കൊല്ലം: മുഖത്തല കല്ലുവെട്ടാംകുഴിയിൽ വിനോദയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ യുവാക്കളെ ലഹരി സംഘം ആക്രമിച്ചു. ആക്രമണത്തിൽ കീഴണ്ടൂർ വീട്ടിൽ നിഷാന്ത് (38), പറകുറ്റിയിൽ വീട്ടിൽ രാഹുൽ മോഹൻ എന്നിവർക്ക് തലയ്ക്ക് പരിക്കേറ്റു. സംഭവത്തിൽ നടുവിലിക്കര ലേഖ നിവാസിൽ ആദിത്യ ശങ്കർ(19), നടുവിലക്കര മീനാക്ഷി ഭവനിൽ അനന്തു(22) എന്നിവരെ കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രി 12 ഓടെയായിരുന്നു സംഭവം. വിനോദ യാത്രാ വാഹനത്തിൽ നിന്നും ഇറങ്ങി വീട്ടിലേക്ക് പോകുകയായിരുന്ന യുവാക്കളെ ബൈക്കിലെത്തിയ ലഹരി സംഘം മാരകയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. അക്രമത്തിൽ തലയ്ക്കു പരിക്കേറ്റ രാഹുൽ മോഹനെ ഹോസ്പിറ്റലിൽ കൊണ്ടുപോകുന്നതിനായി വന്ന നിഷാന്തിനെയും പ്രതികൾ ആക്രമിച്ചു.
പ്രദേശത്ത് ലഹരി വില്പന സംഘങ്ങൾ വ്യാപകമാകുന്നതായും ദൂരെ സ്ഥലങ്ങളിൽ നിന്നും ലഹരിവസ്തുക്കൾ കൊണ്ടുവരുന്ന ഒരു കൂട്ടം യുവാക്കൾ പ്രദേശത്തെ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് വൻതുകയ്ക്ക് വില്പന നടത്തിവരികയാണെന്നും പ്രദേശവാസികൾ പറയുന്നു. അക്രമിസംഘത്തിലെ മറ്റുള്ളവർ ഒളിവിലാണ്. പരിക്കേറ്റവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |