
വയനാട് നെഹ്റു കുടുംബത്തിന്റെ സുരക്ഷിത മണ്ഡലമാണ്. എന്നാൽ ഇവിടെ തദ്ദേശത്തിന്റെ പേരിൽ നടക്കുന്നതെല്ലാം വഴിവിട്ട കളികളാണ്. ഭാവിയിൽ നെഹ്റു കുടുംബത്തിന് പോലും പരിക്കേൽക്കുന്ന തരത്തിലേക്കാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയം ചെന്നെത്തിയത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ട് ദിവസങ്ങളായി. എന്നിട്ടും പ്രധാനപ്പെട്ട ജില്ലാ പഞ്ചായത്തിലേക്കടക്കം സ്ഥാനാർത്ഥികളെ നിർണ്ണയിക്കാൻ നാമനിർദ്ദേശ പത്രിക സമർപ്പണ ദിവസംവരെ എത്തേണ്ടി വന്നു. കോൺഗ്രസിൽ മത്സരിക്കുന്നവരുടെ പേര് വിവരം പുറത്ത് വിട്ടത് തന്നെ വ്യാഴാഴ്ച രാത്രിയിലാണ്. ഇന്നലെ വൈകിട്ട് മൂന്ന് മണി വരെയായിരുന്നു നാമനിർദ്ദേശ പ്രതിക പിൻവലിക്കാനുളള അസാന തീയതിയും. എക്കാലത്തും ഉണർന്ന് പ്രവർത്തിക്കാറുളള വയനാട് ജില്ലാ കോൺഗ്രസ് നേതൃത്വം സ്ഥാനാർത്ഥി നിർണ്ണയത്തിൽ കാണിച്ച താമസം വലിയ പ്രതിഷേധിത്തിനിടയാക്കി. സ്ഥാനാത്ഥി നിർണ്ണയത്തിൽ പ്രതിഷേധിച്ച് നിരവധി പേർ ജില്ലയിൽ റിബലുകളായി പത്രിക നൽകിയിരുന്നു. ഇവരുടെ പ്രശ്നം പരിഹരിക്കുന്നതിന് നാമനിർദ്ദേശ പത്രിക പിൻവലിക്കുന്നതിന്റെ അവസാന ദിവസത്തിലേക്ക് എത്തിക്കേണ്ടി വന്നത് ഒരു പക്ഷെ ചരിത്രത്തിൽ തന്നെ ആദ്യത്തേതാകും. എന്നിട്ടും പ്രശ്നം പൂർണ്ണമായും പരിഹരിച്ചിട്ടില്ലതാനും. എങ്ങും പൊട്ടലും ചീറ്റലും. പത്രിക പിൻവലിക്കേണ്ടതിന്റെ അവസാന ദിവസമായ ഇന്നലെ വയനാട് ഡി.സി.സി ഓഫീസിൽ റിബലുകളെ വിളിച്ച് വരുത്തി അനുയനയന നീക്കം നടത്തി. വഴങ്ങാത്തവരെ കണ്ണുരുട്ടിയും ഭീഷണിപ്പെടുത്തിയും നോക്കി. ചിലരിതിന് വഴങ്ങി. കോൺഗ്രസിലെ യുവജന നേതൃത്വത്തിലെ അമരക്കാരൻ അഡ്വ: ടി.ജെ. ഐസക്കാണ് ഇപ്പോൾ ഡി.സി.സി അദ്ധ്യക്ഷ പദവയിലുളളത്. ഈ ചെറുപ്പക്കാരൻ പ്രസ്ഥാനത്തിലെ സ്ഥാന മോഹികളെക്കൊണ്ട് ഇപ്പോൾ വിയർക്കുകയാണ്. ഒന്ന് നന്നായി ഉറങ്ങിയിട്ട് തന്നെ ദിസങ്ങളായിക്കാണും. ആരെയെല്ലാം തൃപ്തിപ്പെടുത്തണം? ഏതായാലും അച്ഛനുറങ്ങാത്തൊരു വീട് പോലെയായിട്ടുണ്ട് വയനാട് ഡി.സി.സി. രാത്രിയെ പകലാക്കി കൊണ്ട് മാരത്തോൺ ചർച്ചയായിരുന്നു ദിവസവും. വെട്ടലും തിരുത്തലും. പിന്നെയും അത് തന്നെ സ്ഥിതി.അടുക്കി വച്ച ഇഷ്ടികകളിൽ നിന്ന് ഒന്നെടുക്കുമ്പോൾ മറ്റെല്ലാം ഉരുണ്ട് വീഴുന്നത് പോലെയാണ് ഇപ്പോൾ വയനാട്ടിലെ സ്ഥിതി. ഇനി രണ്ടാഴ്ചയെ തിരഞ്ഞെടുപ്പിനുളളൂ. അതിനിടയിൽ എന്തെല്ലാം നേരിടണം.
#
ഇന്ന് നവംബർ 25. കോൺഗ്രസിൽ ഇത് ഇല പൊഴിയും കാലമാണ്. മരങ്ങൾ ഇല പൊഴിക്കുന്നതിന് ഒരു കാലവും സമയവുമുണ്ട്. കോൺഗ്രസിൽ ഈ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പോടെയാണ് ഇലപൊഴിക്കൽ പ്രക്രിയ നടമാടുന്നത്. സീറ്റ് മോഹികളായ നിരവധി പേരാണ് പാർട്ടി വിട്ട് മറുകണ്ടം ചാടുന്നത്. കോൺഗ്രസിൽ നിന്ന് ആരെങ്കിലും വരാനുണ്ടോയെന്ന് പ്രതീക്ഷിച്ച് ഇടത് മുന്നണിയിലെ പ്രധാന കക്ഷിയായ സി.പി.എം പോലും തങ്ങളുടെ സ്ഥാനാർത്ഥികളെ പിൻവലിച്ച് മറുകണ്ടം തേടിയെത്തുന്നവരെ തിരുകി കയറ്റാൻ പാകത്തിൽ സീറ്റുകൾ റെഡിയാക്കി വച്ചിരുന്നു. മീനങ്ങാടി ബ്ളോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയും യൂത്ത് കോൺഗ്രസ് മുൻ വയനാട് പാർലമെന്റ് ജോയിന്റ് സെക്രട്ടറിയുമായ ജോഷി കുരിക്കാട്ടിൽ കോൺഗ്രസിൽ നിന്ന് രാജിവച്ച് സി.പി.എമ്മിൽ ചേർന്നു. ഉടൻ തന്നെ ബ്ളോക്ക് പഞ്ചായത്തിൽ പുൽപ്പളളി ഡിവിഷനിലെ സ്ഥാനാർത്ഥിയാക്കാനും സി.പി.എം തയ്യാറായി. ഒറ്റ ദിവസം കൊണ്ട് നടന്ന അത്ഭുതം! മാനന്തവാടി മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയുമായ അഡ്വ: ഗ്ളാഡീസ് ചെറിയാനും സ്ഥാനാർത്ഥി നിർണ്ണയത്തിൽ പ്രതിഷേധിച്ച് രാജിവച്ചു. കോൺഗ്രസിൽ നിന്ന് വൻ തോതിൽ മീനുകൾ ചാടുമ്പോൾ സി.പി.എം,ബി.ജെ.പി കേഡർ പാർട്ടികളിൽ നിന്ന് അത് നാമമാത്രമാകുമെന്നും മാത്രം. പക്ഷെ കോൺഗ്രസിൽ എല്ലാം പരസ്യമാണ്. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ അതെല്ലാം മറക്കുകയും പൊറുക്കുകയും ചെയ്യും. അതാണ് പതിവ് രീതി. പക്ഷെ കേഡർ പാർട്ടികളിൽ അഗ്നിപർവ്വതം കണക്കെയാണ് കാര്യങ്ങൾ എന്ന് മാത്രം.
#
വയനാട് എല്ലാം കൊണ്ടും കോൺഗ്രസിന് ആധിപത്യമുളള മണ്ണാണ്. അവിടെയാണ് കോൺഗ്രസുകാർ തമ്മിൽ പോരടിക്കുന്നത്. തലമുതിർന്ന നേതാക്കൾ തങ്ങളുടെ അവസരം നഷ്ടപ്പെടുത്തുന്നുവെന്നാണ് യുവാക്കളുടെ പരാതി. ഇതിന് മുമ്പ് പല തവണ മത്സരിച്ച് പരാജയപ്പെട്ട മുതിർന്ന കോൺഗ്രസ് നേതാക്കളാണ് സീറ്റു മോഹവുമായി രംഗത്തെത്തിയത്. ഇതാണ് യുവനിരയെ ചൊടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാറെ പനമരം ബ്ളോക്ക് പഞ്ചായത്തിലെ പൂതാടി ഡിവിഷനിൽ സീറ്റ് നൽകി ഒതുക്കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ മികച്ച പ്രകടനമാണ് സംഷാദ് മരക്കാർ വയനാട്ടിൽ നടത്തിയത്. ഭാവിയിൽ ഉന്നത നിലയിലേക്ക് വയനാട്ടിൽ നിന്ന് ഉയർന്ന് വരേണ്ട ഈ യുവ നേതാവിന് പോലും അർഹതപ്പെട്ട സീറ്റ് നൽകിയില്ല. എന്നാൽ, സംഷാദിന് വിമത സ്ഥാനാർത്ഥി രംഗത്തുണ്ട്. മീനങ്ങാടി മുൻ പഞ്ചായത്ത് പ്രസിഡന്റ് ബിനു ജേക്കബാണ് വിമതനായി രംഗത്ത് വന്നത്. നേതൃത്വത്തിനെതിരെ യുവജന നിരയുടെ വലിയ പരാതിയാണ് കെ.പി.സി.സിക്ക് ലഭിച്ചിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് തോമാട്ടുചാൽ ഡിവിഷനിൽ ഔദ്യോഗിക സ്ഥാനാർത്ഥി വി.എൻ.ശശീന്ദ്രന് എതിരെ പത്രിക നൽകിയ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജഷീർ പളളിവയലിന് ഉന്നത സമ്മർദ്ദത്തെ തുടർന്ന് ഇന്നലെ രണ്ട് മണിയോടെ പത്രിക പിൻവലിക്കേണ്ടി വന്നു. എനിക്ക് മുറിവേറ്റു, എന്റെ പാർട്ടിക്ക് മുറിവേൽക്കരുത് എന്നാണ് ജഷീർ പളളിവയൽ കുത്തുവാക്കിലൂടെ മറുപടി നൽകിയത്. ജനപിന്തുണ ജഷീറിനായിരുന്നു. ആർജെഡിയിലെ പി.വി. വേണുഗോപാലാണ് എൽഡിഎഫ് സ്ഥാനാർഥി.
വയനാട്ടിലെ ഒട്ടുമിക്ക സീറ്റുകളും മുസ്ലീം ലീഗിന് തീറെഴുതി കൊടുക്കുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞ വ്യാഴാഴ്ച വയനാട് സി.സി.സിക്ക് മുന്നിൽ ഡി.സി.സി. ജനറൽ സെക്രട്ടറിയായിരുന്ന ഗോകുൽദാസ് കോട്ടയിലിന്റെ സത്യാഗ്രഹ സമരവും നാം കണ്ടു. രാത്രിയായപ്പോൾ കോൺഗ്രസ് നേതൃത്വം പ്രഖ്യാപിച്ച ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി പട്ടികയിൽ മീനങ്ങാടി ഡിവിഷനിൽ ഗോകുൽദാസിന്റെ മകൻ അഡ്വ: ഗൗതം ഗോകുൽദാസിന്റെ പേരും ഇടം പിടിച്ചു! കൽപ്പറ്റ നഗരസഭയിൽ ചെയർമാൻ സ്ഥാനാർത്ഥിയായി കണ്ട് കോൺഗ്രസ് രംഗത്തിറക്കിയ മുൻ നഗരസഭാ സെക്രട്ടറി കൂടിയായ കെ.ജി. രവീന്ദ്രന്റെ പത്രിക തളളിയതും നേതൃത്വത്തെ ഞെട്ടിച്ചു. ഡമ്മി സ്ഥാനാത്ഥിയായ സി.എസ്. പ്രഭാകരൻ ഒറിജിനൽ സ്ഥാനാർത്ഥിയുമായി.
വയനാട്ടിൽ 23 ഗ്രാമ പഞ്ചായത്തുകളിലേക്കും നാല് ബ്ളോക്ക് പഞ്ചായത്തുകളിലേക്കും മൂന്ന് നഗരസഭകളിലേക്കും ഒരു ജില്ലാ പഞ്ചായത്തിലുമാണ് തിരഞ്ഞെടുപ്പ്. ഏറെ പ്രതീക്ഷയുളള ചെറിയ ജില്ലയിലെ പ്രശ്നങ്ങൾക്ക് പോലും രമ്യമായി പരിഹാരം ഉണ്ടാക്കാൻ ഡി.സി.സി നേതൃത്വത്തിന് കഴിയാതെ പോയത് യു.ഡി.എഫ് കെട്ടുറപ്പിനെ തന്നെ ബാധിച്ചിട്ടുണ്ട്. വയനാട്ടിൽ സമുദായ സമവാക്യങ്ങൾ പോലും സംരക്ഷിക്കപ്പെട്ടിട്ടില്ല. നേതൃത്വത്തിന് താൽപ്പര്യമുളള പഴയ തലമുറയിൽപ്പെട്ടവരെ തിരുകി കയറ്റാനുളള തന്ത്രത്തിൽ സമുദായ സമവാക്യങ്ങൾ പോലും തകർന്നു. തദ്ദേശ തിരഞ്ഞെടുപ്പോടെ വയനാട്ടിലെ കോൺഗ്രസിൽ വലിയ പൊട്ടലും ചീറ്റലുമാണ് ഇനി കാണാൻ പോകുന്നത്. പരസ്യമായ വിഴുപ്പലക്കലുകൾ ഇപ്പോൾ തന്നെ കണ്ട് തുടങ്ങി. മാനന്തവാടിയിലെ കോൺഗ്രസ് നേതാവായിരുന്ന പി.വി. ജോൺ സ്വന്തം ഓഫീസിൽ ഒരു മുഴം കയറിൽ ജീവൻ അവസാനിപ്പിച്ചത് ചതിയിലൂടെ കോൺഗ്രസുകാർ തന്നെ പരാജയപ്പെടുത്തിയത് കൊണ്ടായിരുന്നു. അതിന്റെ അലയൊലികൾ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല.ബാങ്ക് നിയമന തട്ടിപ്പ്,വായ്പാ തിരിമറി എന്നിവയുടെ പേരിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ കത്തെഴുതി വച്ച് ആത്മഹത്യ ചെയ്തവരും വയനാട്ടിൽ തന്നെയാണ്. ആത്മഹത്യ ഒന്നിനും പരിഹാരമല്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |