
കാസർകോട് : കുമ്പള അനന്തപുരം അനന്തപത്മനാഭ സ്വാമി തടാകക്ഷേത്രത്തിന്റെ കുളത്തിലുണ്ടായിരുന്ന ബബിയ മുതല ചത്തതിനു പിന്നാലെ മറ്റൊരു മുതല പ്രത്യക്ഷപ്പെട്ടു. ക്ഷേത്രം പൂജാരി സുബ്രഹ്‌മണ്യ ഭട്ടും ഭാരവാഹികളും ഇക്കാര്യം സ്ഥിരീകരിച്ചതോടെ ദർശനത്തിനായി വിശ്വാസികളുടെ തിരക്കാണ്.
ക്ഷേത്രത്തിലെ ദൈവത്തിന്റെ കാവൽക്കാരനായി നിലകൊണ്ടിരുന്ന ബബിയ എന്ന മുതല 2022 ഒക്ടോബർ ഒമ്പതിനാണ് വിടവാങ്ങിയത്.
കാഞ്ഞങ്ങാട് സ്വദേശിയായ ഒരാളാണ് പുതിയ മുതലയെ ആദ്യം കണ്ടത്. പിന്നാലെ ക്ഷേത്രത്തിലുള്ളവരും കണ്ടെന്ന് സേവാസമിതി പ്രസിഡന്റ് അനന്തപുരം സുനിൽ 'കേരള കൗമുദി'യോട് പറഞ്ഞു. ശനിയാഴ്ച വൈകിട്ടോടെയാണ് മുതല കുളത്തിലുള്ളതായി അധികൃതർ സ്ഥിരീകരിച്ചത്.
കുളത്തിന് അകത്തായുള്ള മടയിലാണ് പഴയ ബബിയ കഴിഞ്ഞുവന്നിരുന്നത്. പൂജ കഴിഞ്ഞു മണിയടിക്കുമ്പോൾ നിവേദ്യച്ചോറിനായി പുറത്തിറങ്ങുമായിരുന്നു. രാത്രി ശ്രീകോവിലിനു മുന്നിൽ കാവൽ കിടക്കുന്നതും ബബിയ ആയിരുന്നു. ക്ഷേത്രാചാരങ്ങളോടെയാണ് ബബിയയുടെ സംസ്കാരം നടത്തിയത്.
വേജിറ്റേറിയൻ മുതല
ക്ഷേത്ര തടാകത്തിലെ ബബിയ വെജിറ്റേറിയനായിരുന്നു. മേൽശാന്തി രാത്രി നട അടച്ചുപോയാൽ ക്ഷേത്രസന്നിധിയിലെത്തുന്ന ബബിയ പുലർച്ചെ ഗേറ്റ് തുറക്കുമ്പോൾ തിരികെ മടങ്ങുമായിരുന്നു. ബബിയയ്ക്കു മുന്നിൽ പൂജാരി പുരുഷ സൂക്തവും വിഷ്ണു സൂക്തവുമെല്ലാം ചൊല്ലി പ്രാർത്ഥന നടത്തിയിരുന്നു. നിവേദ്യം മാത്രമായിരുന്നു ഭക്ഷണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |