മുഹമ്മ: ജീവിതത്തിൽ ഒറ്റപ്പെട്ടെങ്കിലും 85ാം വയസിലും സ്വയംഅദ്ധ്വാനിച്ച് അന്നന്നത്തെ അന്നത്തിന് വക കണ്ടെത്തി മുന്നോട്ടു നീങ്ങുകയാണ് മണ്ണഞ്ചേരി പഞ്ചായത്ത് ഏഴാം വാർഡ് തേവരുപറമ്പിൽ കമലമ്മ. ഭർത്താവ് 16വർഷം മുമ്പ് മരിച്ചു. മക്കളില്ല. കൂട്ടായുണ്ടായിരുന്ന ഏക സഹോദരിയും അടുത്തിടെ വാഹനാപകടത്തിൽ മരിച്ചു.
മണ്ണഞ്ചേരി നേതാജി ഗവ.യു.പി.സ്കൂളിനു സമീപം പലഹാരക്കട നടത്തിയാണ് കമലമ്മ ജീവിതച്ചെലവിന് വക കണ്ടെത്തുന്നത്. വാർദ്ധക്യത്തിലും ആരെയും ആശ്രയിക്കാതെ ജീവിക്കണമെന്ന ഇച്ഛാശക്തിയാണ് ഇതിന് പിന്നിൽ. രാവിലെ ഏഴിന് കട തുറക്കും. വൈകിട്ട് 5 മണിക്ക് കച്ചവടം അവസാനിപ്പിച്ച് മടങ്ങും. പപ്പടവട, പരിപ്പുവട,പഴം പൊരി, ഉണ്ണിയപ്പം, നെയ്യപ്പം തുടങ്ങിയവയാണ് കടയിലെ വിഭവങ്ങൾ. എല്ലാം ഉണ്ടാക്കുന്നതും കമലമ്മ തന്നെ. കൈപ്പുണ്യമുള്ള അമ്മയുടെ പലഹാരം രുചിക്കാൻ ഒത്തിരിപ്പേർ ദിവസവും എത്താറുണ്ട്. കടയിലേക്ക് ആവശ്യമായ സാധനങ്ങൾ രാവിലെ അടുത്തുള്ള കടയിൽനിന്ന് കടമായി വാങ്ങും. പലഹാരങ്ങൾ വിറ്റ് കിട്ടുന്നതിൽ നിന്ന് ഈ തുക നൽകിയിട്ടേ ദിവസവും വീട്ടിലേക്ക് മടങ്ങുകയുള്ളൂ. ഒരു വീട്ടുകാർ കരുണ തോന്നി നൽകിയ സ്ഥലത്താണ് ടിൻ ഷീറ്റടിച്ച കട. ഇതിന് വാടക നൽകേണ്ടതില്ലെന്നത് ആശ്വാസമാണ്.
ഒരു ചാനൽ പ്രവർത്തകർ നൽകിയ 7ലക്ഷം രൂപ കൊണ്ടാണ് അടുത്തിടെ കമലമ്മയ്ക്ക് സ്ഥലവും വീടും വാങ്ങിയത്. മുമ്പ് വാടക വീടുകളിൽ കഴിഞ്ഞിരുന്നതുകൊണ്ട് ഇതുവരെ റേഷൻ കാർഡ് ലഭിച്ചിട്ടില്ല. കാർഡ് ഉടൻ ലഭിക്കുമെന്ന അറിയിപ്പ് ലഭിച്ചതായി കമലമ്മ പറയുന്നു. ജീവിതത്തിൽ തിരിച്ചടികൾ ഓരോന്നായി വരുമ്പോഴും നേരിട്ട് മുന്നോട്ടു പോവുകയെന്നതാണ് കമലമ്മയുടെ പോളിസി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |