SignIn
Kerala Kaumudi Online
Saturday, 02 December 2023 4.09 AM IST

സഹകരണ തട്ടിപ്പിന് തടയിടാം

d

കേരളത്തിലെ സഹകരണ മേഖലയുടെ വിശ്വാസ്യതയ്ക്കും സ്വീകാര്യതയ്ക്കും മങ്ങലേല്പിക്കാൻ അടുത്തകാലത്ത് പുറത്തുവന്ന ക്രമരഹിതമായ ചില പ്രവർത്തനങ്ങളും പണാപഹരണവും വഴിവച്ചിട്ടുണ്ടെന്നത് സത്യമാണ്. അതേസമയം,​ വിരലിലെണ്ണാവുന്ന ചില സംഘങ്ങളിൽ മാത്രമാണ് വൻതോതിൽ ക്രമക്കേടുകൾ നടന്നതെന്ന് മറക്കരുത്. എന്നാൽ,​ പ്രസ്ഥാനത്തെയാകെ കളങ്കപ്പെടുത്താൻ അത് കാരണമായിട്ടുമുണ്ട്. അതുകൊണ്ട് ഇത്തരം പ്രവണതയെ ചെറുതായി കണ്ടുകൂടാ. സഹകരണ ഹ്രസ്വകാല ക്രെഡിറ്റ് മേഖലയിലെ താഴേത്തട്ടിലുള്ള പ്രാഥമിക സംഘങ്ങളിലാണ് പ്രധാനമായും ഈ ദുഷ്‌പ്രവണത കണ്ടത്. അത് ചില സർവീസ് സഹകരണ ബാങ്കുകളിലും ഉണ്ടായി എന്നതാണ് പ്രസ്ഥാനത്തിന് കൂടുതൽ ആഘാതമേല്പിച്ചത്.

നിക്ഷേപം സ്വീകരിക്കുന്ന ചില പ്രാഥമിക സംഘങ്ങളിലാണ് ക്രമക്കേടുകൾ കാണുന്നത്. സംസ്ഥാനത്ത്,​ പ്രാഥമിക സഹകരണ സംഘങ്ങളിലെ നിക്ഷേപം കുറച്ചുകാലംകൊണ്ട് വൻതോതിൽ ഉയർന്നു. അതിനനുസരിച്ചുള്ള അക്കൗണ്ടിംഗ് - സുരക്ഷാ സംവിധാനങ്ങൾ ഈ സംഘങ്ങളിൽ വന്നിട്ടില്ല. അവയിൽ ചിലതാണ് ചുവടെ:

ഇന്റേണൽ

ചെക്ക് സിസ്റ്റം

ഈ സംവിധാനമുള്ളിടത്ത് ഒരാൾ ചെയ്യുന്ന പ്രവൃത്തി മറ്റൊരാൾ മുഖേന പരിശോധിക്കപ്പെടും. അതായത്,​ ഒരാൾ പണമടച്ചാൽ അക്കാര്യം ആദ്യം കാഷ്യർ ബോദ്ധ്യപ്പെടുന്നു. പിന്നീട്,​ ലഡ്‌ജറിൽ പോസ്റ്റ് ചെയ്യുന്നയാൾ മുഖേനയും പാസാക്കുന്നയാൾ മുഖേനയും ഇതേ പ്രവൃത്തി പരിശോധിക്കപ്പെടും. പലരും അറിഞ്ഞേ ഒരു പണമിടപാട് നടത്താനാകൂ എന്ന് അർത്ഥം. പക്ഷേ,​ ഇതിന് മതിയായ ജീവനക്കാർ വേണം. ഇടപാടുകൾ കംപ്യൂട്ടർവത്‌കരിച്ചാലും ഈ സെക്യൂരിറ്റി സംവിധാനങ്ങൾ ഉണ്ടാകും. പക്ഷേ,​ ഓരോ ഉദ്യോഗസ്ഥനും നൽകിയിട്ടുള്ള യൂസർ ഐഡി/ പാസ്‌വേഡുകൾ മറ്റൊരാൾക്കു കൂടി ലഭ്യമാക്കിയാൽ മുഴുവൻ സുരക്ഷയും ഇല്ലാതാകും.

ജോയിന്റ്

കസ്റ്റഡി

സംഘത്തിന്റെ ക്യാഷ്, പണയ സ്വർണങ്ങൾ, പണയ സാധനങ്ങൾ തുടങ്ങിയവ കുറഞ്ഞത് രണ്ടുപേരുടെയെങ്കിലും ജോയിന്റ് കസ്റ്റഡിയിൽ ആയിരിക്കണം. ഇത്തരം വ്യവസ്ഥകൾ ഉള്ളിടത്തുപോലും അതു കൃത്യമായി പാലിക്കുന്നില്ല. സൂപ്പർവൈസറി തസ്തികയിലുള്ള ഒരു ഉദ്യോഗസ്ഥനും, ഒരു സാധാരണ ഉദ്യോഗസ്ഥനും ഒന്നിച്ചുപോയി മാത്രമേ വാൾട്ടുകൾ തുറക്കാനാകൂ. എന്നാൽ,​ ചില സന്ദർഭങ്ങളിൽ സൂപ്പർവൈസർ തന്റെ താക്കോൽ ക്ളാർക്കിന്റെ കൈയിൽ കൊടുക്കുന്നു. അപ്പോൾ രണ്ടു താക്കോലും ഒരാളുടെ കൈയിലാകും. റിലീസ് ചെയ്യേണ്ട സ്വർണ ഉരുപ്പടി ക്ളാർക്ക് എടുത്തു കൊണ്ടുവരുന്നു. അതിനൊപ്പം വേറെയും ചില സ്വർണ പായ്ക്കറ്റുകൾ ക്ളാർക്ക് കൈക്കലാക്കുന്നു!

സമഗ്രമായ പരിശോധന നടത്തുമ്പോഴേ സ്വർണം നഷ്ടപ്പെട്ടത് കണ്ടെത്താനാകൂ. ആധാരങ്ങൾ ഉൾപ്പെടുന്ന ബോണ്ടുകളുടെ കാര്യവും ഇങ്ങനെതന്നെ. സത്യസന്ധനല്ലാത്ത ഒരാൾ കൈവശപ്പെടുത്തുന്ന ആധാരം ഉപയോഗിച്ച് ആ സംഘത്തിൽത്തന്നെയോ മറ്റു സ്ഥാപനങ്ങളിൽ കൊടുത്തോ വീണ്ടും ലോണെടുക്കാൻ ഉപയോഗിക്കുന്നു. സ്ഥിരനിക്ഷേപത്തിന്റെ വായ്പാ ബോണ്ട് മോഷ്ടിച്ച് അതിന്റെ എഫ്.ഡി റെസീപ്റ്റ് ഉപയോഗിച്ചും വീണ്ടും ലോൺ എടുക്കാം. ജോയിന്റ് കസ്റ്റഡി സംവിധാനം കർശനമായി പാലിച്ചാലേ ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാനാകൂ.

സഹകരണത്തിൽ രാഷ്ട്രീയം വരുന്നതാണ് വെട്ടിപ്പിനു കാരണമെന്ന് പരക്കെ ആക്ഷേപമുണ്ട്. സഹകരണ സംഘം ജീവനക്കാർക്ക് രാഷ്ട്രീയ പാർട്ടികളിൽ അംഗത്വം അനുവദിക്കാതിരുന്നാൽ ഭരണസമിതിയും ഉദ്യോഗസ്ഥരും ചേർന്നുള്ള ഒത്തുകളി ഒഴിവാക്കാനാകും.

വിശ്വാസ്യതയും

നിക്ഷേപവും

ഒരു ബാങ്കിംഗ് സ്ഥാപനത്തിൽ നിക്ഷേപം നിലനിൽക്കുകയും വർദ്ധിക്കുകയും ചെയ്യുന്നത് നിക്ഷേപകരുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ്. വിശ്വാസം നഷ്ടപ്പെട്ടാൽ ഡെപ്പോസിറ്റ് റൺ ഉണ്ടാകും. അങ്ങനെ സംഭവിച്ചാൽ ഒരു ബാങ്കിനും ആവശ്യപ്പെടുന്നവർക്ക് പണം തിരികെ നൽകാനാവില്ല. ഈ സാഹചര്യത്തിൽ ആർ.ബി.ഐ സഹായിക്കാനെത്തും. ലെൻഡർ ഒഫ് ലാസ്റ്റ് റിസോർട്ട് എന്ന നിലയിലാണ് ഈ സഹായം. പ്രാഥമിക സഹകരണ സംഘങ്ങളുടെ പ്രതിസന്ധികൾ തരണം ചെയ്യാനും ഇത്തരം സംവിധാനങ്ങൾ വേണം.

സംസ്ഥാന സഹകരണ ബാങ്ക് പ്രാഥമിക സഹകരണ സംഘങ്ങളുടെ ബാങ്കേഴ്സ് ബാങ്ക് കൂടിയാണ്. അടിയന്തര സാഹചര്യങ്ങളിൽ പ്രാഥമിക സഹകരണ സംഘങ്ങളെ ലെൻഡർ ഒഫ് ലാസ്റ്റ് റിസോർട്ട് എന്ന നിലയിൽ സഹായിക്കാൻ സംസ്ഥാന സഹകരണ ബാങ്കിൽ വ്യവസ്ഥകയുണ്ടാകണം. പ്രാഥമിക സംഘങ്ങളിൽ വലിയ തോതിലുള്ള secured loans ഉണ്ട്. ഭൂമി പണയപ്പെടുത്തിയിട്ടുള്ളതാണ് മിക്കതും. ആ വസ്തുക്കൾ സംസ്ഥാന സഹകരണ ബാങ്കിന് ഈടു വരത്തക്ക രീതിയിൽ പ്രാഥമിക സംഘങ്ങൾ ബോണ്ടു നൽകിയാൽ സംസ്ഥാന സഹകരണ ബാങ്കിന് ലോൺ റീ - ഇംബേഴ്സ്‌മെന്റ് ആയി ആവശ്യമുള്ള തുക ലഭ്യമാക്കാനാകും.

തരള ധനത്തിന്റെ

ആവശ്യകത

ബാങ്കിംഗ് റെഗുലേഷൻ ആക്ടിനു കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാന സഹകരണ ബാങ്ക്, അർബൻ സഹകരണ ബാങ്കുകൾ എന്നിവ ഉൾപ്പെടെ എല്ലാ ബാങ്കുകളും നിക്ഷേപത്തിന്റെ നാലു ശതമാനമെങ്കിലും ക്യാഷ് റിസർവ് ആയും അതുൾപ്പെടെ 18 ശതമാനമെങ്കിലും തരള ധനമായും സൂക്ഷിക്കേണ്ടതുണ്ട്. ബാക്കി തുക മാത്രമേ വായ്പയായി നൽകാൻ പാടുള്ളൂ. തരള ധനമായി സൂക്ഷിക്കേണ്ട 18 ശതമാനത്തിൽ നാലു ശതമാനം ക്യാഷ് റിസർവ് കഴിച്ച് ബാക്കി തുക പെട്ടെന്ന് ക്യാഷ് ആക്കി മാറ്റാൻ കഴിയുന്ന സർക്കാർ ബോണ്ടുകളിലോ ഇതര അംഗീകൃത രീതികളിലോ നിക്ഷേപിക്കാം.

സഹകരണ ബാങ്കുകളാണെങ്കിൽ,​ സംസ്ഥാന സഹകരണ ബാങ്കിൽ എഫ്.ഡി ആയി നിക്ഷേപിച്ച് തരളധനം സൂക്ഷിക്കാം. ബാങ്കിംഗ് റെഗുലേഷൻ ആക്ടിനു കീഴിൽ വരാത്ത പ്രാഥമിക സഹകരണ സംഘങ്ങളും ഒരു നിശ്ചിത 25 ശതമാനം തരളധനം സൂക്ഷിക്കണമെന്ന നിർദ്ദേശമുണ്ടെങ്കിലും അത് പാലിക്കപ്പെടുന്നില്ല. അത് കൂടുതലാണെങ്കിലും മേൽ സൂചിപ്പിച്ച തരത്തിൽ പ്രാഥമിക സഹകരണ സംഘങ്ങളും തരളധനം സൂക്ഷിക്കാൻ കർശന വ്യവസ്ഥ വേണം. ലംഘിക്കപ്പെട്ടാൽ റിസർവ് ബാങ്ക് ചുമത്തുന്ന രീതിയിൽ ഫൈൻ ബാധകമാക്കണം.

ക്യാഷ് റിസർവ് ലഭ്യമാക്കാൻ സംസ്ഥാന സഹകരണ ബാങ്കിൽ നിന്ന് ഒ.ഡി അനുവദിക്കാവുന്നതാണ്. ഒ.ഡി പരിധിയിലെ പിൻവലിക്കാത്ത തുക ക്യാഷ് റിസർവ് ആയി കണക്കാക്കാം. തരള ധനം കൃത്യമായി സൂക്ഷിക്കാതെ ആവർത്തിച്ച് വീഴ്ച വരുത്തിയാൽ അത്തരം സംഘങ്ങൾക്ക് നിക്ഷേപം സ്വീകരിക്കുന്നതിൽ വിലക്ക് ഏർപ്പെടുത്തുന്നതിനും വ്യവസ്ഥ വേണം.

നിക്ഷേപ സ്വീകാര

അനുമതി

നിക്ഷേപ ഇൻഷ്വറൻസ് സ്‌കീമിൽ ചേരാത്തതും, കെ.വൈ.സി, മണി ലോണ്ടറിംഗ് ആക്ട് വ്യവസ്ഥകൾ പാലിക്കാത്തതും മേൽ വിവരിച്ച ചട്ടക്കൂടിൽ പ്രവർത്തിക്കാൻ കഴിയാത്തതുമായ പ്രാഥമിക സഹകരണ സംഘങ്ങൾക്ക് പൊതുജനങ്ങളിൽ നിന്ന് നിക്ഷേപം സ്വീകരിക്കാൻ അനുമതി നൽകിക്കൂടാ. അത്തരം സംഘങ്ങൾക്ക് അതിലെ അംഗങ്ങളിൽ നിന്നുമാത്രം പരിമിതമായ തോതിൽ നിക്ഷേപം സ്വീകരിക്കാം. എന്ത് ഉദ്ദേശ്യത്തിനാണോ അവ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്,​ അതു നടത്തിയെടുക്കാനുള്ള വായ്പാ സഹായം സംസ്ഥാന സഹകരണ ബാങ്കിൽ നിന്ന് തേടാവുന്നതാണ്.

ഒത്തുകളിക്ക്

വിരാമമിടാം

മുകളിൽ ചർച്ചചെയ്ത ഇന്റേണൽ ചെക്ക് സിസ്റ്റം, ജോയിന്റ് കസ്റ്റഡി തുടങ്ങിയവയൊക്കെ ഉണ്ടെങ്കിലും ഒത്തുകളിയിലൂടെ അപഹരണത്തിന് സാദ്ധ്യതയുണ്ട്. പ്രൈമറി അഗ്രികൾച്ചറൽ ക്രെ‌ഡിറ്റ് സൊസൈറ്റികളിലെ ചീഫ് എക്സിക്യുട്ടീവ് എന്നത് സെക്രട്ടറി അല്ലെങ്കിൽ എം.ഡി ആയിരിക്കും. ആ സംഘത്തിലെ സ്റ്റാഫ് ആയതിനാൽ ഇദ്ദേഹത്തെ സ്ഥലം മാറ്റാനാകില്ല. അതുകൊണ്ട് സമാന സംഘങ്ങളുടെ ഒരു കേഡർ ഉണ്ടാക്കി അഞ്ചു വർഷത്തിലൊരിക്കൽ സ്ഥലംമാറ്റാൻ വ്യവസ്ഥയുണ്ടാകണം. സംഘം പ്രസിഡന്റുമാരെയും തുടർച്ചയായി പത്തു വർഷത്തിലധികം കാലം ഇരിക്കാൻ അനുവദിച്ചുകൂടാ. എല്ലാ ജീവനക്കാർക്കും വർഷംതോറും ചുമതലകൾ മാറ്റിനൽകണം. കൺകറന്റ് ഓഡിറ്റിംഗിന്റെ മികവ് കൂട്ടണം. സംസ്ഥാന സഹകരണ ബാങ്കിന്റെ സഹായത്തോടെ ഇന്റേണൽ ഓഡിറ്റ് സംവിധാനവും കൊണ്ടുവരണം.

സഹകരണ പ്രസ്ഥാനം ദുർബലമായാൽ സാധാരണക്കാർക്ക് വായ്പ ലഭിക്കുന്നത് ബുദ്ധിമുട്ടാകും. ക്രെഡിറ്റ് റേറ്റിംഗുള്ള മികച്ച ഇടപാടുകാർക്കു മാത്രമായിരിക്കും വായ്പ ലഭിക്കുക. സാധാരണക്കർക്ക് അവരുടെ അടിയന്തരവും തീവ്രവുമായ ആവശ്യങ്ങൾക്കു മുന്നിൽ കണ്ണീർ വാർക്കാനേ കഴിയൂ. സഹകരണ ബാങ്കുകൾ നാടിന്റെയും നാട്ടുകാരുടെയും സ്വന്തം ബാങ്കാണ്. ആഴത്തിൽ വേരൂന്നിയിട്ടുള്ളതാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനം. ചില നീചന്മാരുടെ ഒറ്റപ്പെട്ട പ്രവൃത്തി കാരണം അതു തകർന്നുകൂടാ.

തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്ക് (കേരളാ ബാങ്ക്)​ മുൻ ജനറൽ മാനേജർ ആണ് ലേഖകൻ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FRAUD
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.