കോട്ടയം: സഹകരണസംഘങ്ങൾ വഴി നെല്ല് സംഭരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചതോടെ രണ്ടാം കൃഷിയുടെ നെല്ല് സംഭരണം പാളുമെന്ന ഭീതിയിൽ കർഷകർ. സപ്ലൈകോ നെല്ല് സംഭരിക്കുകയും സ്വകാര്യമില്ലുകൾ അരിയാക്കി തിരിച്ചുനൽകുന്നതായിരുന്നു നിലവിലെ സംവിധാനം.
പാലക്കാട് മേഖലയിൽ സഹകരണസംഘങ്ങൾ സജീവമായതിനാൽ പരീക്ഷണാടിസ്ഥാനത്തിൽ സംഭരണം സംഘങ്ങളെ ഏൽപ്പിക്കാനായിരുന്നു ആലോചന. കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലും സംഭരണചുമതല സജീവമല്ലാത്ത സംഘങ്ങളെ ഏൽപ്പിക്കുന്നത് പാളുമെന്നും കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ മന്ത്രിസഭായോഗം തീരുമാനം കർഷകരിൽ വലിയ ആശയക്കുഴപ്പമാണ് സൃഷ്ടിക്കുന്നത്.
സഹകരിക്കാതെ ഭൂരിപക്ഷം മില്ലുകളും
ഒന്നാം കൃഷിയുടെ നെല്ല് സംഭരിച്ചത് 60 മില്ലുകളായിരുന്നുവെങ്കിൽ രണ്ടാം കൃഷിയിൽ 10 മില്ലുകളേ സമ്മതപത്രം നൽകിയുള്ളു. 100 കിലോ നെല്ല് സംഭരിച്ചാൽ 68 കിലോ അരി തിരിച്ചുനൽകണമെന്നായിരുന്നു സർക്കാർ നിർദ്ദേശം. ഈർപ്പം കണക്കിലെടുത്ത് 64.5 കിലോ അരിയെ കിട്ടൂ എന്നാണ് മില്ലുകളുടെ വാദം. കുറവ് വരുന്ന മൂന്നര കിലോ അരിയുടെ നഷ്ടം വഹിക്കാനാവില്ലെന്ന മില്ലുകളുടെ നിലപാട് സർക്കാർ അംഗീകരിക്കാതെ വന്നതോടെ ഭൂരിപക്ഷം മില്ലുകൾ കരാറിൽ ഒപ്പിട്ടില്ല. ഈ സാഹചര്യത്തിലാണ് നെല്ല് സംഭരണം സഹകരണസംഘങ്ങളെ ഏൽപ്പിക്കാൻ മന്ത്രിസഭാ തീരുമാനമായത്.
സർക്കാർ ഉടമസ്ഥതയിൽ മില്ലുകൾ: 2
ഇവയ്ക്ക് കപ്പാസിറ്റി
സർക്കാർ ഉടമസ്ഥതയിൽ പാലക്കാടും വെച്ചൂരുമായി രണ്ട് മില്ലുകളാണുള്ളത്. സംഭരിക്കുന്ന നെല്ലിന്റെ നാലിലൊന്ന് പോലും സൂക്ഷിക്കാനോ അരിയാക്കാനോ കപ്പാസിറ്റി ഇവയ്ക്കില്ല. സ്വകാര്യ മില്ലുകളുടെ ചൂഷണം ഒഴിവാക്കാൻ സംഘങ്ങൾ നെല്ല് സംഭരിക്കുന്നത് നല്ലതാണെങ്കിലും അരിയാക്കി മാറ്റാൻ സ്വകാര്യമില്ലുകളെ ആശ്രയിക്കണം. ക്വിന്റലിന് മൂന്നര കിലോ അരി കുറച്ചേ അവർ നൽകൂ എന്നതിനാൽ മാറ്റം ഉണ്ടാകുന്നില്ല.
സംഭരിക്കുന്ന നെല്ല് സൂക്ഷിക്കാൻ ഗോഡൗൺ സൗകര്യവും സഹകരണ സംഘങ്ങൾക്കില്ല. വാടകക്ക് എടുക്കേണ്ടി വരുന്ന ചെലവ് ആര് വഹിക്കുമെന്നതും പ്രശ്നമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |