കാസർകോട് : ഇന്ന് വൈകിട്ട് മൂന്നരക്ക് നവകേരള സദസിന്റെ സംസ്ഥാനതല ഉദ്ഘാടനം പൈവളിഗെ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ.രാജൻ അദ്ധ്യക്ഷത വഹിക്കും. മുഴുവൻ മന്ത്രിമാരും പങ്കെടുക്കും.ചീഫ് സെക്രട്ടറി ഡോ.വി.വേണു സ്വാഗതവും ജില്ലാ കളക്ടർ കെ.ഇമ്പശേഖർ നന്ദിയും പറയും.
നവകേരള സദസ്സിന്റെ ഭാഗമായി ഉച്ചയ്ക്ക് 1.30 മുതൽ മഞ്ചേശ്വരത്തെ കലാകാരന്മാർ അവതരിപ്പിക്കുന്ന സംഗീത സദസ്സും ഗ്രൂപ്പ് ഡാൻസും അരങ്ങേറും. തുടർന്നാണ് ഉദ്ഘാടനം . വൈകിട്ട് അഞ്ചിന് ഭരതനാട്യവും 5.45ന് പ്രമുഖ നാടൻപാട്ട് കലാകാരി പ്രസീത ചാലക്കുടിയും സംഘവും അവതരിപ്പിക്കുന്ന നാടൻപാട്ട് നടക്കും.
നവകേരളസദസിൽപങ്കെടുക്കാൻ മന്ത്രിമാരിൽ പലരും ഇന്നലെ രാത്രി തന്നെ കാസർകോട് എത്തിച്ചേർന്നു. ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു, വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ, ഭക്ഷ്യസുരക്ഷാ വകുപ്പ് മന്ത്രി ജി.ആർ.അനിൽ തുടങ്ങിയവരാണ് രാത്രി തന്നെ കാസർകോട് എത്തിയത്.കാസർകോട് ഗസ്റ്റ് ഹൌസ്, പി ഡബ്ള്യു ഡി റെസ്റ്റ് ഹൌസ് എന്നിവിടങ്ങളിലായാണ് ഈ മന്ത്രിമാർ ഇന്നലെ താമസിച്ചത്.
വർണാഭമായി വിളംബരഘോഷയാത്ര
കാസർകോട് : മഞ്ചേശ്വരം മണ്ഡലം നവകേരളസദസിന്റെ പ്രചരണാർത്ഥം വർണാഭമായ വിളംബര ഘോഷയാത്ര ഇന്നലെ അരങ്ങേറി. പൈവളിഗെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഘോഷയാത്രയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് .ബേബി ബാലകൃഷ്ണൻ, സംഘാടക സമിതി കൺവീനറായ ആർ.ഡി.ഒ അതുൽ സ്വാമിനാഥ്, പ്രചരണ കമ്മിറ്റി ചെയർമാൻ കെ.ആർ.ജയാനന്ദ, പുത്തിഗെ പ്രസിഡന്റ് സുബ്ബണ്ണ ആൾവ, പൈവളികെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജയന്തി, വോർക്കാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഭാരതി തുടങ്ങിയവർ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി. ജനപ്രതിനിധികൾക്ക് പുറമേ സാമൂഹിക സാംസ്‌കാരിക രംഗത്തുള്ളവരും പങ്കെടുത്തു. ചേവാർ റോഡിൽ ആരംഭിച്ച് പൈവളിഗെ അവസാനിച്ച ഘോഷയാത്ര ജനപങ്കാളിത്തം കൊണ്ടും കലാപ്രകടനങ്ങൾ കൊണ്ടും മികച്ചതായി. കേരള വസ്ത്രം അണിഞ്ഞ സ്ത്രീകൾ, മുത്തു കുടകൾ, വാദ്യമേളങ്ങൾ, ഒപ്പന, യക്ഷഗാനം തുടങ്ങിയ വിവിധ ഇനം വേഷങ്ങൾ, നിശ്ചല ദൃശ്യങ്ങൾ, എന്നിവ ഘോഷയാത്രയ്ക്ക് മാറ്റേകി.
തുളുനാടിന്റെ കലകളും മഞ്ചേശ്വരത്തിന്റെ കലാകാരൻമാർ അവതരിപ്പിക്കുന്ന കലാ പരിപാടികൾ അരങ്ങേറി മഞ്ചേശ്വരം മണ്ഡലം നവ കേരള സദസ്സിന്റെ പ്രചരണാർത്ഥം പുത്തിഗെ വിദ്യാലയത്തിലെ കുട്ടികളുടെയും, പ്രാദേശിക കലാകാരന്മാരുടെയും കലാപരിപാടികൾ അരങ്ങേറി. ആദ്യ നവകേരള സദസ്സിന് വേദിയാകുന്ന പൈവളിഗെ ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിലാണ് കലാപരിപാടികൾ അരങ്ങേറിയത്. യക്ഷഗാനം, തിരുവാതിര ഒപ്പന, ഭരതനാട്യം, മോഹിനിയാട്ടം മാപ്പിളപ്പാട്ട് തുടങ്ങിയ കലാപരിപാടികളാണ് അവതരിപ്പിച്ചത്.
മഞ്ചേശ്വരം മണ്ഡലം നവകേരള സദസ്സ് പ്രചരണാർത്ഥം പൈവളിഗെ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ കലാ പരിപാടികൾ അവതരിപ്പിക്കുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |