കോട്ടയം : നിരോധിത പുകയില ഉത്പന്നങ്ങൾ വ്യാപകമായി പിടികൂടിയിട്ടും നിയമത്തിലെ പഴുത് മുതലെടുത്ത് വീണ്ടും കളത്തിലിറങ്ങി മാഫിയ സംഘം. വിവിധ ഫ്ലേവറുകളിലുള്ള വ്യാജ സിഗരറ്റും ഹാൻസ്, കൂൾ, ശംഭു അടക്കമുള്ളവ പെട്ടിക്കടകളിൽ സുലഭമാണ്. വൻ ലാഭത്തിൽ വിൽക്കുന്ന ഇവ പിടികൂടിയാലും പിഴയടച്ച് രക്ഷപ്പെടാം. ശബരിമല സീസണാകുമ്പോഴേക്കും അതിർത്തി കടന്ന് വൻതോതിൽ നിരോധിത പുകയില ഉത്പന്നങ്ങൾ എത്തുമെന്നാണ് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ്. അന്യസംസ്ഥാന തൊഴിലാളികളാണ് ഉപഭോക്താക്കളിലേറെയും. ഇവരുടെ ക്യാമ്പുകളിൽ ബണ്ടിൽ കണക്കിന് എത്തിച്ച് നൽകുന്നവരുമുണ്ട്. എന്നാൽ വിൽക്കുന്നതിന്റെ ഒരംശം മാത്രമേ പിടികൂടുന്നുള്ളൂ. എക്സൈസും പൊലീസും ലഹരി സംഘങ്ങളുടെ പിന്നാലെയായതും ഇക്കൂട്ടർക്ക് തുണയാകുന്നു.
കുറഞ്ഞ റിസ്ക്, കൊള്ളലാഭം
കുറഞ്ഞ റിസ്കിൽ കൊള്ളലാഭമുണ്ടാക്കാമെന്നതാണ് നിരോധിത പുകയില വില്പനയിലേക്ക് ആളുകൾ തിരിയാൻ കാരണം. കുമളി, ആര്യങ്കാവ് ചെക്ക് പോസ്റ്റുകൾ വഴിയാണ് കടത്ത് വ്യാപകം. പരിശോധനകൾ തകൃതിയായി നടക്കുമ്പോഴും അധികൃതരുടെ കണ്ണ് വെട്ടിച്ച് ഇവ അതിർത്തി കടത്തുകയാണ്. ആഡംബരക്കാർ, പച്ചക്കറി വണ്ടി, കെ.എസ്.ആർ.ടി.സി ബസ് എന്നിവയാണ് കടത്തിനായി ഉപയോഗിക്കുന്നത്. ജില്ലയിലെത്തിയാൽ ചെറിയ പായ്ക്കറ്റുകളിലാക്കി വിവിധ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകുകയാണ്. അഞ്ചു രൂപയിൽ താഴെ ലഭിക്കുന്ന ഒരു പായ്ക്കറ്റ് വിൽക്കുന്നത് എഴുപത് രൂപയ്ക്ക് മുകളിൽ. ലാഭം പത്ത് ഇരട്ടിയോളം.
5 രൂപയിൽ താഴെ ലഭിക്കുന്ന ഒരു പായ്ക്കറ്റ് വിൽക്കുന്നത് 70 രൂപയ്ക്ക് മുകളിൽ.
ജാമ്യം, പിഴ 200 രൂപ
പുകയില ഉത്പന്നങ്ങളുടെ നിർമാണവും ഉപയോഗവും തടയൽ നിയമം (കോപ്ട) പ്രകാരമാണ് കേസ്. പിഴ വെറും 200 രൂപ മാത്രം. സ്‌കൂളിന് സമീപത്ത് വിൽക്കുകയോ വിദ്യാർത്ഥികൾക്ക് നൽകുകയോ ചെയ്താൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം റിമാൻഡ് ചെയ്യാൻ കഴിയും. എന്നാൽ ഇക്കാര്യം കോടതിയിൽ തെളിയിക്കാൻ പ്രയാസമായതിനാൽ പലപ്പോഴും ശിക്ഷ ലഭിക്കാറില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |