ജനങ്ങളുടെ അജ്ഞത ഏറ്റവും കൂടുതൽ ചൂഷണം ചെയ്യപ്പെടുന്ന മേഖലകളിലൊന്നാണ് സ്വകാര്യ മേഖലയിലെ ആരോഗ്യ പരിപാലനം. മലയാളികൾ ഇപ്പോൾ ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്നത് വിദ്യാഭ്യാസത്തിനും ആരോഗ്യ സംരക്ഷണത്തിനുമാണ്. അതുകൊണ്ടുതന്നെ ഈ രണ്ടു രംഗത്തും കച്ചവടക്കണ്ണുമായി നിരവധി പേർ കഴിഞ്ഞ രണ്ട് ദശാബ്ദത്തിനുള്ളിൽ നിക്ഷേപങ്ങൾ നടത്തിയത് പല രീതിയിലും കേരളത്തിനുതന്നെ തിരിച്ചടിയായിരിക്കുകയാണ്.
നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ നമുക്കുണ്ടെങ്കിലും മികവിന്റെ കേന്ദ്രങ്ങൾ എന്നു വിളിക്കാവുന്ന സ്ഥാപനങ്ങൾ കുറവായി. എൻജിനിയറിംഗ് കോളേജുകളിലും മറ്റും പഠിക്കാൻ കുട്ടികളെ കിട്ടാതായി. പ്ളസ് ടു കഴിഞ്ഞാൽ അന്യസംസ്ഥാനങ്ങളിലെ മികച്ച സ്ഥാപനങ്ങളിലേക്കോ അന്യനാടുകളിലേക്കോ ആണ് കുട്ടികൾ പഠനത്തിനായി പോകുന്നത്. അതിനാൽ വിദ്യാഭ്യാസ രംഗത്ത് പഴയതുപോലെ മുതൽമുടക്കാൻ ആളുകൾ മുന്നോട്ടു വരുന്നില്ല. എന്നാൽ സ്വകാര്യ ആശുപത്രികളുടെ സ്ഥിതി അതല്ല. ചെറുതും വലുതമായ നിരവധി ആശുപത്രികൾ കേരളത്തിൽ കൂണുകൾ പോലെ മുളച്ചുകൊണ്ടിരിക്കുകയാണ്. അമിത ലാഭം കൊയ്യാൻ പറ്റിയ ഇടമെന്ന രീതിയിൽ ഈ രംഗത്തേക്ക് വരുന്നവരും കുറവല്ല.
ഇതിന്റെ ഭാഗമായി അനഭിലഷണീയമായ പല കാര്യങ്ങളും ഈ രംഗത്ത് നടന്നുവരുന്നുണ്ട്. അതിലൊന്നാണ് സ്വകാര്യ ആശുപത്രികൾ ചുമത്തുന്ന അമിത ബില്ലുകൾ. ഇൻഷുറൻസ് ക്ളെയിം നിഷേധത്തിന് സ്വകാര്യ ആശുപത്രികൾ ചുമത്തുന്ന അമിത ബില്ലും കാരണമാകുന്നതായി ചൂണ്ടിക്കാട്ടുന്ന വാർത്ത ഇന്നലെ ഞങ്ങൾ നൽകിയിരുന്നു. ഇൻഷുറൻസ് പരിരക്ഷയുള്ളവരെ ഒരു വിഭാഗം ആശുപത്രികൾ അമിത ചൂഷണത്തിന് വിധേയരാക്കുന്നുണ്ട് എന്ന ആരോപണം നേരത്തേ മുതൽ ഉള്ളതാണ്. ക്ളെയിം ലഭിക്കുന്നതിനാൽ രോഗിയും പരാതിക്കൊന്നും പോകില്ല. എന്നാൽ ഈയിടെയായി, ഇത്തരം ആവശ്യമില്ലാത്ത പരിശോധനകൾ നടത്തിയാൽ കമ്പനികൾ ക്ളെയിം നിരസിക്കുന്ന സംഭവങ്ങൾ തുടരെയുണ്ടായി. ഇതോടെയാണ് സ്വകാര്യ ആശുപത്രികളുടെ അമിത ബില്ലിന്റെ പ്രശ്നവും ചർച്ചയായിരിക്കുന്നത്.
ആരോഗ്യ പരിരക്ഷാ പദ്ധതികളിൽ അംഗമായവരുടെ ക്ളെയിമുകൾ നിരസിക്കുന്നതിന് എതിരെയുള്ള പരാതികൾ ഇൻഷുറൻസ് ഓംബുഡ്സ്മാനിലും ഉപഭോക്തൃ തർക്കപരിഹാര കോടതികളിലും ഇരട്ടിച്ചിട്ടുണ്ട്. കൊവിഡ് പരിരക്ഷയ്ക്ക് ഉൾപ്പെടെ ക്ളെയിമുകൾ നിഷേധിച്ച കമ്പനികളോട് നഷ്ടപരിഹാരം നൽകാൻ ഇത്തരം നീതിനിർവഹണ സംവിധാനങ്ങൾ ഉത്തരവിട്ടിരുന്നു. ഇൻഷുറൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും വ്യത്യസ്ത നിരക്കിലാണ് ചില സ്വകാര്യ ആശുപത്രികൾ ബിൽ നൽകുന്നത്. ഇൻഷുറൻസ് ഉള്ളവരിൽ നിന്ന് ഇല്ലാത്തവരേക്കാൾ ഇരട്ടിയിലധികം തുക ഈടാക്കുന്ന ആശുപത്രികളുണ്ട്.
അനാവശ്യ ടെസ്റ്റുകൾ, സ്കാനിംഗ്, ശസ്ത്രക്രിയകൾ, കൂടുതൽ ദിവസത്തെ കിടത്തി ചികിത്സ തുടങ്ങിയവ നടത്തിയാണ് ബിൽ കൂട്ടുന്നത്. ഇതു കണ്ടുപിടിക്കുന്ന കമ്പനികൾ അക്കാരണം ചൂണ്ടിക്കാട്ടി ക്ളെയിം നിരസിക്കും. ഇനി അഥവാ, ക്ളെയിം കിട്ടിയാൽത്തന്നെ അതിനു പുറമെ ഒരു വലിയ തുക രോഗിയിൽ നിന്ന് ഈടാക്കുകയും ചെയ്യും. ആശുപത്രികൾ തോന്നുന്ന രീതിയിൽ ബിൽ ചാർജ് ചെയ്യുന്നത് തുടർന്നാൽ കാലക്രമേണ ഈ മേഖലയെയും തകർക്കാനേ അത് ഇടയാക്കൂ.
മാലിക്കാർ ഇവിടേക്ക് ചികിത്സയ്ക്ക് വരുന്നതു പോലെ മലയാളികൾ അന്യ സംസ്ഥാനങ്ങളിലേക്ക് ചികിത്സയ്ക്കു പോകേണ്ട സ്ഥിതി വരില്ലെന്ന് പറയാനാകില്ല. ഇതു മുൻകൂട്ടിക്കണ്ട് സ്വകാര്യ ആശുപത്രികൾ ഒരേ ചികിത്സയ്ക്ക് പരിധി ലംഘിക്കുന്ന രീതിയിൽ വ്യത്യസ്ത നിരക്ക് ഈടാക്കുന്നത് തടയാൻ സർക്കാർ ഒരു റഗുലേറ്ററി ബോർഡ് രൂപീകരിക്കേണ്ടത് അനിവാര്യമാണ്. അങ്ങനെ വരുമ്പോൾ ഇൻഷുറൻസ് പരിരക്ഷയുള്ളവരെ ചൂഷണം ചെയ്യുന്നതും അമിത ബില്ലും കുറച്ചെങ്കിലും തടയാനാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |