നിയമം നോക്കാതെ സർക്കാർ ലാഘവത്തോടെ പുറപ്പെടുവിക്കുന്ന ചില ഉത്തരവുകൾ ഉദ്യോഗം കാത്തിരിക്കുന്ന യുവതീയുവാക്കൾക്ക് എത്ര വലിയ പ്രഹരമാകുമെന്ന് വിളിച്ചുപറയുന്നതാണ് കെ.എസ്.ഇ.ബി മീറ്റർ റീഡർ, സ്പോട്ട് ബില്ലർ തസ്കിക സംബന്ധിച്ച് കഴിഞ്ഞ ദിവസം ഹൈക്കോടതി ഡിവിഷൻ ബഞ്ച് പുറപ്പെടുവിച്ച വിധിന്യായം. ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കാനുള്ള വിജ്ഞാപനത്തിൽ ഉൾപ്പെടുത്താത്ത നിബന്ധനകൾ പിന്നീട് കൂട്ടിച്ചേർക്കുന്നത് നിയമവിരുദ്ധമാണ്. ഇതൊക്കെ പരിശോധിക്കുകയും ഉത്തരവു തയ്യാറാക്കുകയും ചെയ്യുന്നവർ കാണിച്ച വീഴ്ചയാണ് നൂറുകണക്കിന് ഉദ്യോഗാർത്ഥികൾക്ക് വിനയായി ഭവിച്ചിരിക്കുന്നത്.
വൈദ്യുതി ബോർഡിൽ മീറ്റർ റീഡർമാരെ തിരഞ്ഞെടുക്കാനുള്ള വിജ്ഞാപനം വന്നത് 2015 ജനുവരിയിലാണ്. എട്ടാംക്ളാസും ഐ.ടി.ഐയിൽ നിന്നുള്ള നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റുമാണ് യോഗ്യതയായി നിശ്ചയിച്ചിരുന്നത്. ആയിരക്കണക്കിനുപേർ അപേക്ഷകരായി ഉണ്ടായിരുന്നു. പരീക്ഷ നടത്തി പി.എസ്.സി 2021- ൽ റാങ്ക് ലിസ്റ്റും ഇറക്കി. എൻജിനിയർ ബിരുദധാരികളും ഡിപ്ളോമക്കാരുമൊക്കെ അടങ്ങിയതായിരുന്ന റാങ്ക് ലിസ്റ്റ്. ഈ യോഗ്യതകളുള്ളവരെയും മീറ്റർ റീഡർ തസ്തികയിലേക്ക് പരിഗണിക്കാമെന്ന് സർക്കാർ ഇടക്കാലത്ത് ഇറക്കിയ ഉത്തരവിന്റെ ബലത്തിലാണ് ഇവരൊക്കെ കടന്നുകൂടിയത്.
വിജ്ഞാപനത്തിൽ നിഷ്കർഷിക്കാത്ത യോഗ്യതയുള്ളവർക്ക് നിയമനം നൽകുന്നതിനെതിരെ ചിലർ കോടതിയിൽ പോയി. എൻ.ടി.സി സർട്ടിഫിക്കറ്റുകാരെ മാത്രമേ ഈ തസ്തികയിലേക്ക് പരിഗണിക്കാവൂ എന്നാണ് കോടതി വിധിച്ചിരിക്കുന്നത്. ഇതിനർത്ഥം, ഈ യോഗ്യതയില്ലാത്തവരെല്ലാം- ലിസ്റ്റിൽനിന്നു മാത്രമല്ല, നേരത്തേ നിയമനം നേടിയവരും- പുറത്താകുമെന്നാണ്. പി.എസ്.സിയിൽനിന്ന് നിയമന ശുപാർശ ലഭിച്ച, ജോലിക്കു കയറാൻ കാത്തിരിക്കുന്ന ഇരുനൂറുപേരും വഴിയാധാരമാകാൻ പോവുകയാണ്. അധിക യോഗ്യത കുറ്റമായി കാണാനാവില്ലെങ്കിലും വിജ്ഞാപനത്തിൽ പറയുന്ന യോഗ്യതയുടെ അടിസ്ഥാനത്തിലാവണമല്ലോ നിയമന ഉത്തരവ് നൽകാൻ.
ഇലക്ട്രിക്കൽ ഡിപ്ളോമ ഐ.ടി.ഐയുടെ ഉയർന്ന യോഗ്യതയായി അംഗീകരിച്ചുകൊണ്ടുള്ള വിജ്ഞാപനമിറക്കുന്നത് 2022 ജനുവരിയിലാണ്. വിജ്ഞാപനം വന്ന് കൃത്യം ഏഴുവർഷങ്ങൾക്കു ശേഷം. പി.എസ്.സി വഴിയുള്ള നിയമനങ്ങൾക്ക് കൃത്യമായ മാനദണ്ഡങ്ങൾ ഉണ്ടായിരിക്കെ, വിജ്ഞാപനമിറക്കിയശേഷം നടത്തുന്ന കൂട്ടിച്ചേർക്കലുകൾ നിയമവിരുദ്ധമാണെന്ന് അറിയാത്തവരാണോ പി.എസ്.സിയിലും ഭരണസിരാകേന്ദ്രത്തിലും മറ്റുമിരിക്കുന്നത്? ഐ.ടി.ഐക്കാർക്കു മാത്രമായി നീക്കിവച്ച ഒഴിവുകളിൽ ഉയർന്ന യോഗ്യതകളുള്ളവരെയും ഉൾപ്പെടുത്തുന്നത് അനീതിയാണ്. ഉത്തരവുകളിറക്കുമ്പോൾ പാലിക്കേണ്ട സൂക്ഷ്മതയും നിയമബോധവും വേണ്ടപോലെ ഉണ്ടായില്ലെന്നാണ് മനസിലാക്കേണ്ടത്.
സർക്കാർ ഭാഗത്തുണ്ടായ ഗുരുതരവീഴ്ചയ്ക്ക് നിരവധി പേരാണ് ബലിയാടുകളാകേണ്ടിവന്നത്. ഇന്നത്തെക്കാലത്ത് ഒരു സർക്കാർ ജോലി കിട്ടുകയെന്നത് എത്രമാത്രം വിഷമകരമായ കാര്യമാണെന്ന് എല്ലാവർക്കും അറിയാം. അപ്പോൾ, കിട്ടിയ ജോലി അപ്രതീക്ഷിതമായി തിരിച്ചെടുക്കുമ്പോഴുണ്ടാകുന്ന മാനസികാഘാതവും നിരാശയുമൊക്കെ താങ്ങാനാവാത്തതുതന്നെയാകും. വിവാദ ഉത്തരവിറക്കിയവർക്ക് അതൊന്നും പ്രശ്നമല്ലായിരിക്കാം. എന്നാൽ അനേകം കുടുംബങ്ങൾക്ക് വല്ലാത്ത ആഘാതമാകും ഇത്.
സംസ്ഥാന സർക്കാരിന്റെ സ്വന്തം സർവീസായ കെ.എ.എസിലെ കേഡർ തസ്തിക നിർണ്ണയം നിയമക്കുരുക്കിലേക്ക് നീങ്ങുന്നതും അനവധാനതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്തതിന് തെളിവാണ്. 174 തസ്തികകൾ നിർണ്ണയിക്കേണ്ടതിനുപകരം സർക്കാർ 105 തസ്തികകളാണ് കെ.എ.എസുകാർക്കായി നീക്കിവച്ചത്. സർക്കാർ നടപടിക്കെതിരെ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ പുറപ്പെടുവിച്ച വിധി മറികടക്കാൻ വഴിതേടുകയാണിപ്പോൾ. അപ്പപ്പോഴത്തെ സൗകര്യം കരുതി നിയമത്തിനും ചട്ടങ്ങൾക്കും നിരക്കാത്ത ഉത്തരവുകൾ പാസാക്കുന്നതിലെ അപകടം എത്ര അടികിട്ടിയാലും സർക്കാർ മനസിലാക്കുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |