കൊച്ചി: ഏഴ് ജില്ലകളിലെ 1500ൽ പരം വിദ്യാർത്ഥികൾ ട്രാക്കിലും ഫീൽഡിലും മാറ്റുരയ്ക്കുന്ന സി.ബി.എസ്.ഇ. ക്ളസ്റ്റർ 11 അത്ലറ്റിക് മീറ്റിന് നാളെ പൂത്തോട്ട ശ്രീനാരായണ പബ്ളിക് സ്കൂൾ ഗ്രൗണ്ടിൽ തുടക്കമാകും. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള സ്കൂളുകളാണ് മീറ്റിൽ പങ്കെടുക്കുന്നത്. മൂന്ന് വിഭാഗങ്ങളിൽ 66 ഇനങ്ങളിലാണ് മത്സരങ്ങൾ.
നാളെയും മറ്റന്നാളുമായി നടക്കുന്ന മത്സരങ്ങൾ രാവിലെ ആറ് മുതൽ ആരംഭിക്കും. വൈകിട്ട് 5.30 വരെ തുടരും.
എസ്.എൻ.ഡി.പി യോഗം പൂത്തോട്ട ശാഖയുടെയും സ്കൂളിന്റെയും നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് മീറ്റിനായി സജ്ജീകരിച്ചിട്ടുള്ളത്. പ്രാതലും ഊണും ലഘുഭക്ഷണങ്ങളും സ്കൂളിൽ തന്നെ വിതരണം ചെയ്യും. സുസജ്ജമായ മെഡിക്കൽ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മത്സരങ്ങൾ യൂട്യൂബിൽ ലൈവായി സംപ്രേഷണവും ചെയ്യും.
പൂത്തോട്ടയ്ക്ക് അഭിമാനമാകുന്ന ഗ്രൗണ്ട്
സി.ബി.എസ്.ഇ. ക്ളസ്റ്റർ 11 അത്ലറ്റിക് മീറ്റിനായി പൂത്തോട്ടയിൽ ഒരുക്കിയിട്ടുള്ളത് ജില്ലയിലെ തന്നെ ഏറ്റവും വലിയ ഗ്രൗണ്ടുകളിലൊന്നാണ്. ശ്രീനാരായണ പബ്ളിക് സ്കൂളിന്റെ നിലവിലുണ്ടായിരുന്ന ഗ്രൗണ്ട് കൂടുതൽ സ്ഥലം ചേർത്ത് വികസിപ്പിക്കുകയായിരുന്നു. എല്ലാ മത്സര ഇനങ്ങളും ഒരേ ഗ്രൗണ്ടിൽ തന്നെയാണ് നടക്കുക. 110 മീറ്റർ നീളവും 80 മീറ്റർ വീതിയുമുള്ള ഗ്രൗണ്ടിൽ അത്ലറ്റിക്സും ത്രോ ഇനങ്ങളും ഒരേ സമയം നടത്താനാകും. അഞ്ചൂറോളം പേർക്ക് ഇരിക്കാനാവുന്ന ഗ്യാലറിയും ഒരുക്കിയിട്ടുണ്ട്. തൃപ്പൂണിത്തുറ സബ് ജില്ലാ കായികമേളയും ദിവസങ്ങൾക്ക് മുമ്പ് ഇതേ ഗ്രൗണ്ടിലാണ് നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |