തൃശൂർ: ലാവ്‌ലിൻ കേസിൽ പിണറായി വിജയൻ പണമുണ്ടാക്കി പാർട്ടിക്ക് കൈമാറിയെന്നാണ് തനിക്ക് കിട്ടിയ വിവരമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. തൃശൂരിൽ കോൺഗ്രസ് നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേസിൽ വിധി പറയരുതെന്നാണ് ഭരണകൂടത്തിന്റെ നിർദ്ദേശം. ഭരണകൂടത്തെ ജഡ്ജിമാർക്ക് ഭയമാണ്. 37 തവണയാണ് കേസ് മാറ്റിയത്. സ്വർണക്കള്ളക്കടത്ത് കേസുണ്ടായിട്ടും പിണറായി പ്രതിയാകുന്നില്ല. ഇത് മോദിയുടെ കാരുണ്യമാണ്.
എല്ലായിടത്ത് നിന്നും കമ്മിഷൻ അടിക്കാനാണ് ശ്രമം. പണമുണ്ടാക്കാൻ എന്തും ചെയ്യുന്നയാളായി പിണറായി മാറി. ബി.ജെ.പിയും സി.പി.എമ്മും തമ്മിൽ അന്തർധാരയുണ്ട്. കോൺഗ്രസ് പ്രവർത്തകർ മണ്ഡല തലത്തിൽ ചാരിറ്റി പ്രവർത്തനം നടത്തണമെന്നും പ്രവർത്തകർക്കിടയിൽ തമ്മിലടി പാടില്ലെന്നും സുധാകരൻ പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.സി.സി സെക്രട്ടറി വിശ്വനാഥ പെരുമാൾ, കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ, എം.പിമാരായ ടി.എൻ.പ്രതാപൻ, ബെന്നി ബഹനാൻ, രമ്യ ഹരിദാസ്, സനീഷ് കുമാർ ജോസഫ് എം.എൽ.എ, കെ.പി.സി.സി സെക്രട്ടറി കെ.എം.ബാബുരാജ്, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ, ടി.യു.രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |