മുണ്ടക്കയം ഈസ്റ്റ് : വനംവകുപ്പ് കാടുകയറ്റിയെന്ന് അവകാശപ്പെട്ട കാട്ടാനക്കൂട്ടം ചെന്നാനപ്പാറ മേഖലയിലെ കൃഷിയിടങ്ങളിൽ
വ്യാപകനാശം വിതച്ചു. ഇന്നലെ നേരം പുലർന്നപ്പോൾ പ്രദേശവാസികൾ കേട്ടത് കൂട്ടം ചിന്നംവിളിയാണ്. പിന്നാലെ തോട്ടം തൊഴിലാളികളുടെ നിലവിളിയും. പുലർച്ചെ ടാപ്പിംഗ് തൊഴിലാളികളാണ് ആദ്യം ആനയെ കണ്ടത്. പണിയായുധങ്ങളടക്കം ഉപേക്ഷിച്ച് എല്ലാവരും ഓടിരക്ഷപ്പെട്ടു. പിന്നീട് കാട്ടാനക്കൂട്ടം ടാപ്പിംഗ് വസ്തുക്കളും, റബർ മരങ്ങളും, ചവിട്ടിമെത്തിച്ചു. 28 ഓളം ആനകളാണ് ചെന്നാപ്പാറ എ. ഡിവിഷൻ, വള്ളിയങ്കാവ് മേഖലകളിൽ ഭീതി വിതച്ചത്. ടി.ആർ.ആൻഡ്.ടി എസ്റ്റേറ്റിലൂടെ നടന്നു വന്ന ആനകൾ കണ്ണിൽ കണ്ടതെല്ലാം നശിപ്പിച്ചു. ചെന്നാപ്പാറ മുകളിൽ നിന്ന് ഓടിച്ച ആനകളെ കൂട്ടത്തോടെ ഇ.ഡി കെ വനത്തിലേക്ക് അയച്ചെന്നാണ് വനവകുപ്പ് അറിയിച്ചത്. 34 ആനകൾ ഇക്കൂട്ടത്തിലുണ്ടായിരുന്നു.
ഇതിൽ കുറച്ച് ആനകൾ വനാതിർത്തി വഴി സഞ്ചരിച്ച് വീണ്ടും ചെന്നാപ്പാറയിൽ എത്തുകയായിരുന്നു.
വെടിവച്ച് സ്ഥലം കാലിയാക്കി വനംവകുപ്പ്
കാട്ടാന ആക്രമണം ഉണ്ടാകുമ്പോൾ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വെടിവച്ച് സ്ഥലംവിടുകയാണ് പതിവ്. എന്നാൽ വെടിയൊച്ച കേട്ട് കുറച്ചുനേരം മാത്രം കാട്ടാനക്കൂട്ടം പ്രദേശത്ത് മാറിനിൽക്കും. പിന്നീട് വീണ്ടും കാട് ഇറങ്ങും. രാഷ്ട്രീയ പാർട്ടികളും സാമൂഹിക - സാംസ്കാരിക സംഘടനകളും നിരവധി പ്രക്ഷോഭങ്ങൾ നടത്തിയിട്ടും വനംവകുപ്പിന് കുലുക്കമില്ല. മുണ്ടക്കയം മതമ്പ റോഡിലൂടെ പകൽ സമയത്ത് കാട്ടാനക്കൂട്ടം വിഹരിക്കുന്നത് നടയാത്രക്കാരെയും ഭീതിയിലാഴ്ത്തുകയാണ്. വീതി കുറഞ്ഞ റോഡാണിത്.
''ജനങ്ങളെ സംരക്ഷിക്കേണ്ട അധികൃതർ തന്നെ കൈയൊഴിഞ്ഞാൽ നാടുവിട്ട് സുരക്ഷിത മേഖലയ്ക്ക് പാലായനം ചെയ്യേണ്ട അവസ്ഥയിലാണ്. ഇങ്ങനെ കൃഷി ചെയ്യുന്നതെന്തിനാണെന്ന് ചിലപ്പോൾ ഓർത്തുപോകും. ഏക്കർകണക്കിന് കൃഷിയിടമാണ് കാട്ടാനകൾ നശിപ്പിച്ചത്. വന്യമൃഗശല്യത്തിന് പരിഹാരം കാണാൻ ഇനിയെങ്കിലും അധികൃതർ മുൻകൈയെടുക്കണം.
-രാജശേഖരൻ, കർഷകൻ
ഇന്നലെ എത്തിയത് 28 കാട്ടാനകൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |