തിരുവനന്തപുരം : ബുധനാഴ്ച മുതൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇരട്ടചക്രവാത ചുഴിയുടെ സ്വാധീനത്തെ തുടർന്നാണ് തീവ്രമഴയ്ക്ക് സാദ്ധ്യത. ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ തീവ്രമഴയാണ് പ്രവചിക്കുന്നത്. ജാഗ്രതാനിർദ്ദേശത്തെ തുടർന്ന് ഈ ജില്ലകളിൽ 22ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ചയും ഇടുക്കി ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കോമോറിൻ മേഖലയ്ക്ക് മുകളിലും തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലുമാണ് ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നത്. ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മഴയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. ചൊവ്വാഴ്ച മുതൽ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ചൊവ്വാഴ്ച എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ട്. ബുധനാഴ്ച തിരുവനന്തപുരം , മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച പത്തനംതിട്ട, എറണാകുളം, മലപ്പുറം ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കാണ് സാദ്ധ്യത. ജാഗ്രതയുടെ ഭാഗമായി ഈ ദിവസങ്ങളിൽ ഇവിടെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |