പാലാ : വേദന കടിച്ചമർത്തി മരിയ ജയ്‌സൺ ഗോവയിൽ ദേശീയ ഗെയിംസിലെ പോൾവോൾട്ട് മത്സരത്തിന്റെ പിച്ചിലേക്ക് ഇറങ്ങുമ്പോൾ പ്രാർത്ഥനയോടെ കാത്തിരിക്കുകയായിരുന്നു ഏഴാച്ചേരി നിവാസികൾ. ഒടുവിൽ വെള്ളിയിലേക്കുള്ള ആ ചാട്ടം ജന്മനാട് ആഹ്ലാദത്തോടെയാണ് വരവേറ്റത്. അഞ്ച് മാസം മുൻപ് കാലിലെ രണ്ട് വിരലുകളിൽ പൊട്ടലുണ്ടായതിനെ തുടർന്ന് ഒരു മത്സരവേദിയിലേക്കും ഇറങ്ങാതെ മരിയ കാത്തിരിക്കുകയായിരുന്നു. പിന്നീടാദ്യം ഓപ്പൺ നാഷണൽ മീറ്റിലാണിറങ്ങിയത്. മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. തുടർന്ന് ദേശീയ ഗെയിംസിൽ മത്സരിക്കാൻ ഗോവയ്ക്ക് വണ്ടികയറി. മത്സരഫലം വീട്ടുകാർ ടി.വിയിൽ കണ്ടുകൊണ്ടിരിക്കത്തന്നെ മരിയ വീട്ടിലേക്ക് വിളിച്ചു. ''എല്ലാം ഈശ്വരാനുഗ്രഹം''! ദക്ഷിണ റെയിൽവേയിൽ ബംഗളൂരുവിൽ ക്ലർക്കായി ജോലി ചെയ്യുന്ന മരിയ ആദ്യം പോൾവോൾട്ടിലും പിന്നീട് ട്രിപ്പിൾ ജമ്പിലുമാണ് മത്സരിച്ചിരുന്നത്. കടുത്ത പേശിവേദനയെ തുടർന്നാണ് വീണ്ടും പോൾവോൾട്ടിലേക്ക് മടങ്ങിയത്. പ്രഥമ ഏഷ്യൻ സ്‌കൂൾ മീറ്റിൽ പോൾവോൾട്ടിൽ വെള്ളി മെഡൽ നേടിയിട്ടുള്ള മരിയ വേൾഡ് സ്‌കൂൾ മീറ്റിലും വേൾഡ് യൂണിവേഴ്‌സിറ്റി മീറ്റിലും പങ്കെടുത്തിട്ടുണ്ട്. ഏഴാച്ചേരി കരിങ്ങോഴയ്ക്കൽ ജയ്‌സൺ - നൈസി ദമ്പതികളുടെ മകളാണ്. ബോണി, നെവിൻ എന്നിവരാണ് സഹോദരങ്ങൾ. അടുത്തയാഴ്ച നാട്ടിലേക്ക് എത്തുന്ന മരിയക്ക് ഗംഭീര സ്വീകരണമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഏഴാച്ചേരി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |