തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയൽ രേഖ വിവാദത്തിൽ ഡി ജി പിക്ക് പരാതി നൽകിയിട്ടുണ്ടെന്ന് ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം. ഇതൊരു സംഘടിത കുറ്റകൃത്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
വോട്ടുകൾ അനുകൂലമാക്കാൻ മലപ്പുറം സ്വദേശിയായ ഹാക്കറുടെ സേവനം ഉപയോഗിച്ചിട്ടുണ്ടെന്നും മുൻ യൂത്ത് കോൺഗ്രസ് പ്രവർത്തകനാണ് ഇതിനുപിന്നിലെന്നും റഹീം ആരോപിച്ചു.തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗോലുവിനും ഇതിൽ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിൽ, ഷാഫി പറമ്പിൽ, വി ടി ബൽറാം എന്നിവർക്ക് ഇതിൽ നേരിട്ട് പങ്കുണ്ട്. ഹാക്കറുടെ സേവനത്തിന് പണം കൊടുത്തു. തിരഞ്ഞെടുപ്പ് സംവിധാനത്തെ അട്ടിമറിക്കുമെന്ന സൂചനയാണിതെന്നും റഹീം മാദ്ധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, തനിക്ക് ജയിക്കാൻ വ്യാജ വോട്ട് വേണ്ടെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മങ്കൂട്ടത്തിൽ പ്രതികരിച്ചു. വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചെങ്കിൽ ഗുരുതരമായ കുറ്റമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യാജ കാർഡ് കൈയിലുണ്ടെങ്കിൽ പുറത്തുവിടണമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനെ അദ്ദേഹം വെല്ലുവിളിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |