
മലപ്പുറം: 12 വർഷത്തിലൊരിക്കൽ നടക്കുന്ന ഹൈന്ദവ തീർത്ഥാടക സംഗമമായ കുംഭമേളയ്ക്ക് കേരളവും ഒരുങ്ങുന്നു. മലപ്പുറം ജില്ലയിലെ തിരുനാവായയിൽ നാവാമുകുന്ദ ക്ഷേത്ര സമക്ഷം ഭാരതപ്പുഴയുടെ തീരമാണ് തീർത്ഥാടക സംഗമ ഭൂമിയാവുക. 16 മുതൽ ഫെബ്രുവരി മൂന്നുവരെയാണ് കേരളത്തിലെ കുംഭമേളയായ മഹാമാഘം നടക്കുക. 2028ൽ വിപുലമായ മഹാമാഘം ആഘോഷിക്കാനാണ് തീരുമാനം. അതിന് മുന്നോടിയായുള്ള ഒരുക്കമെന്ന നിലയിലാണ് ഇപ്പോൾ ചടങ്ങുകൾ നടത്താനൊരുങ്ങുന്നത്.
രാജ്യത്തെ ഏറ്റവും വലിയ സന്യാസ സമൂഹമായ ജുന അഖാഡ നേതൃത്വം നൽകും. ഭാരതപ്പുഴയിലെ സ്നാനം, ഭാരതപ്പുഴയെ അമ്മയായി ആരാധിക്കുന്ന ചടങ്ങായ നിളാ ആരതി, ആചാര്യന്മാരുടെ ആത്മീയ പ്രഭാഷണങ്ങൾ, ജപം, സന്ന്യാസിമാരെ നമസ്‌കരിക്കൽ, സാംസ്കാരിക പരിപാടികൾ തുടങ്ങിയവ നടക്കും. ക്ഷേത്രങ്ങളിൽ നിന്നെത്തുന്നവർ അവിടുത്തെ ദീപവുമായി വന്ന് നാവാമുകുന്ദയിൽ സ്ഥാപിക്കുന്ന അഖണ്ഡ ജ്യോതിയിൽ ചേർക്കും. അവർക്ക് മാഘ വൃക്ഷമായ ആൽ മരത്തിന്റെ തൈ നൽകും. നടുന്ന സമയത്ത് രക്ഷാദേവതയായി സങ്കല്പിച്ച് കുംഭമേളയിൽ നിന്ന് ലഭിച്ച തീർത്ഥമൊഴിക്കണം. എല്ലാ ദിവസവും ഓരോ സന്യാസി പരമ്പരയുടെ ആചാര്യന്മാർ സ്നാനത്തിനും പ്രഭാഷണങ്ങൾക്കും നേതൃത്വം നൽകും.
മാതാ അമൃതാനന്ദമയി, ആചാര്യ മഹാമണ്ഡലേശ്വർ സാമി അവധേശാനന്ദ ഗിരി മാഹാരാജ് മുഖ്യരക്ഷാധികാരികളും ദേവസ്വം മന്ത്രി വി.എൻ. വാസവൻ, മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഒ.കെ. വാസു, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. രവീന്ദ്രൻ, ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ വി.കെ.വിജയൻ ഉൾപ്പെടെയുള്ളവർ രക്ഷാധികാരികളാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |