കോഴിക്കോട്: യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിനെതിരെ സംസ്ഥാന വ്യാപകമായി പരാതി ഉയരുമ്പോൾ വ്യാജതിരിച്ചറിയൽ കാർഡ് ഉപയോഗിച്ചെന്ന് ആരോപിച്ച് കോഴിക്കോട്ടും പരാതി. ഉണ്ണികുളം മണ്ഡലം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജിതിൻ ലാൽ വ്യാജ ഐ.ഡി കാർഡ് നിർമിച്ചാണ് മത്സരിച്ചതെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് അഖിലേന്ത്യ റിസേർച്ച് കോർഡിനേറ്റർ ഷഹബാസ് വടേരിയാണ് സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയത്.
ജിത്തുലാൽ, വി.ടി നിഹാൽ, ജെറിൽ ബോസ് എന്നിവരെയും പ്രതിചേർത്താണ് പരാതി. മൂവരും ചേർന്ന് ഗൂഢാലോചന നടത്തി വ്യാജ രേഖകൾ ചമച്ച് ഇലക്ഷൻ പ്രക്രിയകൾ അട്ടിമറിച്ചെന്നും പരാതിയിലുണ്ട്. വി.ടി നിഹാൽ സംസ്ഥാന ജനറൽ സ്ഥാനത്തേക്ക് പരാജയപ്പെടുകയായിരുന്നു. ജെറിൽ ബോസ്ജില്ലാ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
സംഘടനാ ചട്ടങ്ങൾ പ്രകാരം1987 ഒക്ടോബർ അഞ്ചിനും 2005 സെപ്തംബർ അഞ്ചിനും ഇടയിൽ ജനിച്ചവർക്കാണ് യൂത്ത് കോൺഗ്രസ് അംഗത്വത്തിന് യോഗ്യതയുള്ളത്. എന്നാൽ ജിതിൻ 1987 ജനുവരി 20ന് ജനിച്ചയാളാണ് എന്ന് അദ്ദേഹത്തിന്റെ പാൻ കാർഡ് വ്യക്തമാക്കുന്നുണ്ട്. ഇതിൽ തിരുത്തൽ വരുത്തിയാണ് മൊബൈൽ ആപ്ലിക്കേഷൻ വഴി ജിതിൻ അംഗത്വം എടുത്തത്. ജിത്തുലാൽ മുഖേന മെമ്പർഷിപ്പ് എടുത്ത അനേകം വ്യക്തികൾ വി.ടി നിഹാൽ, ജെറിൽ ബോസ് എന്നിവർക്കാണ് വോട്ട് രേഖപ്പെടുത്തിയത്.വിഷയത്തിൽ പ്രതികൾക്കെതിരെ വ്യാജരേഖകൾ ചമച്ചതിനെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |