SignIn
Kerala Kaumudi Online
Saturday, 27 July 2024 7.57 AM IST

ഗാസയിൽ യുദ്ധം ശക്തമാകുന്നതിനിടെ ജമ്മു കാശ്‌മീരിൽ സുരക്ഷ വർദ്ധിപ്പിക്കാൻ തീരുമാനം; ഉന്നതതല യോഗത്തിൽ ചർച്ചയായി പാക് നീക്കവും

official-meeting

ഗാസ: ഹമാസ്- ഇസ്രായേൽ യുദ്ധം ശക്തമാകുന്നതിനിടെ ഇതിന്റെ പ്രതിഫലനം ജമ്മു കാശ്‌മീരിലും ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ. തെരുവ് പ്രതിഷേധങ്ങളും വിദേശ തീവ്രവാദികളുടെ സാന്നിദ്ധ്യവും ജമ്മുവിൽ അധികം താമസിയാതെ ഉണ്ടാകാനിടയുണ്ടെന്ന സൂചനകളുടെ അടിസ്ഥാനത്തിൽ സുരക്ഷാ സംവിധാനങ്ങളുടെ അവലോകനം നടത്താനുള്ള നീക്കത്തിലാണ് രാജ്യത്തെ സുരക്ഷാ ഏജൻസികൾ. പുതിയ സുരക്ഷാ നടപടികൾ സ്വീകരിക്കാനും ആലോചനയുണ്ട്. 2019ൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ ജമ്മുവിൽ തെരുവ് പ്രതിഷേധങ്ങൾ ഗണ്യമായി കുറഞ്ഞിരുന്നു.

സുരക്ഷാ നടപടികൾ അവലോകനം ചെയ്യുന്നതിനായി ജമ്മുവിലെ ഉന്നത ഉദ്യോഗസ്ഥരും സുരക്ഷാ ഏജൻസികളുമായി ശ്രീനഗറിൽ കഴിഞ്ഞദിവസം ഉന്നതതല യോഗം ചേർന്നു. പുതിയ സുരക്ഷാക്രമീകരണങ്ങളെക്കുറിച്ചും പ്രതിഷേധങ്ങൾ ഉണ്ടായാൽ തടയുന്നതിനെക്കുറിച്ചും ചർച്ച ചെയ്തതായി ഒരു ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചു. ഗാസയിലെ സ്ഥിതിഗതികൾ കാശ്‌മീരികൾ സൂക്ഷമമായി നിരീക്ഷിക്കുകയാണ്. തെരുവ് പ്രതിഷേധങ്ങൾ ഉണ്ടാകാൻ ഇടയുണ്ടെന്ന് സൂചനയുണ്ട്. ഇത് ക്രമസമാധാന തകർച്ചയ്ക്ക് കാരണമാകുമെന്ന് ഭയമുണ്ടെന്നും ഉന്നത ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

പ്രദേശത്ത് വിദേശ തീവ്രവാദികളുടെ എണ്ണം വർദ്ധിച്ചതായി മറ്റൊരു ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. പ്രാദേശിക റിക്രൂട്ട്‌മെന്റുകൾ കുറഞ്ഞതാണ് ഇതിന് കാരണം. ഈ വർഷം സുരക്ഷാ സേനകൾ വധിച്ച 46 തീവ്രവാദികളിൽ 37 പേർ പാകിസ്ഥാനികളായിരുന്നു. ഒൻപത് പേർ മാത്രമായിരുന്നു പ്രദേശവാസികൾ. ജമ്മു കാശ്‌മീരിൽ 33 വർഷമായി തുടരുന്ന ഭീകരവാദ പ്രവർത്തനങ്ങളിൽ ഇതാദ്യമായാണ് പ്രാദേശിക തീവ്രവാദികളേക്കാൾ വിദേശികൾ വധിക്കപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ജമ്മു താഴ്‌വരകളിൽ 130 തീവ്രവാദികളാണ് പ്രവർത്തിക്കുന്നത്. ഇവരിൽ പകുതിയും വിദേശികളാണ്. പാകിസ്ഥാൻ കൂടുതൽ തീവ്രവാദികളെ ജമ്മുവിലേയ്ക്ക് അയക്കുകയാണെന്നും മലനിരകളിലും മറ്റും ഒളിച്ചിരിക്കുന്നുവരും താഴെ താഴ്‌വരകളിലെത്തി ഭീകരപ്രവർത്തനങ്ങൾ നടത്തുമെന്ന് ഭയക്കുന്നുവെന്നും ന്യൂഡൽഹിയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.

ജമ്മു കാശ്‌മീർ ലെഫ്‌റ്റനന്റ് ഗവർണറുടെ ഉപദേഷ്ടാവായ ആർ ആർ ഭട്ട്‌നഗറായിരുന്നു യോഗത്തിലെ അദ്ധ്യക്ഷൻ. സേനാ കമാൻഡർ ഉപേന്ദ്ര ദ്വിവേദി, ജമ്മു കാശ്‌മീർ ഡി ജി പി, ചിനാർ കോർപ്‌സ് കമാൻഡർ, സേനയിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GAZA, GAZA CRISIS, JAMMU KASHMIR, SECURITY MEASURES, OFFICIAL MEETING, SRINAGAR
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.