കണ്ണൂർ പൊലീസിന് മുന്നിൽ 41 ലക്ഷം നഷ്ടമായ വ്യക്തി പരാതിയുമായെത്തി
കണ്ണൂർ: കൈയിലുള്ള പണം എത്രയും പെട്ടെന്ന് ഇരട്ടിപ്പിക്കാനുള്ള ആഗ്രഹം മൂലം തട്ടിപ്പുകളിൽ കുടുങ്ങുന്നവരുടെ എണ്ണം കുറയുന്നില്ല. ഇന്നലെ കണ്ണൂർ ടൗൺ പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളിലൊന്ന് ലാഭം വർദ്ധിപ്പിക്കാമെന്ന വ്ഗാദനത്തിന്റെ പേരിൽ ഓഹരിനിക്ഷേപം നടത്താൻ നൽകിയ 41 ലക്ഷം നഷ്ടപ്പെട്ടുവെന്നതായിരുന്നു. ഫേസ് ബുക്കിൽ കണ്ട വാഗ്ദാനം വിശ്വസിച്ചായിരുന്നു ഇദ്ദേഹം ഇത്രയും തുക പരസ്യത്തിലെ ഫോൺ നമ്പറിൽ കണ്ട ആൾക്ക് അയച്ചുകൊടുത്തത്.
ഇന്ത്യൻ ഓഹരി വിപണിയിൽ പണം നിക്ഷേപിച്ച് ലാഭം ലഭിക്കാനുള്ള ടിപ്സ് വാഗ്ദാനം ചെയ്താണ് കാർത്തികേയൻ ഗണേശൻ എന്ന് പരിചയപ്പെടുത്തിയ ആൾ പരാതിക്കാരന്റെ വിശ്വാസം നേടിയത്. ചിക്കാഗോയിലെ ക്രെസറ്റ് അസെറ്റ് മാനേജ്‌മെന്റ് എൽ.എൽ.സി എന്ന സ്ഥാപനം തന്റേതാണെന്ന് പരിചയപ്പെടുത്തുകയും ചെയ്തു. ഈയാൾ പറഞ്ഞതുപ്രകാരം പരാതിക്കാരന അഞ്ചോളം കമ്പനികളുടെ ഷെയർ ഇടപാട് നടത്തി ലാഭം നേടി. ഇതിന് ശേഷം അമേരിക്കൻ ഷെയർ മാർക്കറ്റിൽ നിക്ഷേപിക്കുന്നതിന് പരാതിക്കാരനെ പ്രേരിപ്പിച്ചു. തട്ടിപ്പുകാരൻ തന്നെ അക്കൗണ്ടിന്റെ ലിങ്ക് വാട്ട്സ്ആപ്പ് വഴി അയച്ചുനൽകുകയായിരുന്നു. ഈ അക്കൗണ്ടിലായിരുന്നു ഷെയർ മാർക്കറ്റിൽ ഇടാനുള്ള പണം അയച്ചത്. പല ഘട്ടങ്ങളായി 41 ലക്ഷം രൂപ ഇങ്ങൻെ അയച്ചുകൊടുക്കുകയും ചെയ്തു. ഇതിനിടയിൽ അക്കൗണ്ടിൽ ബാലൻസ് കണ്ട തുക പിൻവലിക്കാൻ ശ്രമിച്ചപ്പോൾ സാധിക്കാതെ വന്നതോടെയാണ് പരാതിക്കാരൻ പൊലീസിനെ സമീപിച്ചത്.കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്‌പെക്ടർ ബിനു മോഹന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
വേണ്ടത് ജാഗ്രതയെന്ന് പൊലീസ്
സമാനമായ നിരവധി ഓൺലൈൻ തട്ടിപ്പുകളാണ് ഈ അടുത്ത കാലങ്ങളിലായി പലസ്ഥലങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെടുന്നത്.ഓൺലൈൻ പ്ലാറ്റ് ഫോം വഴി പരിചയപെടുന്നവരെ അമിതമായി വിശ്വസിക്കാതിരിക്കുക. പണം നൽകുന്നതിന് മുമ്പ് ഇത്തരം സ്ഥാപനങ്ങളുടെ അധികാരികത ഉറപ്പുവരുത്തുക.
സൈബർ പൊലീസ് ഹെൽപ് ലൈൻ 1930
നിക്ഷേപത്തിന് മുൻപ് പഠിക്കണം
സ്‌റ്റോക്ക് മാർക്കറ്റിലെ പുതിയ നിക്ഷേപകരെയാണ് തട്ടിപ്പുകാർ ഉന്നം വെയ്ക്കുന്നത്. മാസത്തിൽ പത്ത് ശതമാനം ആദായം വിപണിയിൽ നിന്ന് തരുമെന്ന വാഗ്ദാനമാണ് ഫോണിലൂടെയും വെബ്‌സൈറ്റിലൂടെയും കമ്പനികൾ നൽകുന്നത്. മാസം 10,000 രൂപ വീതം നിക്ഷേപിച്ചാൽ 5 വർഷം കൊണ്ട് 3.3 കോടി രൂപ ലഭിക്കുമെന്നതാണ് തട്ടിപ്പുകാരുടെ വാഗ്ദാനം. ഓഹരി വിപണിയിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർ ഓഹരി വിപണിയെ പറ്റി മികച്ച പഠനം നടത്തി മാത്രം നിക്ഷേപിക്കണം.
മോഹിപ്പിക്കും ഓഫറുകൾ
നിക്ഷേപത്തിന് ദിവസവും 1 ശതമാനം മുതൽ 5 ശതമാനം വരെ ആദായം നൽകുന്നതും ചുരുങ്ങിയ കാലത്തിനുള്ളിൽ ഇരട്ടിയാകുന്നതുമായ നിക്ഷേപങ്ങളെ അവഗണിക്കണം. 1 വർഷം കൊണ്ടും രണ്ട് വർഷം കൊണ്ടും നിക്ഷേപം ഇരട്ടിപ്പിക്കുന്നതാണ് മറ്റൊരു തട്ടിപ്പ്. 12 ശതമാനം ആദായം ലഭിച്ചൽ 6 വർഷമെടുക്കും ഇരട്ടിക്കാൻ. 10 ശതമാനം ആദായം ലഭിച്ചാൽ 7 വർഷം കാത്തിരിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |