ആലപ്പുഴ : ജില്ലയിലെ പ്രധാന ആതുരാലയമായ മെഡിക്കൽ കോളേജിലെത്തുന്ന ആരും അറിയാതെ മൂക്കത്ത് വിരൽവച്ചുപോകും. ആക്രിക്കട തോൽക്കുന്ന പരിസരം, കേടായ ലിഫ്റ്രുകൾ, പ്രവർത്തനം നിലച്ച ഫാർമസി കൗണ്ടറുകൾ, പൂട്ടുവീണ കാന്റീൻ... ആരോഗ്യമന്ത്രി മിന്നൽ സന്ദർശനം പതിവാക്കിയിട്ടും ഈ ആശുപത്രി എന്താ ഇങ്ങനെ? ആലപ്പുഴ മെഡിക്കൽ കോളേജിന്റെ പ്രവേശന കവാടം മുതൽ പിന്നാമ്പുറം വരെ കാട് മൂടിയ നിലയിലാണ്. പ്രധാന പാതയുടെ ഇരുവശവും മുട്ടൊപ്പം പുല്ലും പാഴ്ചെടികളും വളർന്നു നിൽക്കുന്നു.
ജില്ലയിലെ ഫസ്റ്റ് റഫറൽ യൂണിറ്റുകളിൽ നിന്നോ താലൂക്ക് , ജില്ലാ, ജനറൽ ആശുപത്രികളിൽ നിന്നോ റഫർ ചെയ്ത് എത്തുന്ന രോഗികളാണ് മെഡിക്കൽ കോളേജിലെ ഒ.പിയിലെത്തുന്നത്. പുലർച്ചെ ആശുപത്രിയിലെത്തി ക്യൂനിന്ന് രജിസ്ട്രേഷൻ കഴിഞ്ഞെത്തുമ്പോൾ ഒ.പി കളിലെത്തുമ്പോൾ കാണുന്നത് ഹൗസ് സർജൻമാരെ. അപൂർവം ചില ഒ.പികളിലൊഴികെ പത്തുമണിക്ക് ശേഷമാണ് വകുപ്പ് മേധാവികളെത്താറുള്ളതെന്നാണ് വിവരം.
അരഡസനിലധികം ഫാർമസി കൗണ്ടറുകളുണ്ടെങ്കിലും മരുന്ന് വിതരണം രണ്ട് കൗണ്ടറുകളിൽ മാത്രമാണ്. ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണത്രെ കാരണം. ഇതുകാരണം ഡോക്ടറെ കാണുന്നതിലധികം സമയം മരുന്നുവാങ്ങാനായി വേണ്ടിവരുന്നു.
പൂട്ടിക്കെട്ടിയ ലിഫ്റ്റുകൾ, ക്യാമറകൾ നിശ്ചലം
ആശുപത്രിക്ക് അകത്തും പുറത്തുമായി കാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും മിക്കതും പ്രവർത്തനരഹിതമാണ്
എയ്ഡ് പോസ്റ്റിലെ പൊലീസുദ്യോഗസ്ഥരും സെക്യൂരിറ്റി ജീവനക്കാരുമാണ് ആകെയുള്ള തുണ
രാത്രിയായാൽ ആശുപത്രി പരിസരം സമൂഹവിരുദ്ധരുടെ താവളമായി മാറിയിട്ടുണ്ട്
അത്യാഹിതം, കുട്ടികളുടെ വിഭാഗം തുടങ്ങിയവയിലെ ലിഫ്റ്റുകൾ തകരാറിലായിട്ട് ആഴ്ചകളായി
ആളുകൾ പ്രവേശിക്കുന്നതൊഴിവാക്കാൻ പല ലിഫ്റ്റുകളും പൂട്ടിക്കെട്ടിവച്ചിരിക്കുകയാണ്
ജീവനക്കാർക്ക് ലിഫ്റ്റുകളുണ്ടെങ്കിലും അതിൽ രോഗികൾക്കോ കൂട്ടിരിപ്പുകാർക്കോ പ്രവേശനമില്ല.
മാസങ്ങളായി കാന്റീനില്ല
ആശുപത്രി ജീവനക്കാരുടെയും രോഗികളുടെയും ആശ്രയമായിരുന്ന കാന്റീൻ പൂട്ടിയിട്ട് മാസങ്ങളായി. നഷ്ടത്തിന്റെ പേരിൽ കരാറുകാരൻ ഉപേക്ഷിച്ചു പോയിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും മറ്റാർക്കെങ്കിലും കരാർ നൽകാൻ നടപടിയുമുണ്ടായില്ല. .
ആക്രിക്കട മാറിനിൽക്കും
വലിച്ചെറിയൽ മുക്തകേരളം കാമ്പെയിൻ അരങ്ങുതകർക്കുമ്പോൾ മെഡിക്കൽ കോളേജ് പരിസരം പാഴ് വസ്തുക്കൾ നിറഞ്ഞ് ആക്രിക്കയേക്കാൾ കഷ്ടമാണ്. പഴയ ഫർണിച്ചറുകൾ, ട്യൂബ് ലൈറ്റുകൾ, ഇരുമ്പ് സാധനങ്ങൾ എന്നിവ അവിടവിടെ കുന്നുകൂടികിടക്കുന്നു.
ഒ.പികളിൽ പ്രധാന ഡോക്ടർമാരുടെ അഭാവം അന്വേഷിക്കും.ലിഫ്റ്റുകൾ മിക്കതും പ്രവർത്തനക്ഷമമാണ്. ചുരുക്കം ചില ലിഫ്റ്റുകളുടെ തകരാറ് പരിഹരിക്കാൻനിർദേശം നൽകിയിട്ടുണ്ട്.വാടക കുടിശിക കാരണമാണ് കാന്റീൻ പ്രവർത്തനം നിലച്ചത്. മാർച്ചുവരെ അവർക്ക് കരാറുണ്ട്. ഈമാസം കുടിശിക അടയ്ക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. അടച്ചാലുടൻ പ്രവർത്തനം പുനരാരംഭിക്കും. പരിസരത്തെ ആക്രിസാധനങ്ങൾ 33ലക്ഷം രൂപയ്ക്ക് ലേലം ചെയ്തിട്ടുണ്ട്. ഉയർന്ന തുകയായതിനാൽ സാധനങ്ങൾകൊണ്ടുപോകാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടേറ്റിന്റെ അനുമതിവേണം. ആശുപത്രി പരിസരത്തെ കാടും പടലും നീക്കം ചെയ്യും. - സൂപ്രണ്ട്. മെഡിക്കൽകോളേജ് ആശുപത്രി
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |