കോഴിക്കോട്: കൊവിഡിനെ ഭയന്ന് മുടിവെട്ടാതെ, ഒടുവിൽ നീളൻ മുടിയുമായി ജീവിക്കുന്ന ഒരാളുണ്ട് കോഴിക്കോട്. മുൻ സർക്കാർ ജീവനക്കാരനായ പാറോപ്പടി വണ്ണാരികണ്ടി വി.ജയരാജൻ. രാജ്യം ലോക്ഡൗണായിപ്പോയ 2020 മാർച്ചിൽ ജയരാജനും തീരുമാനിച്ചു, ഇനി മുടി വെട്ടേണ്ടെന്ന്. അന്ന് കഷണ്ടി കയറിയ തലയിൽ ഇന്ന് നിറയെ നീളൻ മുടിയാണ്.
മകന്റെ കൂടെ ബംഗളൂരുവിൽ താമസിക്കാൻ പോയപ്പോഴാണ് കൊവിഡും ലോക്ഡൗണും സംഭവിച്ചത്. പലവഴികളിലൂടെ തിരിച്ച് വീട്ടിലെത്തി. ലോക്ഡൗണിൽ ലോകം അടഞ്ഞപ്പോൾ ജയരാജന്റെ സങ്കടം എങ്ങനെ മുടിവെട്ടുമെന്നതായിരുന്നു. മാസത്തിൽ രണ്ടുതവണ മുടിവെട്ടിയൊതുക്കുന്നതാണ്. ഇപ്പോൾ മാസങ്ങളും വർഷങ്ങളും കടന്നു. ഇനി മുടിവെട്ടുന്നില്ലെന്ന് നീട്ടിയ തലമുടി തടവി ജയരാജൻ പറഞ്ഞു.
തലമുടി നീണ്ടുവരുമ്പോൾ പഴയൊരു പ്രതികാരത്തിന്റെ കഥ കൂടി ജയരാജൻ ഓർത്തെടുക്കുകയാണ്. അരനൂറ്റാണ്ട് മുമ്പ് തരംഗമായിരുന്ന ഹിപ്പി മുടിയായിരുന്നു തനിക്കും. മീഞ്ചന്ത ആർട്സ് കോളേജിൽ പ്രിഡിഗ്രി പഠിക്കുന്ന കാലത്ത് നീട്ടിവളർത്തിയ മുടി നാട്ടിലും വീട്ടിലും വലിയ പ്രശ്‌നമായി. തലതിരിഞ്ഞവർ, കഞ്ചാവ് വലിക്കുന്നവർ തുടങ്ങിയ ആക്ഷേപങ്ങളായിരുന്നു അന്ന് ഹിപ്പിക്കാർക്ക്. ഒടുവിൽ നിവൃത്തിയില്ലാതെ ഹിപ്പിയെ വെട്ടി. ഇന്നിപ്പോൾ കൊവിഡിനെ ഭയന്ന് തുടങ്ങിയതാണെങ്കിലും മുടിവെട്ടാതിരിക്കുമ്പോൾ രഹസ്യമായൊരനുഭൂതിയുണ്ടെന്ന് 72 കാരൻ പറയുന്നു.
കോഴിക്കോട് കോർപ്പറേഷൻ റവന്യൂ ഡിപ്പാർട്‌മെന്റിൽ നിന്ന് വിരമിച്ച ശേഷം ഭക്തി മാർഗത്തിലാണ് ജരാജൻ. നിരവധി ക്ഷേത്രങ്ങളിൽ രാമായണവും ഭാഗവതവും പാരായണം ചെയ്യുകയും ക്ലാസുകളെടുക്കുകയും ചെയ്യുന്നു. ലത ജയരാജാണ് ഭാര്യ. അജൽ രാജ് മകനും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |