കൊച്ചി: ആഗോള മേഖലയിലെ സാമ്പത്തിക അനിശ്ചിതത്വം രൂക്ഷമാകുമ്പോഴും കൂടുതൽ കരുത്തോടെ ഇന്ത്യൻ ഓഹരി വിപണി മുന്നേറ്റം തുടരുന്നു. നാണയപ്പെരുപ്പം നിയന്ത്രണ വിധേയമാകുന്നതും അമേരിക്കയിൽ ബോണ്ടുകളുടെ മൂല്യം കുറയുന്നതുമാണ് കഴിഞ്ഞ വാരം ഇന്ത്യൻ ഓഹരികൾക്ക് അനുകൂലമായത്. ദീപാവലിക്ക് ശേഷമുള്ള നാല് വ്യാപാര ദിനങ്ങളിൽ മൂന്നിലും നേട്ടത്തോടെയാണ് മുഖ്യ സൂചികകൾ വ്യാപാരം പൂർത്തിയാക്കിയത്. രാജ്യത്തെ ഏറ്റവും മൂല്യമുള്ള പത്ത് പ്രമുഖ കമ്പനികളിൽ ഏഴെണ്ണത്തിന്റെ വിപണി മൂല്യത്തിൽ കഴിഞ്ഞ വാരം 1.5 ലക്ഷം കോടി രൂപയുടെ വർദ്ധനയാണ് കഴിഞ്ഞയാഴ്ചയുണ്ടായത്. മുൻനിര ഐ. ടി കമ്പനികളായ ടി. സി. എസ്, ഇൻഫോസിസ് എന്നിവയാണ് ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്.
ബോംബെ ഓഹരി സൂചിക കഴിഞ്ഞ ആഴ്ച 890 പോയിന്റ് നേട്ടമാണുണ്ടാക്കിയത്. ദേശീയ സൂചികയിൽ 306 പോയിന്റിന്റെ വർദ്ധനയുണ്ടായി. റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്.ഡി. എഫ്.സി ബാങ്ക്, ഹിന്ദുസ്ഥാൻ ലിവർ, ഐ.ടി.സി, ഭാരതി എയർടെൽ എന്നിവയാണ് വിപണി മൂല്യത്തിൽ മികച്ച വർദ്ധന നേടിയ മറ്റ് പ്രമുഖ കമ്പനികൾ. അതേസമയം ഐ..സി.ഐ.സി.ഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ, ബജാജ് ഫിനാൻസ് എന്നിവയുടെ വിപണി മൂല്യത്തിൽ കഴിഞ്ഞ വാരം ഇടിവുണ്ടായി. ഈടില്ലാത്ത വായ്പകളുടെ വിതരണത്തിൽ റിസർവ് ബാങ്ക് നിയന്ത്രണം ഏർപ്പെടുത്തിയതാണ് ഈ കമ്പനികളുടെ പ്രകടനത്തെ ബാധിച്ചത്. ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരി വിലയിലും കഴിഞ്ഞ വാരം മികച്ച വർദ്ധന ദൃശ്യമായി.
അമേരിക്കയിൽ നാണയപ്പെരുപ്പം നിയന്ത്രണ വിധേയമാകുന്നതിനാൽ സാമ്പത്തിക മേഖലയ്ക്ക് ഉണർവ് നൽകാൻ ഫെഡറൽ റിസർവ് പലിശ വർദ്ധന നടപടികളിൽ നിന്നും പിന്മാറിയേക്കുമെന്ന പ്രതീക്ഷയാണ് ഐ. ടി കമ്പനികളുടെ ഓഹരികൾക്ക് പ്രിയം വർദ്ധിപ്പിച്ചത്.
തുടർച്ചയായ മൂന്നാം വാരമാണ് ഇന്ത്യൻ ഓഹരി വിപണി നേട്ടത്തോടെ വ്യാപാരം പൂർത്തിയാക്കുന്നത്. വിദേശ നിക്ഷേപകർ വലിയ തോതിൽ പണം പിൻവലിച്ചിട്ടും ആഭ്യന്തര ചെറുകിട നിക്ഷേപകരുടെ പണക്കരുത്താണ് ഓഹരി വിപണിക്ക് ശക്തി പകർന്നത്.
അനുകൂല ഘടകങ്ങൾ
ചൈനയ്ക്ക് ബദലായി ഇന്ത്യയിലേക്ക് നിക്ഷേപം ഒഴുകുന്നു
കേന്ദ്ര ബാങ്കുകൾ പലിശ വർദ്ധന നടപടികൾ മരവിപ്പിക്കുന്നു
ആഭ്യന്തര നിക്ഷേപകർ വലിയ തോതിൽ ഓഹരികൾ വാങ്ങിക്കൂട്ടുന്നു
കമ്പനികളുടെ ലാഭം ഉയരുന്നു
കമ്പനികളുടെ വിപണി മൂല്യത്തിലെ വർദ്ധന
കമ്പനി വിപണി മൂല്യം വർദ്ധന
ടി. സി. എസ് 12,81,637.63 62,148.99
ഇൻഫോസിസ് 5,96,681.75 28,616.98
റിലയൻസ് ഇൻഡസ്ട്രീസ് 15,93,893.03 28,111.41
എച്ച്. ഡി. എഫ്. സി ബാങ്ക് 11,42,215.81 11,136.61
ഹിന്ദുസ്ഥാൻ യൂണിലിവർ 5,94,317.36 10,032.75
ഭാരതി എയർടെൽ 5,32,585.63 6,828.74
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |