്ടെങ്കിൽ തിരുവനന്തപുരത്തു നിന്ന് പോകും വഴി അച്ഛൻ വീട്ടിൽ കയറും. അതു കൊണ്ട് അച്ഛന്റെ സാമീപ്യമില്ലായ്മ ഒരിക്കലും അനുഭവപ്പെട്ടിട്ടില്ല.
വീട്ടിലെത്തിയാൽ തികഞ്ഞ കുടുംബനാഥൻ. എല്ലാ കാര്യങ്ങളും അന്വേഷിക്കും. എന്നോടും സഹോദരിയോടും കുടുംബാംഗങ്ങളോടും വളരെ സ്നേഹത്തോടെയും സൗമ്യതയോടെയുമാണ് പെരുമാറിയിരുന്നത്. വീട്ടിൽ ഒരിക്കലും രാഷ്ട്രീയം ഒരു വിഷയമാവാറില്ല. ഞങ്ങളെല്ലാവരും കമ്യൂണിസ്റ്റ് പാർട്ടിയോട് ആഭിമുഖ്യമുള്ളവരാണ്. പുന്നപ്രയിൽ എല്ലാ രാഷ്ട്രീയ വിശ്വാസത്തിലും ഉൾപ്പെട്ടവരുണ്ട്. എങ്കിലും ഒരുവിധ രാഷ്ട്രീയ ചർച്ചകളും അവിടെ ഉണ്ടാവാറില്ല. തെണ്ണൂറുകളിലാണ് ഞങ്ങൾ തിരുവനന്തപുരത്തേക്ക് താമസം മാറുന്നത് . കന്റോൺമെന്റ് ഹൗസിലും വാടകവീടുകളിലുമായി മാറിമാറിയുള്ള താമസം. അച്ഛനുമായി അകന്നു കഴിയേണ്ട സാഹചര്യം ഉണ്ടായിട്ടേയില്ല.
പ്രാധാന്യം
പഠനത്തിന്
പഠനകാര്യത്തിലാണ് അച്ഛൻ ഏറ്റവും വലിയ പ്രോത്സാഹനം തന്നിരുന്നത്. ഒരുപക്ഷെ അദ്ദേഹത്തിന് വിദ്യാഭ്യാസം പാതിവഴിയിൽ നിർത്തേണ്ടിവന്നതിന്റെ ദു:ഖം കാരണമാവാം അത്. പഠിച്ച് നല്ല നിലയിൽ എത്തണമെന്ന ആഗ്രഹം ഞങ്ങൾ മക്കളോട് അദ്ദേഹം പറയാറുണ്ടായിരുന്നു. ഞങ്ങളുടെ പഠനകാലത്തെന്ന പോലെ , പിന്നീട് ചെറുമക്കളെയും അദ്ദേഹം നിരന്തരം പ്രോത്സാഹിപ്പിച്ചിരുന്നു. രാഷ്ട്രീയത്തിലെ തിരക്കിനിടയിലും അച്ഛനും പുതിയ കാര്യങ്ങൾ പഠിക്കാൻ എപ്പോഴും ശ്രദ്ധിക്കും. കമ്പ്യൂട്ടർ സാങ്കേതിക വിദ്യ അടക്കം അദ്ദേഹം മനസിലാക്കി. മറ്റു ഭാഷകൾ പഠിക്കാനും പുതിയ അറിവുകൾ നേടാനും അദ്ദേഹം കാട്ടിയ നിതാന്ത ജാഗ്രത എടുത്തു പറയേണ്ടതാണ്.
തീരാത്ത
പോരാട്ടം
പാർട്ടി കെട്ടിപ്പടുക്കുന്നതിനും സമരങ്ങൾ സംഘടിപ്പിക്കുന്നതിനും നടത്തിയ പ്രവർത്തനങ്ങളും സമരപോരാട്ടങ്ങളിൽ അനുഭവിച്ച പീഡനങ്ങളും മാദ്ധ്യമങ്ങളോട് പലപ്പോഴായി പറയുന്നതു കേട്ടാണ് ആദ്യം അറിയുന്നത്. ഭാര്യയോടോ മക്കളോടോ അതൊന്നും വിശദീകരിക്കുന്ന സ്വഭാവം അദ്ദേഹത്തിനില്ല. ഇന്റർവ്യൂ എടുക്കാൻ മാദ്ധ്യമ പ്രതിനിധികൾ വരുമ്പോൾ പലപ്പോഴും ഞാനും അടുത്തിരിക്കും. അങ്ങനെയാണ് ഒരുപാട് കാര്യങ്ങൾ മനസിലാക്കിയത്.
കുട്ടനാട്ടിൽ ആദ്യകാലത്ത് പാർട്ടി സംഘടിപ്പിക്കാനുള്ള ചുമതല അച്ഛനായിരുന്നു. അവിടെ അന്ന് വാഹന സൗകര്യമൊന്നുമില്ല. വെള്ളപ്പൊക്കം ഉൾപ്പെടെ തരണം ചെയ്താണ് പല സ്ഥലത്തും പോവുക. പുന്നപ്ര വയലാർ സമരകാലത്തെ ഒളിജീവിതവും പൊലീസ് മർദ്ദനവുമൊക്കെ ഇങ്ങനെ അറിഞ്ഞിട്ടുള്ളതാണ്. ചില സന്ദർഭങ്ങളിൽ അറിയാനുള്ള താത്പര്യം കൊണ്ട് ആവർത്തിച്ച് ചോദിച്ചിട്ടുള്ളപ്പോൾ ചിലതൊക്കെ അദ്ദേഹം വിശദമാക്കിയിട്ടുണ്ട്. ജന്മിമാരുടെ പീഡനങ്ങളും തൊഴിലാളികൾ നേരിട്ടിട്ടുള്ള ദുരിതങ്ങളുമൊക്കെ....
നേരമ്പോക്കല്ല
വായന
അച്ഛന് ഏറ്റവും സന്തോഷമുള്ളത് പുസ്തക വായനയാണ്. വ്യത്യസ്ത വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ള പുസ്തകങ്ങൾ നിരന്തരം വായിക്കുമായിരുന്നു. ലോകത്തിന്റെ വികാസത്തിന് അനുസരണമായി സ്വയം ഉയരാനും അറിവ് നേടാനുമുള്ള ശ്രമത്തിന്റെ ഭാഗമായാകാം ഈ പരന്ന വായന. വായിക്കുന്നവയിൽ നിന്ന് കുറിപ്പുകൾ തയ്യാറാക്കി സൂക്ഷിക്കുന്ന പതിവുമുണ്ട്. അദ്ദേഹത്തിന്റെ ഹോബി വായനയെന്ന് വേണമെങ്കിൽ പറയാം.
പത്തുപതിനഞ്ചു വർഷം മുമ്പു മുതൽ പാട്ടു കേൾക്കുന്നതും താത്പര്യമാണ്. പ്രത്യേകിച്ച് ചാനലുകളിലും മറ്രും കുട്ടികളുടെ പാട്ടുകൾ വന്നാൽ അതീവ ശ്രദ്ധയോടെ കേട്ട് ആസ്വദിക്കും.
കൃത്യനിഷ്ഠയും
അച്ചടക്കവും
ചിട്ടയായ ജീവിതമാണ് അച്ഛന്റെ പ്രധാന പ്രത്യേകത. എല്ലാ കാര്യത്തിനും കൃത്യമായ സമയക്രമവും അടുക്കും ചിട്ടയുമുണ്ട്. മുൻകൂട്ടി നിശ്ചയിച്ചാവും ഓരോ ദിവസത്തെയും പ്രവർത്തനങ്ങൾ ക്രമപ്പെടുത്തുക. സത്യസന്ധതയും ഏർപ്പെടുന്ന വിഷയങ്ങളോടുള്ള പ്രതിബദ്ധതയുമാണ് മറ്റൊന്ന്. മറ്റുള്ളവർക്ക് എന്തെങ്കിലും സഹായമോ ആനുകൂല്യമോ കിട്ടാനുണ്ടെങ്കിൽ ആർക്കാണെങ്കിലും അതു ലഭ്യമായെന്ന് ഉറപ്പുവരുംവരെ അദ്ദേഹം പ്രവർത്തിക്കും.
അനീതിക്കും അതിക്രമങ്ങൾക്കുമെതിരായ പോരാട്ടത്തിനിറങ്ങിയാൽ വിജയത്തിൽ കുറഞ്ഞൊന്നും അദ്ദേഹത്തിനുണ്ടാവില്ല. അഴിമതിക്കെതിരായ നിലപാടാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. സ്വന്തം ദേഹത്ത് തെല്ലും അഴിമതിക്കറ പുരളാത്തതിനാൽ ഒരു വിട്ടുവീഴ്ചയുമില്ലാത്ത നിലപാടാണ് സ്വീകരിക്കാറുള്ളത്.
മൂന്നാർ കയ്യേറ്റ വിഷയം കത്തിനിൽക്കുന്ന സമയത്ത് അവിടേക്ക് യാത്ര വേണ്ടെന്ന് പലരും പറഞ്ഞു. കനത്ത മഞ്ഞും മലയുമൊക്കെ താണ്ടിയുള്ള യാത്ര വിഷമതകളുണ്ടാക്കുമെന്ന് പലരും മുന്നറിയിപ്പ് നൽകിയെങ്കിലും അതൊന്നും വകവയ്ക്കാതെ ഒറ്റപ്പോക്കാണ്.
മാംസം വേണ്ട,
മീൻ മാത്രം
ഭക്ഷണക്കാര്യത്തിൽ ഏതെങ്കിലും തരത്തിലുള്ള നിർബന്ധമില്ല. ഇറച്ചി വിഭവങ്ങൾ സാധാരണ കഴിക്കാറില്ല. മീൻ വിഭവങ്ങൾ കഴിക്കും. ഭക്ഷണത്തിന് സമയനിഷ്ഠ ഉണ്ടെങ്കിലും ഏതു ഭക്ഷണമെന്നതിന് വലിയ നിഷ്കർഷയില്ല. വിശ്രമത്തിലായ ശേഷം ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുള്ള ആഹാരം മാത്രം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |