കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലും കള്ളപ്പണയിടപാടിലും നേരിട്ടു പങ്കുള്ള മുഴുവൻ പേരെയും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) രണ്ടാം ഘട്ട അന്വേഷണത്തിൽ അറസ്റ്റ് ചെയ്യും. ഒപ്പം ഒത്താശ ചെയ്തവരെയും അറസ്റ്റ് ചെയ്യും. കൂടാതെ ബിനാമികളുടെ സ്വത്തും കണ്ടുകെട്ടും.
നാലു പ്രതികളെ അറസ്റ്റു ചെയ്‌ത് 60 ദിവസത്തിനകം പ്രാഥമിക കുറ്റപത്രം സമർപ്പിച്ച ഇ.ഡി രണ്ടാംഘട്ട അന്വേഷണം ആരംഭിച്ചു. ആദ്യഘട്ടത്തിൽ 55 പ്രതികളുണ്ട്. അന്തിമകുറ്റപത്രത്തിൽ പ്രതികളുടെ എണ്ണം വർദ്ധിച്ചേക്കും. കരുവന്നൂർ കേന്ദ്രീകരിച്ചായിരുന്നു ആദ്യഘട്ട അന്വേഷണം. രണ്ടാം ഘട്ടത്തിൽ തൃശൂർ, പെരിങ്ങണ്ടൂർ, അയ്യന്തോൾ സഹകരണ ബാങ്കുകളിൽ കേന്ദ്രീകരിക്കും.
കരുവന്നൂരിൽ തട്ടിയെടുത്ത പണം ഈ ബാങ്കുകളിലൂടെ മറിച്ചതിന് തെളിവുണ്ട്. തട്ടിപ്പിന് ഒത്താശ നൽകിയവർക്ക് മറ്റു ബാങ്കുകളിലൂടെയും വിഹിതം കൈമാറിയെന്ന നിഗമനത്തിലാണ് ഇ.ഡി. വിഹിതം ലഭിച്ചവരെയും പ്രതികളാക്കും.
അറസ്റ്റിലായ സി.പി.എം നേതാവ് പി.ആർ. അരവിന്ദാക്ഷൻ, പി. സതീഷ്‌കുമാർ എന്നിവരുടെ ബാങ്കിടപാടുകൾ സംബന്ധിച്ച രേഖകൾ പെരിങ്ങണ്ടൂർ സഹകരണ ബാങ്ക് സെക്രട്ടറിയിൽ നിന്ന് വാങ്ങിയിട്ടുണ്ട്. ഇവയും റെയ്ഡിൽ ലഭിച്ച രേഖകളും വിലയിരുത്തി ബിനാമിയിടപാടുകൾ കണ്ടെത്താമെന്നാണ് പ്രതീക്ഷ.
പ്രതികൾ മാപ്പുസാക്ഷികളാകും
ആദ്യ കുറ്റപത്രത്തിൽ പ്രതികളാക്കിയ ഏതാനുംപേരെ മാപ്പുസാക്ഷിയാക്കിയേക്കും. തട്ടിപ്പിൽ പങ്കുള്ള രാഷ്ട്രീയനേതാക്കളെപ്പറ്റി വിവരം നൽകാൻ കഴിയുന്നവരെയാണ് ഇതിനായി തിരഞ്ഞെടുക്കുക. ഇവരെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തും. ഇതുസംബന്ധിച്ച നിയമോപദേശവും ഇ.ഡി തേടിയിട്ടുണ്ട്.
87.75 കോടിയുടെ സ്വത്ത് കണ്ടുകെട്ടി
വായ്പ തിരിച്ചടയ്ക്കാത്തവർ, തട്ടിപ്പ് തുക പറ്റിയവർ, ഇതിലുപയോഗിച്ച് വാങ്ങിടിയ സ്ഥാവരജംഗമ വസ്തുക്കൾ, നിക്ഷേപം തുടങ്ങിയവയുടെ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. കള്ളപ്പണയിടപാടുകളിലൂടെ നേടിയ സ്വത്ത് വിൽക്കാൻ ചിലർ ശ്രമിക്കുന്നതായി ഇ.ഡി കണ്ടെത്തിയിരുന്നു. ഇവ കണ്ടുകെട്ടുമെന്നും ഇ.ഡി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 87.75 കോടിയുടെ സ്വത്തുക്കളാണ് ഇതുവരെ കണ്ടുകെട്ടിയത്. അപ്പീൽസമയമായ മൂന്നുമാസം കഴിഞ്ഞാൽ സ്ഥിരമായി കണ്ടുകെട്ടുമെന്നും ഇ.ഡി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |