തിരുവനന്തപുരം: നാളെ തുടങ്ങുന്ന സമ്മേളനത്തിൽ എട്ടു ബില്ലുകൾ അവതരിപ്പിക്കാൻ മന്ത്രിസഭാ യോഗം അംഗീകാരം നൽകി. കിടപ്പാടം ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ജപ്തി ചെയ്യുന്നത് ഒഴിവാക്കാനുള്ള നിയമം ഉൾപ്പെടെയുള്ള ബില്ലുകളാണ് നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കുക. താമസിക്കാൻ മറ്റ് സ്ഥലങ്ങളില്ലാത്തവരുടെ ഏക കിടപ്പാടം ജപ്തി ചെയ്യുന്നതൊഴിവാക്കാനാണ് നിയമം വരുന്നത്. തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കുന്ന 'കേരള ഏക കിടപ്പാടം സംരക്ഷണ ബില്ലി'ന്റെ കരട് മന്ത്രിസഭ അംഗീകരിച്ചു.
തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാരണത്താൽ (മനപൂർവമായി വീഴ്ച വരുത്താത്ത) തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് പാർപ്പിടം ജപ്തി ചെയ്യപ്പെടുമെന്ന ഭീഷണി നേരിടുന്നവർക്കാകും നിയമം സംരക്ഷണം നൽകുക. ഇക്കാര്യം കണ്ടെത്താൻ ജില്ലാ, സംസ്ഥാന തലങ്ങളിൽ സമിതികളുണ്ടാകും. മൂന്നുലക്ഷം രൂപയിൽ താഴെയാകണം വാർഷിക വരുമാനം. ആകെ വായ്പാതുക അഞ്ചു ലക്ഷവും പിഴയും പിഴപ്പലിശയും അടക്കം 10 ലക്ഷം കവിയുകയുമരുത്.
ധനകാര്യ സ്ഥാപനങ്ങളുടെ ബാധ്യത വ്യവസ്ഥകളോടെ ഒഴിവാക്കാൻ സർക്കാർ പ്രത്യേക നിധിയും രൂപീകരിക്കും. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ, മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ തുടങ്ങിയയിടങ്ങളിൽ നിന്നുള്ള വായ്പയെടുത്തവർക്ക് സംരക്ഷണമുണ്ടാകില്ല.
പൊതുമേഖലാ ബാങ്കുകൾ, ദേശസാൽകൃത ബാങ്കുകൾ, സഹകരണ സ്ഥാപനങ്ങൾ, കെഎസ്എഫ്ഇ, കെഎഫ്സി പോലുള്ള സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങളിൽനിന്നു വായ്പ എടുത്തവർക്കാണ് സംരക്ഷണം ലഭിക്കുക.
മനുഷ്യരെ ആക്രമിക്കുന്ന ആന,കടുവ,പുലി എന്നിവയെ വെടിവയ്ക്കാൻ അനുമതി നൽകുന്നതിനുള്ള അധികാരം കേന്ദ്രസർക്കാരിൽ നിന്ന് സംസ്ഥാനത്തിന് കിട്ടാനും കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് കൊല്ലാനും ഇറച്ചികഴിക്കാനും അനുമതി നൽകുന്ന വനംവന്യജീവി സംരക്ഷണനിയമഭേദഗതി, സ്വകാര്യഭൂമിയിലെ ചന്ദനമരം വനംവകുപ്പ് മുഖേന മുറിച്ചുവിറ്റ് പണം വാങ്ങാൻ അനുമതി നൽകുന്ന വനനിയമഭേദഗതി, കയർതൊഴിലാളിക്ഷേമനിധിയുടെ പ്രവർത്തനം ഊർജ്ജിതമാക്കുന്നതിനുള്ള നിയമഭേദഗതി, 2025ലെ കേരള വ്യവസായ ഏകജാലക ക്ലിയറൻസ് ബോർഡുകളും വ്യവസായ നഗരപ്രദേശ വികസനവും ഭേദഗതി കരട് ബിൽ,ബോർഡുകളും കമാനങ്ങളും സ്ഥാപിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയുള്ള ഹൈക്കോടതി വിധിയെ മറികടക്കാനായി മുനിസിപ്പൽ ആക്ടിലും പഞ്ചായത്ത്ആക്ടിലും ഭേദഗതി വരുത്തിക്കൊണ്ടുള്ള രണ്ട് ബില്ലുകൾ,ഡിജിറ്റൽ റീസർവ്വേയ്ക്ക് ശേഷം സ്വന്തം പറമ്പിൽ അധികമായി കണ്ടെത്തിയ ഭൂമിക്ക് കരം അടച്ച് സ്വന്തമാക്കാൻ അനുമതി നൽകുന്ന 2025 ലെ കേരള സ്വകാര്യ കൈവശത്തിലുള്ള അധിക ഭൂമി ക്രമവൽക്കരണ ബിൽ, കാളപൂട്ട്, കന്നുപൂട്ട്, മരമടി , ഉഴവ് മത്സരങ്ങൾ തുടർന്നും നടത്തുന്നതിന് ആവശ്യമായ നിയമനിർമാണം നടത്തുന്നതിനുള്ള ബിൽ എന്നിവയാണ് നിയമസഭയിൽ അവതരിപ്പിക്കുക
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |