ഈടും ജാമ്യവുമില്ലാതെ ഞൊടിയിടയിൽ വായ്പ നൽകുന്ന ലോൺ ആപ്പുകൾക്ക് തലവയ്ക്കുന്നവർ ജാഗ്രതൈ...! തിരിച്ചടവ് മുടങ്ങിയാൽ നിങ്ങളുടെ ജീവനെടുക്കാൻ കെൽപ്പുള്ളവയാണ് ഈ ആപ്പുകൾ. വായ്പയുടെ പേരിലുള്ള ഭീഷണിയും തട്ടിപ്പുകളും വൻതോതിൽ കൂടിയതോടെ 172ആപ്പുകൾ റദ്ദാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ് സംസ്ഥാന സർക്കാർ. 72 ആപ്പുകൾ നീക്കംചെയ്യാൻ സെപ്തംബറിൽ ആവശ്യപ്പെട്ടിരുന്നു. നഗര, ഗ്രാമ വ്യത്യാസമില്ലാതെ ലോൺ ആപ്പുകൾ വഴി ആളുകൾ വായ്പയെടുക്കുന്നുണ്ട്. തിരിച്ചടവ് മുടങ്ങുകയോ വൈകുകയോ ചെയ്താൽ ഇവയുടെ ഭീഷണി സഹിക്കാനാവാതെ നിരവധിപേർ ജീവനൊടുക്കിയ സംഭവങ്ങളെത്തുടർന്നാണ് ആപ്പുകൾ നീക്കം ചെയ്യാനുള്ള നടപടി.
ഓൺലൈൻ റമ്മിയടക്കം ഗെയിമുകൾ കളിക്കാനും ആപ്പുകൾ വായ്പ നൽകുന്നുണ്ട്. കൊള്ളപ്പലിശയ്ക്ക് പണം നൽകി ജനങ്ങളെ മരണക്കെണിയിലേക്ക് തള്ളിവിടുന്ന 232 ചൈനീസ് ആപ്പുകൾ കേന്ദ്രം നിരോധിച്ചിരുന്നു. 400ലേറെ വായ്പാ ആപ്പുകളാണുണ്ടായിരുന്നത്. ശേഷിക്കുന്ന 200ഓളം ആപ്പുകൾ പൂട്ടിക്കാനാണ് സർക്കാർ കേന്ദ്രത്തിന് ശുപാർശ നൽകിയത്. വായ്പാ ആപ്പുകൾക്കെതിരെ കേരളത്തിൽ 93 പരാതികളിലായി 20 കേസുകളുണ്ട്. വിവരങ്ങൾ ലഭിക്കാനുള്ള കാലതാമസം കാരണമാണ് കേസുകൾ ഇഴയുന്നത്. വായ്പാ തട്ടിപ്പുമായി ബന്ധമുള്ള 3 ചൈനക്കാർ നേരത്തേ ഹൈദരാബാദിൽ അറസ്റ്റിലായിരുന്നു. റിസർവ് ബാങ്കിന്റെ നിയന്ത്റണമില്ലാതെയും മണിലെൻഡേഴ്സ് ആക്ടിന് വിരുദ്ധമായുമാണ് ആപ്പുകളുടെ പ്രവർത്തനം. വിദേശികളും അന്യസംസ്ഥാനക്കാരുമുൾപ്പെട്ട സംഘമാണ് തട്ടിപ്പിന് പിന്നിലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. കേരളം കേന്ദ്രമാക്കി ആപ്ലിക്കേഷനുകളില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.
ഉപഭോക്താക്കൾ നൽകുന്ന വ്യക്തിവിവരത്തിന്റെ അടിസ്ഥാനത്തിൽ 30 ശതമാനം തുക പ്രോസസിംഗ് ഫീസ് ഈടാക്കിയാണ് വായ്പ നൽകുന്നത്. തിരച്ചടവിൽ വീഴ്ച വന്നാൽ വായ്പയെടുത്തവർക്കെതിരെ നിരന്തം ഭീഷണി ഉണ്ടാവുകയാണ്. ഇത്തരം ആപ്പുകൾ ഡൗൺലോഡ് ചെയ്താൽ അവരുടെ നിബന്ധനകൾ അംഗീകരിച്ചേ മുന്നോട്ടുപോകാനാവൂ. തുടക്കത്തിലേ ഫോണിലെ കോൺടാക്ട് ലിസ്റ്റ്, കാമറ, ഗ്യാലറി തുടങ്ങിയവയിലേക്ക് ആപ്പിന് കടന്നുകയറാം. വായ്പയ്ക്ക് അപേക്ഷിച്ചാൽ ഫോണിലെ ഫോട്ടോകളും സ്വകാര്യവിവരങ്ങളുമടക്കം ചോർത്തിയെടുക്കും. ആധാർ-പാൻനമ്പർ, ഒപ്പിന്റെ ഫോട്ടോ ഇത്രയും വീഡിയോകോളിൽ കാണിച്ചാൽ അപേക്ഷകന്റെ തിരിച്ചറിയൽ (കെ.വൈ.സി) പൂർത്തിയായി. പിന്നാലെ വായ്പയും റെഡി. തിരിച്ചടവ് മുടങ്ങിയാൽ ഇവയുപയോഗിച്ച് സൈബർ ഗുണ്ടായിസം തുടങ്ങും. ഓൺലൈൻ റമ്മിയടക്കമുള്ള ഗെയിമുകൾ കളിക്കാൻ മൊബൈൽ ആപ്പുകൾ വഴി കൊള്ളപ്പലിശയ്‌ക്ക് വായ്പനൽകിയും ആളുകളെ കുടുക്കുന്നുണ്ട്. ഒടുവിൽ ദുരന്തമാവും കാത്തിരിക്കുക. ഒരുലക്ഷം വായ്പയെടുത്ത് മൂന്നരലക്ഷം അടച്ചിട്ടും കടം തീരാത്തവരുണ്ട്.
ആപ്പു വഴി വായ്പയെടുക്കാത്ത തിരുവനന്തപുരം വഞ്ചിയൂരിലെ വീട്ടമ്മയ്ക്കുണ്ടായ ദുർഗതി എളുപ്പത്തിൽ
കിട്ടുന്ന വായ്പയ്ക്ക് കൈനീട്ടുന്ന എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്. സമൂഹമാദ്ധ്യമത്തിൽ പ്രചരിച്ച ഏതോ ലിങ്കിൽ ക്ലിക്ക് ചെയ്ത വീട്ടമ്മ, 18,000രൂപ അടച്ചില്ലെങ്കിൽ നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് ചൈനീസ് വായ്പാ ആപ്പിന്റെ ഭീഷണി നേരിടേണ്ടി വന്നു. ഉടനടി പണമടച്ചില്ലെങ്കിൽ മോർഫ് ചെയ്ത ചിത്രം ഫോണിൽ സേവ് ചെയ്തിട്ടുള്ള നമ്പരുകളിലേക്കെല്ലാം അയയ്ക്കുമെന്ന് വിദേശനമ്പരിൽ നിന്നാണ് സന്ദേശമെത്തിയത്. വൈകിട്ടോടെ മൂന്ന് സുഹൃത്തുക്കൾക്ക് ഫോണിലെ ഗാലറിയിലുണ്ടായിരുന്ന വീട്ടമ്മയുടെ ചിത്രവും ആധാർ, പാൻകാർഡ് കോപ്പികളും ചൈനീസ് ആപ്പുകാർ വാട്സ്ആപ്പിൽ അയച്ചുകൊടുത്തു.
പണമടച്ചില്ലെങ്കിൽ മൂന്നാംകക്ഷിക്ക് കേസ് കൈമാറുമെന്നും അവർ മോശം കാര്യങ്ങൾ ചെയ്യുമെന്നും വഞ്ചിയൂരിലെ വീട്ടമ്മയ്ക്ക് വായ്പാആപ്പുകാർ സന്ദേശമയച്ചു. സുഹൃത്തുക്കൾക്ക് മോശം ചിത്രങ്ങളും സന്ദേശങ്ങളും അയയ്ക്കും. ഗാലറിയിലെ ചിത്രങ്ങൾ എഡിറ്റ് ചെയ്ത് ഫേസ്ബുക്ക്, വാട്സ്ആപ്പ്, ട്വിറ്റർ എന്നിവയിൽ പ്രചരിപ്പിക്കും. വാട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങി നഗ്നചിത്രങ്ങൾ അയച്ചുകൊടുക്കും. വേണ്ടെങ്കിൽ വേഗം പണമടച്ചോളൂ- ഇതായിരുന്നു ഭീഷണി. ലോൺ ആപ്പുകൾ ആളുകളെ വിരട്ടുകയും സമ്മർദ്ദത്തിലാക്കുകയും ചെയ്യുന്ന രീതികൾ കേട്ടാൽ ആരും ഞെട്ടിപ്പോവും. വായ്പാ തിരിച്ചടവ് മുടക്കിയെന്നും സാമ്പത്തിക തട്ടിപ്പുകാരനാണെന്നുമുള്ള സന്ദേശം കോണ്ടാക്ട് ലിസ്റ്റിലുള്ളവർക്കെല്ലാം അയയ്ക്കും. സുഹൃത്തുക്കളെയും ബന്ധുക്കളെയും ജാമ്യക്കാരാക്കിയാണ് വായ്പയെടുത്തതെന്ന വ്യാജസന്ദേശങ്ങൾ അവരുടെ ഫോണുകളിലേക്ക് അയയ്ക്കും.
ഫോണിൽ സേവ് ചെയ്ത നമ്പരുകളിലേക്ക് വായ്പത്തട്ടിപ്പുകാർ രാവും പകലും തുടരെത്തുടരെ വിളിച്ച് പണമടയ്ക്കാനാവശ്യപ്പെടും. തട്ടിപ്പിനിരയായ ആളുടെ പേരിൽ ഡിഫോൾട്ടർ എന്ന വാട്സാപ് ഗ്രൂപ്പ് തുടങ്ങിയും സന്ദേശങ്ങളയയ്ക്കും. ഗാലറിയിലെ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീലചിത്രങ്ങളും അശ്ലീലച്ചുവയുള്ള സന്ദേശങ്ങളും അയയ്ക്കും.
വായ്പയെടുത്ത്
ഓൺലൈൻ കളി
ലാഭം കൊതിച്ച് കളിക്കാനിറങ്ങിയവർക്ക് മരണക്കെണിയാവുന്ന ഓൺലൈൻ റമ്മിയടക്കമുള്ള ഗെയിമുകൾക്ക്, മൊബൈൽ ആപ്പുകൾ വഴിയുള്ള വായ്പാതട്ടിപ്പുമായി ബന്ധമുണ്ട്. കൈയിൽ പണമില്ലെങ്കിൽ വായ്പയെടുത്ത് കളിക്കാൻ ആപ്പുകൾ സൗകര്യമുണ്ടാക്കുന്നുണ്ട്. ദിവസക്കണക്കിനുള്ള കൊള്ളപ്പലിശയ്ക്ക് മിനിറ്റുകൾക്കകം ആപ്പുകൾ വായ്പ നൽകും. പണം തീരുമ്പോൾ വീണ്ടും വായ്പയെടുക്കാം. ഒടുവിൽ വലിയ ദുരന്തമാവും കാത്തിരിക്കുക. ഓൺലൈൻ റമ്മികളിക്ക് ഇടയിൽ വായ്പാ ആപ്പുകളുടെ പരസ്യങ്ങൾ നൽകിയും സാമൂഹിക മാദ്ധ്യമങ്ങൾ വഴിയുമാണ് യുവാക്കളെ ചതിയിൽപെടുത്തുക. ഐ.എസ്.ആർ.ഒയിലെ കരാർ ജീവനക്കാരനായിരുന്ന വിനീത് ഇരുപത്തിയഞ്ച് ലക്ഷം രൂപയുടെ കടബാദ്ധ്യത കയറി ആത്മഹത്യ ചെയ്തിരുന്നു.
ഓൺലൈൻ റമ്മി കളിക്കാൻ വിനീത് ആപ്പിലൂടെ വായ്പയെടുത്തതായാണ് വിവരം. സുഹൃത്തുക്കളിൽ നിന്ന് കടമെടുക്കുന്നത് തികയാതെ വന്നപ്പോഴാണ് ആപ്പുകളിൽ നിന്ന് വായ്പയെടുത്തത്. തിരിച്ചടവ് മുടങ്ങിയതോടെ, സുഹൃത്തുക്കൾക്കും ഐ.എസ്.ആർ.ഒയിലെ സഹപ്രവർത്തകർക്കും വിനീതിനെ അവഹേളിച്ച് വായ്പ നൽകിയ കമ്പനി ഫോട്ടോ അടക്കം സന്ദേശം അയച്ചിരുന്നു. ഇത് വിനീതിനെ തളർത്തി. താൻ പെട്ടുപോയെന്നാണ് ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് വിനീത് സുഹൃത്തുക്കളോട് പറഞ്ഞത്. വായ്പാ ആപ്പിന്റെ എക്സിക്യൂട്ടീവ് വീട്ടിൽ നേരിട്ട് എത്തിയെന്ന് വിനീതിന്റെ സഹോദരൻ വ്യക്തമാക്കിയിരുന്നു.
ഓൺലൈൻ റമ്മികളിയിൽ പണം നഷ്ടമായവരുടെ കൂട്ടത്തിൽ കൂലിവേലക്കാർ മുതൽ ഉന്നത ഉദ്യോഗസ്ഥർവരെയുണ്ട്. വഞ്ചിയൂർ ട്രഷറിയിലെ അക്കൗണ്ടന്റ് ബിജുലാൽ ട്രഷറിയിൽ കൈയിട്ടുവാരിയ 2.70കോടി കൊണ്ടാണ് ചൂതാട്ടം നടത്തിയത്. കളിയുടെ നിയമാവലിയിൽ കമ്പനി പണമീടാക്കുമെന്ന് പറയാതെ, ഇ-വാലറ്റിൽ പണം വേണമെന്നു മാത്രമാണുള്ളത്. കളിക്കുന്നവർ ആധാർ, ബാങ്ക്അക്കൗണ്ട് വിവരങ്ങൾ നൽകണം. കളിതോൽക്കുമ്പോൾ അക്കൗണ്ടിൽ നിന്ന് പണം ചോർന്നുകൊണ്ടിരിക്കും. ക്രെഡിറ്ര്, ഡെബിറ്റ് കാർഡുകളുപയോഗിച്ച് ഒന്നിലധികം പേയ്മെന്റ് ഓപ്ഷനുകളുള്ള പേയ്‌മെന്റ് ഗേറ്റ്‌വേയിലൂടെയാണ് പണമിടപാട്.
''കേരളം കേന്ദ്രമാക്കി ഇത്തരം ആപ്ലിക്കേഷനുകളൊന്നും പ്രവർത്തിക്കുന്നില്ല. ഓൺലൈൻ ആപ്പുകൾ വഴി വായ്പയെടുക്കുന്നവർ ചതിക്കുഴിയിൽപെടുന്നത് സംബന്ധിച്ച പരാതികൾ ഹൈടെക് ക്രൈം സെൽ, ക്രൈംബ്രാഞ്ച് എന്നിവ അന്വേഷിക്കുന്നുണ്ട്. ഇക്കാര്യങ്ങളെക്കുറിച്ച് നിരീക്ഷിക്കാൻ സൈബർഡോമിനും നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടുതൽ പേർ ചതിക്കുഴിയിൽ പെടാതിരിക്കാൻ പൊലീസിന്റെ സാമൂഹിക മാദ്ധ്യമ വിഭാഗം, ജനമൈത്രി പൊലീസ്, സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ് സംവിധാനങ്ങളുപയോഗിച്ച് ബോധവത്കരണം നടത്തുന്നു.''
-പിണറായി വിജയൻ
മുഖ്യമന്ത്രി
(നിയമസഭയിൽ പറഞ്ഞത്)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |