ആലപ്പുഴ: എലിപ്പനി, ഡങ്കിപ്പനി പോലുള്ള പകർച്ച വ്യാധികൾ തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ജില്ല കളക്ടർ ജോൺ വി.സാമുവലിന്റെ അദ്ധ്യക്ഷതയിൽ അവലോകനം ചെയ്തു. രോഗ പ്രതിരോധത്തിനായി ഉദ്യോഗസ്ഥ തലത്തിൽ തന്നെ ബോധവത്കരണം നടത്തണം. എല്ലാ വകുപ്പുകളുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനങ്ങൾ കൊണ്ടു മാത്രമേ പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമാവുകയുള്ളൂവെന്നും ബോധവത്കരണ കാമ്പയിനുകൾ ആകർഷകമായ രീതിയിൽ നടപ്പാക്കണമെന്നും കളക്ടർ പറഞ്ഞു. യോഗത്തിൽ ഡി.എം.ഒ (ആരോഗ്യം) ഡോ.ജമുന വർഗീസ്, മറ്റ് ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
മലിനജലത്തെ കരുതണം
എലിയുടെ മാത്രമല്ല, നായ, പൂച്ച, കന്നുകാലികൾ തുടങ്ങിയവയുടെ മൂത്രത്തിലൂടെ രോഗാണുക്കൾ മണ്ണിലും വെള്ളത്തിലും കലരാനിടയുണ്ട്. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവർ, ശുചീകരണ തൊഴിലാളികൾ, കൃഷിപ്പണിയിൽ ഏർപ്പെട്ടിരിക്കുന്നവർ, കന്നുകാലി പരിചരണത്തിൽ ഏർപ്പിട്ടിരിക്കുന്നവർ, മീൻപിടുത്തക്കാർ, ഓട, കുളം എന്നിവ വൃത്തിയാക്കുന്നവർ, പീലിംഗ് ഷെഡിൽ ജോലി ചെയ്യുന്നവർ, നിർമ്മാണ തൊഴിലാളികൾ തുടങ്ങി മണ്ണും വെള്ളവുമായി ഇടപെടാൻ സാദ്ധ്യതയുള്ളവർക്കും മലിനമായ വെള്ളത്തിലോ മണ്ണിലോ ഇറങ്ങുന്നവർക്ക് എലിപ്പനി ബാധിക്കാനുള്ള സാദ്ധ്യത കൂടുതലാണ്. കൈകാലുകളിൽ മുറിവുണ്ടെങ്കിൽ മുറിവുകളിലൂടെ രോഗാണു വളരെ പെട്ടെന്ന് ശരീരത്തിലേക്ക് കടക്കുന്നു. മലിനമായ വെള്ളം കണ്ണിൽ വീഴുക, മലിനമായ വെള്ളം ഉപയോഗിച്ച് മുഖം കഴുകുകൽ, വായ കഴുകൽ തുടങ്ങിയവ പാടില്ല.
പ്രതിരോധം
# ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശപ്രകാരം ഡോക്‌സി സൈക്ലിൻ ഗുളിക ആഴ്ചയിൽ ഒരിക്കൽ കഴിക്കണം
#കട്ടി കൂടിയ റബ്ബർ കാലുറകളും കൈയുറകളും ധരിച്ച് മാത്രം ശുചീകരണം നടത്തുക
# മുറിവുകൾ മണ്ണും വെള്ളവും കടക്കാത്തവിധം സുരക്ഷിതമായി ബാൻഡേജ് ഉപയോഗിക്കുക
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |