കണ്ണൂർ: കണ്ണൂർ ഡി.സി.സി മുൻ പ്രസിഡന്റും കോൺഗ്രസ് രാഷ്ട്രീയത്തിലെ സൗമ്യസാന്നിദ്ധ്യവുമായിരുന്ന സതീശൻ പാച്ചേനിയുടെ വിയോഗത്തിന് ഇന്ന് ഒരു വയസ്. അദ്ദേഹത്തിന്റെ സ്മരണയ്ക്ക് പയ്യാമ്പലത്ത് ഒരുക്കിയ സ്മൃതികുടീരം ഇന്നു രാവിലെ 9ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അനാച്ഛാദനം ചെയ്യും. രാവിലെ 9.30ന് കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരന്റെ നേതൃത്വത്തിൽ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടക്കും.
തുടർന്ന് രാവിലെ 10 മണിക്ക് നവനീതം ഓഡിറ്റോറിയത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളനം കെ.സുധാകരൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് നേതൃകൺവൻഷൻ നടക്കും.
പാച്ചേനിയുടെ കുടുംബത്തിന് ഡി.സി.സി പരിയാരം അമ്മാനംപാറയിൽ നിർമ്മിക്കുന്ന ഇരുനില വീട് അവസാനഘട്ടത്തിലാണ്. രണ്ടു മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാകുമെന്ന് ഡി.സി.സി. പ്രസിഡന്റ് മാർട്ടിൻ ജോർജ് പറഞ്ഞു. ഡി.സി.സി പ്രസിഡന്റായിരിക്കെ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആസ്ഥാനമന്ദിരം നിർമ്മിക്കാനായി സ്വന്തം വീടെന്ന സ്വപ്നം മാറ്റിവെച്ച് സതീശൻ പാച്ചേനി കൈയിലുണ്ടായിരുന്ന പണമെടുത്ത് ചെലവഴിച്ചിരുന്നു സതീശൻ പാച്ചേനി. സ്വന്തമായി വീടില്ലാത്തതിനാൽ സഹോദരൻ സുരേഷിന്റെ വീട്ടിലായിരുന്നു പാച്ചേനിയുടെ മൃതദേഹം പൊതുദർശനത്തിന് വച്ചത്.
കണ്ണൂർ മാവിച്ചേരി കേസിലെ പ്രതിയും ജില്ലയിലെ കമ്മ്യൂണിസ്റ്റ് കർഷക പോരാട്ടങ്ങൾക്ക് ഒരു കാലത്ത് നേതൃത്വം നൽകുകയും ചെയ്ത പാച്ചേനി ഉറുവാടന്റെ കൊച്ചുമകനായ സതീശൻ കോൺഗ്രസ് രാഷ്ട്രീയത്തിലേക്ക് തിരഞ്ഞതിന്റെ പേരിൽ റേഷൻ കാർഡിൽ നിന്ന് പോലും പുറത്താക്കപ്പെട്ടയാളായിരുന്നു.
അവസാന കാലത്ത് ഇൻഷുറൻസ് കമ്പനി മാനേജർ
സംസ്ഥാനത്തെ അറിയപ്പെടുന്ന നേതാവായിട്ടും അവസാന കാലത്ത് കുടുംബം പുലർത്താൻ ഇൻഷുറൻസ് കമ്പനി മാനേജരെന്ന ജോലിയിലേക്ക് തിരിയുകയായിരുന്നു സതീശൻ പാച്ചേനി. തോളുരുമ്മി നടന്ന നേതാക്കൾ പോലും ഇത് അറിഞ്ഞിരുന്നില്ല. 2021ൽ ഡിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറിയതോടെ പാർട്ടിയിൽ ചുമതലകൾ ഇല്ലാതായി. ഈ സാഹചര്യത്തിലാണ് പഞ്ചാബ് നാഷണൽ ബാങ്കിന്റെ മെറ്റ്‌ലൈഫ് ഇൻഷുറൻസ് മാനേജർ ഒഴിവിലേക്ക് അപേക്ഷിച്ച പാച്ചേനി തിരഞ്ഞെടുക്കപ്പെട്ടത്. 2022 ജൂണിൽ ഫീൽഡ് വർക്കുമായി അദ്ദേഹം ഇറങ്ങുകയും ചെയ്തു.
തന്റെ പൊതുപ്രവർത്തന രംഗത്തെ ഏറ്റവും വലിയ ദുഖം സതീശൻ പാച്ചേനിയുടെ വിയോഗമാണ്. ആ സ്‌നേഹ സാന്നിധ്യം ഇപ്പോഴും കൂടെയുണ്ടെന്ന വിശ്വസിക്കാനാണ് കോൺഗ്രസുകാർക്കിഷ്ടം. ജില്ലയിലെ പ്രവർത്തകരുടെ മനസ്സിൽ അദ്ദേഹം എന്നും വികാരമായി നിലനിൽക്കും.''
അഡ്വ. മാർട്ടിൻ ജോർജ്,( ഡി.സി.സി. പ്രസിഡന്റ്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |