ഇരിട്ടി: യുകെ വിസ വാഗ്ദാനം ചെയ്ത് ബന്ധുക്കളുടെ പക്കൽ നിന്നും പണം തട്ടിയ കർണാടക ഉപ്പനങ്ങാടിയിലെ കുപ്പട്ടിയിലുള്ള മജ്ജേ വീട്ടിലെ താമസക്കാരി മിനിമോൾ മാത്യു (58)വിനെ തൃശ്ശൂരിലെ കുണ്ടൻ ചേരിയിലെ വാടക വീട്ടിൽ വച്ച് ഉളിക്കൽ സി.ഐ സുധീർ കല്ലനും സംഘവും അറസ്റ്റ് ചെയ്തു . ആറളം, ഉളിക്കൽ സ്റ്റേഷനിൽ ഇവർക്ക് എതിരെ ബന്ധുക്കൾ നൽകിയ പരാതി പ്രകാരം പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളിൽ ഒരാളായ മിനി പിടിയിലായത്. പൊലീസ് എത്തിയ വിവരം അറിഞ്ഞ കൂട്ടുപ്രതിയായ മകൾ ശ്വേത ഒളിവിൽ പോയിരിക്കുകയാണ്.
കണ്ണൂർ ജില്ലയിൽ തന്നെ ആറളം, ഉളിക്കൽ, ശ്രീകണ്ഠപുരം സ്റ്റേഷനുകളിൽ ഇവർക്കെതിരെ 40 ലക്ഷത്തോളം രൂപ കബളിപ്പിച്ചതായി ആണ് ബന്ധുക്കൾ പരാതി നൽകിയിരിക്കുന്നത് . സമാനമായ തട്ടിപ്പിൽ കോട്ടയത്തും തൃശ്ശൂരും ഇവരുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മംഗളൂരു ഭാഗത്ത് ഇവർക്കെതിരെ സമാനമായ നാലോളം തട്ടിപ്പ് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കർണ്ണാടകയിലെ വീട്ടിൽ നിന്നും തൃശൂരിലേക്ക് താമസം മാറിയ ഇവർ സമാന രീതിയിലുള്ള തട്ടിപ്പാണ് ഇവിടെയും ആസൂത്രണം ചെയ്തത്. ഉളിക്കൽ സി.ഐ സുധീർ കല്ലന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ ഉളിക്കൽ എസ്.ഐ സതീശൻ, ആറളം സി.ഐ പ്രേമരാജൻ, സി.പി.ഒ സുമതി എന്നിവരും അംഗങ്ങളായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |