SignIn
Kerala Kaumudi Online
Thursday, 19 February 2026 1.34 AM IST

കോഴിക്കോട് സൈനബ കൊലക്കേസ്; പ്രതി സമദ് റിമാൻഡിൽ, കൂട്ടുപ്രതിക്കായി തമിഴ്‌നാട്ടിൽ തെരച്ചിൽ

Increase Font Size Decrease Font Size Print Page
sainaba

കോഴിക്കോട്: വീട്ടമ്മയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി കൊക്കയിൽ തള്ളിയ കേസിലെ പ്രതി മലപ്പുറം താനൂർ കുന്നുംപുറം സമദ് (52) റിമാൻഡിൽ. കോഴിക്കോട് കുറ്റിക്കാട്ടൂർ വടക്കെ വിരപ്പൊയിൽ വീട്ടിൽ സൈനബയാണ് (52) കൊല്ലപ്പെട്ടത്. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്‌ട്രേറ്റിന് മുന്നിൽ ഇന്നലെ രാത്രിയാണ് സമദിനെ ഹാജരാക്കിയത്. കേസിലെ കൂട്ടുപ്രതിയായ ഗൂഡല്ലൂർ സ്വദേശി സുലൈമാന് വേണ്ടി തമിഴ്‌നാട്ടിൽ തെരച്ചിൽ നടത്തുകയാണ് പൊലീസ്.

സൈനബയെ കാണാനില്ലെന്ന് ഭർത്താവ് ജെയിംസ് എന്ന മുഹമ്മദലി കസബ പൊലീസിന് ഈ മാസം എട്ടിന് പരാതി നൽകിയിരുന്നു. ഏഴിനാണ് വീട്ടമ്മെ കാണാതായത്. സെക്യൂരിറ്റി ജോലിക്കാരനായ ഭർത്താവ് നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ സൈനബ ഉണ്ടായിരുന്നില്ല. സൈനബയുടെ ഫോണിലേക്ക് സമദ് വിളിച്ചതായി സൈബർ പൊലീസ് കണ്ടെത്തി.

12ന് മലപ്പുറത്ത് നിന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ സമദ് കുറ്റം സമ്മതിക്കുകയായിരുന്നു. പണവും സ്വർണവും കൈക്കലാക്കാനാണ് സുലൈമാനുമായി ചേർന്ന് കൊലനടത്തിയതെന്നും സൈനബയെ വർഷങ്ങളായി പരിചയമുണ്ടെന്നും മൊഴിനൽകി. പ്രതിയുമായി നടത്തിയ തെളിവെടുപ്പിൽ നാടുകാണി ചുരത്തിലെ കൊക്കയിൽ നിന്ന് സൈനബയുടെ മൃതദേഹം കണ്ടെടുത്തിരുന്നു.

അതേസമയം, കവർച്ച ചെയ്ത സ്വർണത്തിന്റെയും പണത്തിന്റെയും വലിയൊരു പങ്ക് സുലൈമാൻ കൈക്കലാക്കിയെന്നും മറ്റൊരു സംഘം ബാക്കിയുണ്ടായിരുന്ന സ്വർണവും പണവും തന്നിൽ നിന്ന് തട്ടിയെടുത്തെന്നും സമദ് പൊലീസിന് മൊഴി നൽകിയിരിക്കുകയാണ്. ഈ സംഘത്തെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

TAGS: CASE DIARY, SAINABA, KOZHIKODE, MURDERCASE, 10 KILLED, ACCUSED, SAMAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY