ടെൽ അവീവ്: ഗാസയിൽ സഹായ വിതരണ കേന്ദ്രങ്ങളിലെത്തുന്ന ജനങ്ങൾക്കുനേരെ ആക്രമണം തുടർന്ന് ഇസ്രയേൽ. ഇന്നലെ മദ്ധ്യ ഗാസയിലെ നെത്‌സാരിമിന് തെക്ക് ഭക്ഷണ വിതരണ ട്രക്കുകളെ കാത്തുനിന്ന 25 പാലസ്തീനികളെ ഇസ്രയേൽ സൈന്യം വെടിവച്ചുകൊന്നു.
ആൾക്കൂട്ടത്തിനിടയിൽ നിന്ന് തങ്ങൾക്കുനേരെ വന്ന തീവ്രവാദികളെയാണ് വെടിവച്ചെതെന്ന് ഇസ്രയേൽ സൈന്യം പ്രതികരിച്ചു. ഇവർക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായും മറ്റുള്ളവരും അപകടത്തിൽപ്പെട്ടെന്ന് മനസിലാക്കുന്നെന്നും സംഭവം പരിശോധിച്ചുവരികയാണെന്നും കൂട്ടിച്ചേർത്തു. കടുത്ത ഭക്ഷ്യക്ഷാമത്തിന് നടുവിലാണ് ഗാസയിലെ ജനങ്ങൾ.
മേയ് അവസാനം മുതൽ 400ലേറെ പേർ ഭക്ഷ്യ വിതരണ കേന്ദ്രങ്ങൾക്ക് സമീപമുണ്ടായ ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടെന്നാണ് കണക്ക്. അതേസമയം, ആകെ 48 പേരാണ് ഗാസയിൽ ഇന്നലെ മാത്രം കൊല്ലപ്പെട്ടത്. ഇതേവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 55,700 കടന്നു. ജലവിതരണ സംവിധാനങ്ങൾ തകർന്ന ഗാസ രൂക്ഷമായ വരൾച്ചയിലേക്ക് നീങ്ങുകയാണെന്ന് യു.എൻ മുന്നറിയിപ്പ് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |