കൊട്ടിയൂർ: പാൽച്ചുരം റോഡിന് സമാന്തരമായി ബദൽ പാത നിർമിക്കുന്നതിനായുള്ള പ്രാഥമിക പരിശോധന പൂർത്തിയായി.കേരള റോഡ് ഫണ്ട് ബോർഡ് എൻജിനിയർമാരും വനം വകുപ്പും സംയുക്തമായി പാൽച്ചുരം മുതൽ പ്രാഥമിക പരിശോധന നടത്തിയത്.കഴിഞ്ഞ ദിവസവും പരിശോധന നടത്തിയിരുന്നെങ്കിലും പൂർത്തിയായിരുന്നില്ല.
പാൽച്ചുരം പള്ളിക്ക് സമീപത്തുനിന്നും ആരംഭിച്ച് ആശ്രമം ജംക്ഷന് താഴേക്കൂടി പാൽച്ചുരം വെള്ളച്ചാട്ടം കടന്ന് ശ്രീലങ്കൻ കുന്നു വഴി പഴയ കൂപ്പ് റോഡ് കടന്ന് തലപ്പുഴ നാൽപത്തിമൂന്നാം മൈലിൽ എത്തുന്ന രീതിയിലാണ് പുതിയ പാത.
മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ കോഴിക്കോട് ചേർന്ന മേഖലാ അവലോകന യോഗത്തിൽ പാൽച്ചുരം റോഡിന് ബദൽ എന്ന ആശയം മുന്നോട്ട് വെച്ചതിന്റെ അടിസ്ഥാനത്തിൽ കിഫ്ബി സ്ഥലം ഒന്നുകൂടി പരിശോധിക്കണമെന്ന നിർദ്ദേശമുയരുകയായിരുന്നു. തുടർന്നാണ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന നടന്നത്.
സംരക്ഷിതവനം ഒഴിവാക്കി ഹെയർപിൻ വളവുകൾ ഇല്ലാത്ത ചുരം രഹിത പാതയാണ് പരിഗണിക്കുന്നത്. ബദൽ പാത എന്ന നിലയിൽ പാതയ്ക്ക് സാദ്ധ്യതയുണ്ടെന്ന് പരിശോധനയ്ക്ക് ശേഷം എക്സിക്യുട്ടീവ് എൻജിനിയർ ഷിബു കൃഷ്ണ പറഞ്ഞു.ഇദ്ദേഹത്തിന് പുറമെ അസി.എക്സിക്യുട്ടീവ് എൻജിനിയർ സജിത്ത്, എൻജിനിയർ റോജി, കൊട്ടിയൂർ റേഞ്ച് ഓഫീസർ സുധീർ നരോത്ത് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
സമാന്തരപാത ഇങ്ങനെ
പാൽച്ചുരം പള്ളി-ആശ്രമം ജംഗ്ഷന് താഴെ- പാൽച്ചുരം വെള്ളച്ചാട്ടം - ശ്രീലങ്കൻ കുന്നു -പഴയ കൂപ്പ് റോഡ് -തലപ്പുഴ നാൽപത്തിമൂന്നാം മൈൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |