ആലപ്പുഴ: ദേശീയപാത നിർമ്മാണത്തിനുവേണ്ടിയുള്ള മണ്ണെടുപ്പിനെച്ചൊല്ലി നാട്ടുകാരുടെ പ്രതിഷേധം സംഘർഷത്തിലെത്തി. ആലപ്പുഴ നൂറനാട് മറ്റപ്പള്ളിയിൽ മണ്ണെടുക്കാൻ എത്തിയ ലോറികൾ നാട്ടുകാർ തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്. മാവേലിക്കര എം എൽ എയ്ക്ക് മർദനമേറ്റതായും പരാതിയുണ്ട്.
പുലർച്ചെ നാലുമണിയോടെയാണ് ആദ്യത്തെ പ്രതിഷേധം ഉണ്ടായത്.ഇതിനുശേഷം രാവിലെ ഒമ്പതുമണിയോടെ മാവേലിക്കര എം എൽ എ എം എസ് അരുൺകുമാറിന്റെ നേതൃത്വത്തിൽ പുനലൂർ- കായംകുളം റോഡുപരോധിച്ചു. ഇവരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റുചെയ്യാൻ ശ്രമിച്ചതോടെ സംഘർഷം വീണ്ടും കനക്കുകയായിരുന്നു. സ്ത്രീകൾ ഉൾപ്പടെ നൂറുകണക്കിന് പേരാണ് റോഡ് ഉപരോധിച്ചത്. ഇതിനിടയിലാണ് എം എൽ എയ്ക്ക് മർദ്ദനമേറ്റതെന്നാണ് പരാതി. മറ്റുചില പ്രതിഷേധക്കാർക്കും മർദനമേറ്റതായി പരാതിയുണ്ട്. പൊലീസ് വസ്ത്രം വലിച്ചുകീറിയെന്നാണ് പ്രതിഷേധത്തിൽ പങ്കെടുത്ത സ്ത്രീകൾ ആരോപിക്കുന്നത്. പൊലീസ് മണ്ണുമാഫിയയ്ക്ക് കൂട്ടുനിൽക്കുന്നുവെന്നാണ് എം എൽ എ പറയുന്നത്. .
നിരന്തരമുള്ള മണ്ണെടുപ്പ് കാരണം കുടിവെള്ള ടാങ്ക് തകരുമെന്നാണ് നാട്ടുകാരുടെ ആശങ്ക. നേരത്തേ മണ്ണെടുപ്പിനെതിരെ നാട്ടുകാർ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കാര്യമുണ്ടായില്ല. നൂറുകണക്കിന് പേരാണ് ലോറികൾ തടഞ്ഞുള്ള പ്രതിഷേധത്തിനെത്തിയത്. ഇതിനുശേഷമാണ് എം എൽ എയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചത്. ഇതോടെ സ്ഥലത്ത് വൻ പൊലീസ് സംഘം എത്തുകയായിരുന്നു. പൊലീസ് സ്ഥലത്തുനിന്ന് പിൻവാങ്ങണമെന്നായി നാട്ടുകാർ. തുടർന്നാണ് പ്രതിഷേധത്തിൽ പങ്കെടുത്തവരെ അറസ്റ്റുചെയ്ത് നീക്കാനുളള നടപടികൾ പൊലീസ് തുടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |