കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ജനങ്ങളിലേക്ക് നേരിട്ടെത്തുന്ന നവകേരള സദസ് ഡിസംബർ ഏഴിന് ജില്ലയിൽ പര്യടനം തുടങ്ങും. 14 മണ്ഡലങ്ങളിലും മന്ത്രിസഭയൊന്നാകെ എത്തും. ജനങ്ങളുമായി നേരിട്ട് സംവദിക്കാനും അവരുടെ പരാതികൾ പരിഹരിക്കാനുമാണ് നവകേരള സദസ്. സമസ്ത മേഖലയിലേയും പ്രമുഖ വ്യക്തികളുമായുള്ള ജില്ലാതല കൂടിക്കാഴ്ചയായ പ്രഭാതയോഗവും നിയമസഭാ മണ്ഡലം കേന്ദ്രീകരിച്ചുള്ള ബഹുജനസദസും നടക്കും. 10ന് പര്യടനം പൂർത്തിയാകും. സദസ് ആരംഭിക്കുന്നതിന് മൂന്ന് മണിക്കൂർ മുമ്പേ പരാതി സമർപ്പിക്കാൻ വിപുലമായ സൗകര്യമുണ്ടായിരിക്കും.
ഡിസംബർ 7
രാവിലെ 9 ന് അങ്കമാലി അഡ്‌ലക്‌സ് കൺവെൻഷൻ സെന്റർ ജില്ലയിലെ ആദ്യ പ്രഭാതയോഗം. തൃശൂർ ജില്ലയിലെ ചാലക്കുടി, ജില്ലയിലെ അങ്കമാലി, ആലുവ, പറവൂർ മണ്ഡലങ്ങളിലെ പൗരപ്രമുഖരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച. അന്ന് ചാലക്കുടി മണ്ഡലത്തിലെ ബഹുജനസദസിൽ പങ്കെടുക്കും. വൈകിട്ട് 3ന് അങ്കമാലി സെന്റ് ജോസഫ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ അങ്കമാലി മണ്ഡലത്തിലെ നവകേരള സദസ്. വൈകിട്ട് 4.30ന് ആലുവ പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്തും 6ന് പറവൂർ ഗവ.ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനത്തും നവകേരള സദസ് നടക്കും.
ഡിസംബർ 8
കലൂർ ഐ.എം.എ ഹൗസിൽ 9ന് പ്രഭാതയോഗം. വൈപ്പിൻ, കൊച്ചി, കളമശേരി, എറണാകുളം മണ്ഡലങ്ങളിലെ പൗരപ്രമുഖരുമായി കൂടിക്കാഴ്ച. 11ന് ഞാറക്കൽ ജയ്‌ഹിന്ദ് ഗ്രൗണ്ടിൽ വൈപ്പിൻ മണ്ഡലത്തിലെയും 3ന് ഫോർട്ട്‌കൊച്ചി വെളി ഗ്രൗണ്ടിൽ കൊച്ചി മണ്ഡലത്തിലെയും വൈകിട്ട് 4.30ന് പത്തടിപ്പാലം റസ്റ്റ് ഹൗസിന് സമീപം കളമശേരി മണ്ഡലത്തിലെയും വൈകിട്ട് 6ന് മറൈൻഡ്രൈവിൽ എറണാകുളം മണ്ഡലത്തിലെയും നവകേരള സദസുകൾ.
ഡിസംബർ 9
തൃപ്പൂണിത്തുറ, തൃക്കാക്കര, പിറവം, കുന്നത്ത്‌നാട് മണ്ഡലങ്ങളിലെ പ്രമുഖരെ ഉൾപ്പെടുത്തി രാവിലെ 9ന് തൃപ്പൂണിത്തുറ അഭിഷേകം കൺവൻഷൻ സെന്ററിൽ പ്രഭാതയോഗം. 11ന് കാക്കനാട് കളക്ടറേറ്റ് പരേഡ് ഗ്രൗണ്ടിൽ തൃക്കാക്കര, വൈകിട്ട് 3ന് പുതിയകാവ് ക്ഷേത്ര മൈതാനിയിൽ തൃപ്പൂണിത്തുറ, വൈകിട്ട് 4.30ന് പിറവം കൊച്ചുപള്ളി മൈതാനത്ത് പിറവം, 6ന് കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജ് ഗ്രൗണ്ടിൽ കുന്നത്തുനാട് മണ്ഡലത്തിലെയും നവകേരള സദസുകൾ നടക്കും.
ഡിസംബർ 10
രാവിലെ 9ന് വെങ്ങോല ഹമാരാ ഓഡിറ്റോറിയത്തിൽ പെരുമ്പാവൂർ, കോതമംഗലം, മൂവാറ്റുപുഴ മണ്ഡലങ്ങളിലെ പ്രഭാതയോഗം. 11ന് ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനിയിൽ പെരുമ്പാവൂർ മണ്ഡലത്തിലെയും വൈകിട്ട് 3ന് മാർ ബേസിൽ ഹയർസെക്കൻഡറി സ്‌കൂൾ മൈതാനിയിൽ കോതമംഗലം മണ്ഡലത്തിലെയും 4.30ന് മുനിസിപ്പൽ സ്റ്റേഡിയത്തിൽ മൂവാറ്റുപുഴ മണ്ഡലത്തിലെയും നവകേരള സദസുകളോടെ ജില്ലയിലെ പര്യടനത്തിന് സമാപനമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |