തൃശൂർ: സിവിൽ സ്റ്റേഷനിലുള്ള തൃശൂർ ജില്ലാ ശിശുസംരക്ഷണ ഓഫീസിൽ നെഗറ്റീവ് എനർജി പുറന്തള്ളാൻ പ്രാർത്ഥന നടത്തിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ. സബ് കളക്ടർക്കാണ് അന്വേഷണത്തിന്റെ ചുമതല.
ആഴ്ചകൾക്കുമുമ്പാണ് ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ നേതൃത്വത്തിൽ പ്രാർത്ഥന നടത്തിയത്. ഓഫീസ് സമയത്ത് വൈകിട്ട് നാലരയോടെയായിരുന്നു സ്പെഷ്യൽ പ്രാർത്ഥന. ഇതിൽ പങ്കെടുക്കണമെന്ന് എല്ലാ ജീവനക്കാരോടും ശിശുസംരക്ഷണ ഓഫീസർ ആവശ്യപ്പെട്ടിരുന്നു. ചൈൽഡ് ലൈൻ പ്രവർത്തകർക്ക് ഉൾപ്പടെ ഇതിൽ പങ്കെടുക്കേണ്ടിവന്നു. ഇതിൽ ഒരാളാണ് ളോഹ ധരിച്ച് ബൈബിളുമെടുത്ത് പ്രാർത്ഥന നടത്തിയതെന്നാണ് ശിശു ക്ഷേമ ഓഫീസർക്കെതിരായ പരാതിയിൽ പറയുന്നത്. പ്രാർത്ഥനയിൽ പങ്കെടുക്കാൻ ഒട്ടുമിക്കവർക്കും താൽപ്പര്യം ഇല്ലായിരുന്നെങ്കിലും കരാർ നിയമനമായതിനാൽ മേലധികാരിയെ പിണക്കാനാവാത്തതിനാൽ അവരും പങ്കെടുത്തു. ഓഫീസറുമായുള്ള പ്രശ്നങ്ങൾകാരണം അടുത്തിടെ നിരവധി താൽക്കാലിക ജീവനക്കാരാണ് ജോലി മതിയാക്കിയത്.
ഓഫീസിൽ പ്രശ്നങ്ങളുണ്ടാവുന്നത് നെഗറ്റീവ് എനർജി മൂലമാണെന്നാണ് ഓഫീസർ പറഞ്ഞിരുന്നത്. ഇത് ഒഴിവാക്കിയാൽ പ്രശ്നങ്ങൾ തീരുമെന്നായിരുന്നു പറഞ്ഞിരുന്നത്. അതിനുവേണ്ടിയാണ് പ്രാർത്ഥന നടത്തിയത്. ഇത് പുറത്തറിഞ്ഞതോടെയാണ് വിവാദമായതും അന്വേഷണം ഉണ്ടായതും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |