കുന്നംകുളം: ചൊവ്വന്നൂർ അഞ്ചാം വാർഡിൽ മുറ്റത്തെ മുല്ല വായ്പാ പദ്ധതിയുമായി ബന്ധപ്പെട്ട തട്ടിപ്പിൽ കേസെടുത്ത് അന്വേഷിക്കാൻ കുന്നംകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവ്. ചൊവ്വന്നൂർ പഞ്ചായത്ത് അഞ്ചാം വാർഡിൽ ഉദയം കുടുംബശ്രീക്ക് കീഴിലുള്ള അംഗങ്ങൾക്ക് വായ്പയായി നൽകുന്നതിന് കാണിപ്പയ്യൂർ സഹകരണ ബാങ്കിൽനിന്ന് എടുത്ത പണം തിരിച്ചടയ്ക്കാതെ തട്ടിപ്പ് നടത്തിയെന്നാണ് പരാതി.
എ.സി.പി.ക്ക് പരാതി നൽകി 20 ദിവസം പിന്നിട്ടിട്ടും പൊലീസ് അന്വേഷണം ഇല്ലാത്ത സാഹചര്യത്തിൽ അഭിഭാഷക വി.ആർ.ഭവ്യയാണ് സ്വകാര്യ അന്യായം ഫയൽ ചെയ്തത്. കുടുംബശ്രീ പ്രസിഡന്റ് രജിതാ ഷിബു, സെക്രട്ടറി പ്രമീള എന്നിവരുടെ നേതൃത്വത്തിലാണ് പണം വായ്പയെടുത്തത്. കൃത്യമായി കുടുംബശ്രീയിൽ തിരിച്ചടച്ചവരുടെ പേരിലും ബാങ്കിന്റെ നോട്ടീസ് വന്നതോടെയാണ് തട്ടിപ്പ് പുറത്താകുന്നത്. ആറ് മാസമായി തിരിച്ചടവ് മുടങ്ങിയതോടെയാണ് ബാങ്ക് അധികൃതർ അംഗങ്ങൾക്ക് നോട്ടീസ് നൽകിയത്. ഒക്ടോബർ 26നാണ് വഞ്ചനയ്ക്ക് ഇരയായവർ എ.സി.പി.ക്ക് പരാതി നൽകിയത്. 25,000 രൂപ വീതം 40 പേർക്ക് നൽകിയവരുടെ വിവരങ്ങളും രേഖകളും കുടുംബശ്രീ ഭാരവാഹികൾ പൊലീസിൽ ഹാജരാക്കിയിരുന്നില്ല. ഇതോടെയാണ് കോടതിയെ സമീപിച്ചത്. തട്ടിപ്പിനിരയായ കുടുംബശ്രീ അംഗങ്ങൾക്ക് കാണിപ്പയ്യൂർ സർവീസ് സഹകരണസംഘത്തിൽ നിന്ന് രേഖകൾ നൽകുന്നില്ലെന്നും ബാങ്ക് അധികൃതരും തട്ടിപ്പിന് കൂട്ടുനിൽക്കുകയാണെന്നും ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |