തിരുവനന്തപുരം: കേരളീയം പരിപാടി ഉത്സവമായി സംഘടിപ്പിക്കുമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. അടുത്ത മാസം ഒന്ന് മുതൽ ഏഴ് വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന കേരളീയം പരിപാടിയെക്കുറിച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'സർക്കാർ പരിപാടിയായിട്ടുളള കേരളീയം ബഹുജന ശ്രദ്ധയെ ആകർഷിപ്പിക്കുന്നത് തരത്തിലുളള എല്ലാ ഒരുക്കങ്ങളും പൂർത്തീകരിച്ച് വരികയാണ്. വ്യത്യസ്ത വിഷയങ്ങളെക്കുറിച്ചുളള സെമിനാറുകൾ, കലാസാംസ്‌കാരിക പരിപാടികൾ തുടങ്ങിയവ ഉണ്ടാകും. ഇപ്പോൾ കണ്ണൂരിൽ ദസറ പോലെ അല്ലെങ്കിൽ വലിയ ജനപങ്കാളിത്തമുളള മൈസൂർ ദസറയെപോലും കവച്ച് വയ്ക്കത്തക്ക തരത്തിലുളള ആകർഷകമായ ബഹുജന കേന്ദ്രീകരണമുളള മഹോത്സവമായി കേരളീയം മാറുന്ന ലക്ഷണങ്ങാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്.
അതുകൊണ്ട് ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിന്റെ ഈ പരിപാടി വിജയിപ്പിക്കാൻ എല്ലാ തരത്തിലുളള ശ്രമങ്ങളും ഉണ്ടാകണം. കേരളത്തെ ലോകത്തിന് മുൻപിൽ ശ്രദ്ധിക്കുന്ന തരത്തിൽ മാറ്റാൻ ഇടതുപക്ഷ മുന്നണിയിലെ എല്ലാ ഘടക പാർട്ടികളും മുന്നോട്ടിറങ്ങി പ്രവർത്തിക്കണം. അവർ മാത്രമല്ല എല്ലാ പാർട്ടികളും എല്ലാ ജനങ്ങളും ഈ പരിപാടിയിൽ ഭാഗമാകാൻ മുന്നോട്ട് വരണമെന്നാണ് അഭ്യർത്ഥിക്കുന്നത്.
രണ്ടാമത്തെ കാര്യം നമ്മുടെ കേരളത്തിന്റെ സമഗ്രവികസനമാണ്. കേരളത്തിന്റെ എല്ലാ മണ്ഡലങ്ങളിലെയും പ്രശ്നങ്ങൾ മനസിലാക്കി പരിഹരിക്കാനായി മുഖ്യമന്ത്രി ഉൾപ്പടെ മറ്റ് മന്ത്രിമാരും വിവിധ മണ്ഡലങ്ങളിൽ ജനങ്ങളുമായി സംവദിക്കാനുളള പരിപാടിയുടെ ചർച്ചകൾ നടന്നുവരികയാണ്. എം എൽ എമാർ, എംപിമാർ, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ, വ്യത്യസ്ത മേഖലയിലെ പ്രമുഖൻമാർ, കലാസാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യകതികൾ, എല്ലാവരെയും പങ്കാളികളാക്കി ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനുളള മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും മണ്ഡല പര്യടന പരിപാടി നടപ്പിലാക്കും.ഈ പരിപാടിയിൽ എല്ലാ വിഭാഗം ആളുകളും സഹകരിക്കണം.എല്ലാവരും ഇത് വിജയമാക്കി തീർക്കണം.ഇതൊരു പുതിയ അനുഭവമാണ്. ഇതിൽ പങ്കാളികളാകാൻ കേരളത്തിൽ എല്ലാവരും ആഗ്രഹിക്കുന്നു എന്നതാണ് കണ്ടുവരുന്നത്.
രണ്ട് പരിപാടികളും വൻവിജയമാക്കി തീർക്കാൻ എല്ലാവരോടും അഭ്യർത്ഥിക്കുകയാണ്. കേരളീയം പരിപാടി ഉത്സവമായി തന്നെ സംഘടിപ്പിക്കും. സാമ്പത്തിക പ്രശ്നം പറഞ്ഞ് എല്ലാം മാറ്റിവയ്ക്കാൻ പറ്റുമോ. വികസനം മാറ്റി വയ്ക്കാൻ പറ്റുമോ.ആശുപത്രി കാര്യങ്ങൾ മാറ്റിവയ്ക്കാൻ പറ്റുമോ. നമുക്ക് നമ്മുടെതായിട്ടുളള കാര്യങ്ങളൊക്കെ നിർവ്വഹിച്ച് പോകണം. അത് ഭംഗിയായി നിർവ്വഹിക്കാനുളളതാണ് സർക്കാർ ചെയ്യുന്നത്. അതിൽ തന്നെ യാതൊരു ധൂർത്തുമുണ്ടാകില്ല.
ഇവിടെ പരിപാടി ആരംഭിച്ച് കഴിഞ്ഞിട്ടില്ല. അതിന് മുൻപ് തന്നെ ധൂർത്ത്. ഇതാണ് തെറ്റായ പ്രചാരണ രീതികൾ. അതുകൊണ്ട് തന്നെ സർക്കാർ നിരവധി സ്‌പോൺസർമാരെ കണ്ടെത്തുകയും ജനങ്ങളുടെ സഹായം കൊണ്ടും ചിലവ് കുറഞ്ഞ രീതിയിലും ആവശ്യമുളള കാര്യങ്ങൾ ഭംഗിയായി നിർവ്വഹിക്കുക എന്നതാണ്. ആ ഒരു കാഴ്ചപ്പാടാണ് സർക്കാരിനുളളത്. ഒരു തരത്തിലുളള ധൂർത്തും ഉണ്ടാകില്ല. പ്രത്യേകിച്ച് ആ കാര്യങ്ങളിലൊക്കെ കണിശത വച്ച് പുലർത്തുന്നതാണ് ഇടതുപക്ഷ ഗവൺമെന്റ്.
പരിപാടി തുടങ്ങുന്നതിന് മുൻപ് തന്നെ ഇത്തരത്തിലുളള പ്രചാരണം ഇത് ദുർബലപ്പെടുത്താൻ വേണ്ടി മാത്രമാണ്. അത് യഥാർത്ഥത്തിൽ സത്യസന്ധതയുളള ഒരു അഭിപ്രായമായിട്ടെനിക്ക് തോന്നുന്നില്ല.' ഇ പി ജയരാജൻ പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ കേരളീയം പരിപാടിക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. കേരളീയം ധൂർത്തും അഴിമതിയുമാണെന്നും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ ഇങ്ങനെയൊരു മാമാങ്കം ആളുകളെ കബളിപ്പിക്കാനാണ് നടത്തുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |