SignIn
Kerala Kaumudi Online
Saturday, 03 October 2026 3.30 AM IST

പ്രതിസന്ധികളിൽ സർക്കാർ തളർന്നില്ല: മുഖ്യമന്ത്രി

pinarayi

കണ്ണൂർ: പ്രതിസന്ധികളിൽ തളരാതെ നാടിനെ നവകേരളമാക്കി മാറ്റാൻ 2016 മുതൽ എൽ.ഡി.എഫ് സർക്കാരിന് സാധിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ണൂരിലെ പയ്യന്നൂർ, കല്യാശ്ശേരി, തളിപ്പറമ്പ്, ഇരിക്കൂർ മണ്ഡലങ്ങളിൽ നടന്ന നവകേരളസദസുകളിലാണ് വികസന നേട്ടങ്ങൾ നിരത്തിയുള്ള മുഖ്യമന്ത്രിയുടെ അവകാശവാദം.

നാടിന്റെ വികസനത്തിനായി സർക്കാർ കൂടുതൽ വേഗതയോടെ പ്രവർത്തിക്കും. ജന പിന്തുണയാണ് മന്ത്രിസഭയുടെ കരുത്ത്. നവകേരള സദസിലെ ജനപ്രവാഹത്തിലും അതാണ് കാണുന്നത്. വികസനത്തിലൂടെ വികസിത രാജ്യങ്ങളിലെ മദ്ധ്യ വരുമാനക്കാരുടെ തോതിലേക്ക് കേരളത്തെ ഉയർത്താനാകും.

നടക്കില്ലെന്നുറപ്പിച്ച പലപദ്ധതികളും യാഥാർത്ഥ്യമാക്കാൻ സർക്കാരിന് സാധിച്ചു. ദേശീയപാത വികസനം മികച്ച രീതിയിൽ മുന്നോട്ടുപോകുന്നു. മുൻസർക്കാരുകൾ ഭൂമിയേറ്റെടുത്ത് നൽകാത്തതിനാൽ 5500 കോടിയിലധികം രൂപ സർക്കാർ കേന്ദ്രത്തിന് നൽകേണ്ടിവന്നു. ദേശീയപാത വികസനത്തിൽ 25 ശതമാനവും കേരളത്തിന്റെ ഫണ്ടാണ്. മലയോര-തീരദേശ ഹൈവേകളുടെ പ്രവൃത്തികളും തുടരുകയാണ്. പതിനായിരം കോടിയുടെ പ്രവൃത്തിയാണിത്. ഗെയിൽ പദ്ധതി വ്യവസായങ്ങൾക്കടക്കം ഇന്ധനമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 നവകേരളസദസ് അശ്ലീല നാടകം: സതീശൻ
സർക്കാരിന്റെ അഴിമതി മറച്ചുവയ്ക്കാനുള്ള അശ്ലീല നാടകമാണ് നവകേരളസദസെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പറഞ്ഞു.
പൗരപ്രമുഖരുമായി നേരിട്ട് സംസാരിക്കുന്ന മുഖ്യമന്ത്രി സാധാരണ ജനങ്ങൾക്ക് മുന്നിലെത്താതെ ആകാശവാണിയാകുകയാണ്. അഞ്ചുമാസം മുമ്പ് മന്ത്രിമാർ പങ്കെടുത്ത താലൂക്ക് അദാലത്തിൽ പരാതികൾ വാങ്ങിവച്ചതല്ലാതെ ഒരു നടപടിയും ഉണ്ടായില്ല. നാട്ടുകാരുടെ ചെലവിൽ മുഖ്യമന്ത്രിയും മന്ത്രിമാരും തിരഞ്ഞെടുപ്പ് പ്രചരണം നടത്തുകയാണ്. ജനകീയ പ്രശ്നങ്ങൾ പരിഹരിക്കാൻ തിരുവനന്തപുരത്ത് ഇരുന്ന് നന്നായി ഭരിച്ചാൽ മതി. കേരളത്തിൽ രാജഭരണകാലമല്ല. രാജാവാണെന്നും രാജഭരണമാണെന്നുമുള്ള ധാരണയിലാണ് മുഖ്യമന്ത്രി. അധികാരം തലയ്ക്ക് പിടിച്ചത് കൊണ്ട് ജനാധിപത്യ ഭരണമാണെന്നത് മുഖ്യമന്ത്രി മറന്നുപോയി. നെഗറ്റീവ് പബ്ലിസിറ്റി കിട്ടിയൊരു പരിപാടിയാണ് നവകേരളത്തിന്റെ പേരിലുള്ള കെട്ടുകാഴ്ചയെന്നും അദ്ദേഹം പരിഹസിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PINARAYI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA