ആലപ്പുഴ: നെല്ലിന്റെ സംഭരണ വില സർക്കാർ കൂട്ടാത്തതിനാൽ കുട്ടനാട്ടിലെ കർഷകർ കടക്കെണിയിൽ. വർദ്ധിച്ച ഉത്പാദനച്ചെലവിൽ കടക്കെണിയിലായവരിൽ അധികവും പാട്ടക്കർഷകരാണ്.
ചെലവുമായി തട്ടിച്ചുനോക്കുമ്പോൾ കിലോയ്ക്ക് 31.35 രൂപയെങ്കിലും കിട്ടേണ്ടിടത്ത് സപ്ളൈകോ നൽകുന്നത് കേന്ദ്രവിഹിതമുൾപ്പെടെ 28.20 രൂപയാണ്. ഒരു ഏക്കർ നിലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന കർഷകന് നിലവിൽ സർക്കാർ നൽകുന്ന നെല്ലിന്റെ വിലയനുസരിച്ച് കൃഷിചെലവുകളും പാട്ടത്തുകയുമെല്ലാം കിഴിച്ച് നാലുമാസത്തെ അദ്ധ്വാനത്തിന്റെ കൂലിയെ ദിവസം കൊണ്ട് ഭാഗിച്ചാൽ ഒരുദിവസം കിട്ടുന്നത് 33.33 രൂപയാണ്.
ഒരു തൊഴിലുറപ്പ് തൊഴിലാളിക്ക് പ്രതിദിനം 333 രൂപ കൂലിയായി ലഭിക്കുമ്പോഴാണ് വിതമുതൽ വിളവെടുപ്പുവരെ നാലുമാസം പാടത്ത് പണിയെടുക്കുന്ന കർഷകന് അതിന്റെ പത്തിലൊന്നുപോലും കിട്ടാത്ത സ്ഥിതി വിശേഷം.
നെൽവില കൂട്ടാനോ സംഭരണവില യഥാസമയം നൽകാനോ തയ്യാറാകാത്തതിന് പുറമേ പി.ആർ.എസ് വായ്പയുടെ പേരിൽ ലോണുകൾ പോലും നിഷേധിക്കപ്പെടുന്ന സാഹചര്യത്തിൽ കൃഷി അവസാനിപ്പിക്കാനുള്ള ആലോചനയിലാണ് കർഷകർ.
സംസ്ഥാന വിഹിതം വർദ്ധിപ്പിച്ചിട്ട് നാലു വർഷം
1.വർഷാവർഷം സംസ്ഥാന വിഹിതം വെട്ടിക്കുറയ്ക്കുന്നതാണ് കർഷകനെ കടത്തിലേക്കും ആത്മഹത്യയിലേക്കും തളളിവിടുന്നത്. 2.കേന്ദ്രം ഓരോവർഷവും താങ്ങുവില വർദ്ധിപ്പിക്കുൾ സംസ്ഥാനം അതിന് ആനുപാതികമായി വിഹിതം കുറയ്ക്കുന്നു
3 2019ന് ശേഷം നയാപ്പൈസ വർദ്ധിപ്പിക്കാൻ തയ്യാറാകാത്ത സംസ്ഥാന സർക്കാർ, നാലുവർഷത്തിനിടെ 2.43 രൂപയാണ് വെട്ടിക്കുറച്ചത്
4.തുക വെട്ടികുറയ്ക്കാതെ കേന്ദ്ര വിഹിതത്തിന് ആനുപാതികമായി വർദ്ധിപ്പിച്ചിരുന്നെങ്കിൽ 31.35രൂപ കർഷകന് ലഭിക്കുമായിരുന്നു.
പാട്ടകൃഷിയും ചെലവും
(ഏക്കറിന്)
പാട്ടത്തുക: 20,000
കൃഷിചെലവ് : 31,400
ആകെ: 51,400
നെല്ല് ശരാശരി: 2000 കിലോ
നെല്ല് വില : 28.20രൂപ (കിലോയ്ക്ക്)
ആകെ വരുമാനം : 56,400
ചെലവ് കഴിച്ച് കിട്ടുക : 5000
അദ്ധ്വാനം:150 ദിവസം
ദിവസത്തിൽ വിഭജിച്ചാൽ : 33.33രൂപ
തൊഴിലുറപ്പ് കൂലി: 333 രൂപ
നെല്ലിന്റെ താങ്ങുവില
(വർഷം, കേന്ദ്രവിഹിതം, സംസ്ഥാന വിഹിതം , ആകെ വില (കിലോയ്ക്ക്) )
2015-16.....14.10..........7.40......21.50
2016-17.....14.70..........7.80.......22.50
2017-18.....15.50..........7.80.......23.30
2018-19.....17.50........ 7.80........25.30
2019-20.....18.15.........8.80........26.95
2020-21.....18.68..........8.80.......27.48
2021-22.....19.40.........8.60 ......28.00
2022-23.....20.40.........7.80.......28.20
2023-24.....21.83..........6.37......28.20
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |