വായ്പ തരപ്പെടാത്തത് പ്രതിസന്ധി
തിരുവനന്തപുരം: സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി വിഴിഞ്ഞം തുറമുഖ നിർമ്മാണത്തെയും ബാധിക്കുമെന്ന് ആശങ്ക. വയബിലിറ്റി ഗ്യാപ്പ് ഫണ്ട് വിഹിതം, അടിസ്ഥാന സൗകര്യ വികസനത്തിനടക്കം നൽകാൻ അടിയന്തരമായി 2600 കോടിയിലധികം വേണം. ഇതിനായി മന്ത്രിസഭായോഗത്തിന്റെ തീരുമാനപ്രകാരം വായ്പയ്ക്കായി ശ്രമിച്ചെങ്കിലും തരപ്പെട്ടില്ല.
വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഉടൻ നൽകണമെന്ന് അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ക്രെയിൻ ഉൾപ്പെടെ കൊണ്ടുവരുന്നതിന്റെ ചെലവുകൾക്കായി 2000 കോടിയോളം ഉടൻ കണ്ടെത്തേണ്ടതിനാൽ സർക്കാർ വിഹിതം സമയത്ത് കിട്ടിയില്ലെങ്കിൽ നിർമ്മാണം നീണ്ടുപോകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അടിസ്ഥാന സൗകര്യ വികസനത്തിനായി 338.61 കോടി അനുവദിക്കണമെന്ന് വിഴിഞ്ഞം കമ്പനി ആവശ്യപ്പെട്ടെങ്കിലും നൽകാനായത് 16.25 കോടി മാത്രം. അടുത്ത മേയിൽ ആദ്യഘട്ട ഉദ്ഘാടനം എന്ന ലക്ഷ്യവുമായി നീങ്ങുന്നതിനിടെയാണ് പ്രതിസന്ധി.
ഗ്യാരണ്ടിയിലെ സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഹഡ്‌കോയും നബാർഡും പിന്മാറിയതാണ് വായ്പ എടുക്കാൻ സർക്കാരിന് തടസമായത്. ഈ വായ്പ എടുത്താൽ അതും പൊതുകടത്തിന്റെ പരിധിയിൽ കേന്ദ്രം ഉൾപ്പെടുത്തുമോ എന്നും സർക്കാരിന് ആശങ്കയുണ്ട്. അത് പിന്നീട് മറ്റ് അത്യാവശ്യങ്ങൾക്കായി വായ്പ എടുക്കുന്നതിനെ തടസ്സപ്പെടുത്തും.
4089 കോടിയാണ് തുറമുഖ നിർമ്മാണച്ചെലവ്. ഇതിൽ 2454 കോടി അദാനി ഗ്രൂപ്പ് ചെലവാക്കുമെന്നാണ് കരാർ. ശേഷിക്കുന്ന 1,635 കോടി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വയബിലിറ്റി ഗ്യാപ്പ് ഫണ്ടായി നൽകണം. ഇതിന്റെ വിഹിതമായ 817.18 കോടിയും പുലിമുട്ട് നിർമ്മാണത്തിന് 1463 കോടിയും അടിസ്ഥാന സൗകര്യവികസനത്തിന് 363കോടിയുമാണ് സംസ്ഥാനം നൽകേണ്ടത്. പുലിമുട്ട് നിർമ്മാണത്തിന്റെ വിഹിതം ഗഡുക്കളായി നൽകാമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഒന്നുപോലും നൽകാനായില്ല.
വയബിലിറ്റി ഗ്യാപ്പ് ഫണ്ടിൽ 817.80 കോടി കേന്ദ്രവിഹിതമാണ്. സംസ്ഥാനം അനുവദിച്ചാൽ ഉടൻ ഇത് കൈമാറാമെന്നാണ് കേന്ദ്ര നിലപാട്.
വിഴിഞ്ഞത്തിന് നൽകേണ്ടത്
(കോടിയിൽ)
ആകെ
2643.18
വയബിലിറ്റി ഗ്യാപ്പ് ഫണ്ട്
817.18
പുലിമുട്ട് നിർമ്മാണം
1463
അടിസ്ഥാന സൗകര്യവികസനം
363
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |