SignIn
Kerala Kaumudi Online
Monday, 26 February 2024 12.41 PM IST

'തല്ല് കൊള്ളാൻ അവസരം കിട്ടിയത് എന്തുകൊണ്ടാ, ഡിവൈഎഫ്‌ഐ പ്രവർത്തകർ ജീവൻ രക്ഷിച്ചതുകൊണ്ടല്ലേ?'; നിലപാടിലുറച്ച് മുഖ്യമന്ത്രി

cm

വയനാട്: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്ഐ ആക്രമിച്ച സംഭവത്തിൽ വീണ്ടും ന്യായീകരണവുമായി മുഖ്യമന്ത്രി. അക്രമത്തെ പ്രോത്സാഹിപ്പിച്ചതല്ല, ബസ് തട്ടി മരിക്കേണ്ടിയിരുന്നവരെ രാഷ്ട്രീയം പോലും നോക്കാതെ രക്ഷിച്ചവരെ പിന്തുണയ്‌ക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സ്കൂൾ വിദ്യാർത്ഥികളെ പൊരിവെയിലത്ത് നിർത്തി മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. വയനാട് നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


'ഞാൻ ബസിന്റെ മുന്നിലാണ് ഇരുന്നത്. ഞാൻ കണ്ടകാഴ്ച പറഞ്ഞു. ഇനി അതിനുശേഷം വല്ലതും സംഭവിച്ചിട്ടുണ്ടെങ്കിലും അതിന് അവസരം കിട്ടിയത് എന്തുകൊണ്ടാ, അവർ രക്ഷപ്പെട്ടതുകൊണ്ടല്ലേ? നവകേരള ബസ് തട്ടി മരിച്ചു എന്ന ദുർഗതി ഉണ്ടായിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതി. അവരുടെ ജീവൻ രക്ഷിക്കാൻ ഇടപെട്ടവരെ ഞാൻ ഇപ്പോഴും പിന്തുണയ്‌ക്കുകയാണ്. അവർ ചെയ്തത് ശരിയായ രീതിയാണ്. ഇല്ലെങ്കിൽ ബസ് തട്ടി മരിച്ചേനേ. ഇപ്പോൾ അങ്ങനെ സംഭവിച്ചില്ല, അത് നല്ല കാര്യമല്ലേ. ഇത്തരം സന്ദർഭങ്ങളിൽ ഡിവൈഎഫ്‌ഐ എന്നോ യൂത്ത് കോൺഗ്രസെന്നോ ഇല്ലാതെ രക്ഷിക്കുന്നവരെ പിന്തുണയ്‌ക്കുക എന്നത് അക്രമത്തിനുള്ള പ്രോത്സാഹനമല്ല.'

'നവകേരള ബസ് വന്നപ്പോൾ ഇന്നലെ കുട്ടികൾ നിന്നത് വെയിലത്തൊന്നുമല്ല, അവർ നല്ല തണലത്താണ് നിന്നത്. ഞാനവരെ കണ്ടതാണ്. കുട്ടികൾ നല്ല സന്തോഷത്തോടെയാണ് കൈ വീശി കാണിച്ചത്. ഞാനും തിരിച്ച് കൈവീശി. പക്ഷേ, കുട്ടികളെ സ്കൂളിൽ നിന്ന് പ്രത്യേക സമയത്ത് ഇങ്ങനെ ഇറക്കി നിർത്തുന്നത് ശരിയായിട്ടുള്ള കാര്യമല്ല. അതിനാൽ ഇനി ആവർത്തിക്കരുത് എന്നാണ് ഞങ്ങൾക്ക് പറയാനുള്ളത്.' - മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷ നേതാവിനെ കുറിച്ച് മുഖ്യമന്ത്രി :

നാടിന്‍റെയാകെ നന്മയ്ക്കുവേണ്ടി, കക്ഷിരാഷ്ട്രീയത്തിനതീതമായി നടത്തുന്ന പൊതുപരിപാടിയെ തകര്‍ക്കാന്‍ ശ്രമിച്ച് ദയനീയമായി പരാജയപ്പെട്ടവരുടെ മനോനില നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. പ്രതിപക്ഷനേതാവിന്‍റെ തുടര്‍ച്ചയായുള്ള പ്രതികരണങ്ങളുടെ സ്വഭാവം അത്തരമൊരു അവസ്ഥയാണ് വ്യക്തമാക്കുന്നത്.
എന്തുതരം ഭാഷയാണ് അദ്ദേഹം ഉപയോഗിക്കുന്നത്? എന്തൊക്കെ ആരോപണങ്ങളാണുന്നയിക്കുന്നത്? 'ഉദ്യോഗസ്ഥരെക്കൊണ്ട് കള്ളപ്പിരിവ് നടത്തിയാണോ' എന്നാണദ്ദേഹം ചോദിക്കുന്നത്. ഈ പരിപാടിയില്‍ എവിടെയാണ് കള്ളപ്പിരിവ്? അങ്ങനെ നേടിയ പണം? ജനങ്ങൾ പങ്കെടുക്കുന്നതിലെ അസഹിഷ്ന്നുതയാണ് കാണിക്കുന്നത്. ഇത് ജനങ്ങളുടെ, നാടിന്‍റെ പരിപാടിയാണ്. ഇതില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പ്രതിപക്ഷ നേതാവിനെ ആരെങ്കിലും വിലക്കിയോ?

എം എല്‍ എ മാര്‍ പ്രതിപക്ഷത്താണോ ഭരണ പക്ഷത്താണോ എന്നത് നോക്കിയല്ല സര്‍ക്കാര്‍ നാടിന്‍റെ വികസനം സാദ്ധ്യമാക്കുന്നത്. എല്ലാ പ്രദേശങ്ങള്‍ക്കും തുല്യ പരിഗണയാണ് സര്‍ക്കാര്‍ നല്‍കുന്നത്. പിന്നെന്തിനാണ് ഈ ബഹിഷ്കരണവും ആക്രോശവും എന്ന് ജനങ്ങളോട് വിശദീകരിക്കണം.

ലഭിക്കുന്ന പരാതികള്‍ തീര്‍പ്പാക്കുന്നില്ല എന്നാണ് പ്രതിപക്ഷ നേതാവ് ആക്ഷേപിക്കുന്നത്. ആരാണ് അദ്ദേഹത്തിന് ഇത്തരം നുണകള്‍ പറഞ്ഞുകൊടുക്കുന്നത് എന്ന് എനിക്കറിയില്ല. ജനങ്ങളില്‍ നിന്ന് പരാതികള്‍ സ്വീകരിക്കാനും അവ പരിശോധിച്ച് തീര്‍പ്പു കല്‍പ്പിക്കാനുമുള്ള സംവിധാനം ഫലപ്രദമായി ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. അതില്‍ പരാതിയുണ്ടെങ്കില്‍ അതാണ് പറയേണ്ടത്. അല്ലാതെ, ഈ സുപ്രധാന പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കുകയും ഇതിനെതിരെ ആക്രമണോത്സുകമായ ആക്രോശങ്ങള്‍ മുഴക്കുകയല്ല.

എന്ത് കണക്കിന്‍റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷ നേതാവ് പരാതികള്‍ തീര്‍പ്പാക്കുന്നില്ല എന്ന് പറയുന്നത്? കഴിഞ്ഞ അഞ്ചു ദിവസങ്ങളില്‍ 16 കേന്ദ്രങ്ങളില്‍ നിന്നായി ലഭിച്ച നിവേദനകളുടെ എണ്ണം 42,862 ആണ്. കണ്ണൂര്‍ ജില്ലയില്‍ 28,630. കാസര്‍കോട്ട് 14,232. ഇങ്ങനെ ലഭിക്കുന്ന നിവേദനങ്ങള്‍ പരിശോധിച്ച് ഇടപെടല്‍ നടത്താനും പ്രശ്നപരിഹാരം ഉറപ്പാക്കാനുമുള്ള സംവിധാനം ഒരുക്കുന്നുണ്ട്. എന്തുകൊണ്ടാണ്, തങ്ങളുടെ വിഷയങ്ങള്‍ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ പെടുത്താന്‍ ജനങ്ങള്‍ ഇങ്ങനെ മുന്നോട്ടു വരുന്നത്? അവ ശ്രദ്ധിക്കപ്പെടും; പരിഹരിക്കപ്പെടും എന്ന ഉറച്ച വിശ്വാസമുള്ളതു കൊണ്ടാണ്. ജനങ്ങളില്‍ നിന്ന് പരാതികള്‍ സ്വീകരിക്കുന്നതും അവ പരിഹരിക്കുന്നതും തുടര്‍ച്ചയായി നടക്കുന്ന പ്രക്രിയയാണ്.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാറിന്‍റെ കാലത്ത് ആരംഭിച്ച പരാതിപരിഹാര സെല്ലില്‍ നാളിതുവരെ 5,40,722 പരാതികളാണ് ലഭിച്ചത്. അതില്‍ 5,36,525 പരാതികളില്‍ തീര്‍പ്പ് കല്‍പ്പിച്ചു. അതായത്, 99.2 ശതമാനം പരാതികളിലും പരിഹാരമുണ്ടായിരിക്കുന്നു. ബാക്കിയുള്ള 4,197 പരാതികളിലുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. അവയും സമയബന്ധിതമായി പരിഹരിക്കും.

ഒരു കാര്യം കൂടി സൂചിപ്പിക്കട്ടെ. എറണാകുളം ജില്ലയിലെ പറവൂര്‍ നഗരസഭ നവകേരള സദസ്സിന് തുക അനുവദിക്കാന്‍ ഏകകണ്ഠമായി തീരുമാനിച്ചിരുന്നു. പ്രതിപക്ഷ നേതാവിന്‍റെ മണ്ഡലത്തിലുള്ള നഗരസഭയാണത്. അദ്ദേഹത്തിന്‍റെ പാര്‍ട്ടിയാണ് അവിടെ ഭരണത്തില്‍. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് പരസ്യമായി പറഞ്ഞത്, യു ഡി എഫ് തീരുമാനം ലംഘിക്കുന്നവര്‍ ആ സ്ഥാനത്തുണ്ടാകില്ല എന്നാണ്. അതായത്, ജന പ്രതിനിധികള്‍ക്ക് ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നീതിപൂര്‍വകമായ തീരുമാനങ്ങളെടുക്കാൻ സ്വാതന്ത്ര്യമില്ല എന്ന്. ഈ ഭീഷണിയില്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ് ആ നഗരസഭയെ. ജനാധിപത്യത്തിന്‍റെ ഏതളവുകോല്‍ വെച്ചാണ് ഇതിനെ അളക്കുക? ജനങ്ങള്‍ കക്ഷിരാഷ്ട്രീയത്തിന്‍റെ അതിര്‍വരമ്പുകളില്ലാതെ നാടിനു വേണ്ടി ഒന്നിച്ച് നില്‍ക്കുമ്പോള്‍, നാടൊന്നായി ഒരേ വികാരം പങ്കിടുമ്പോള്‍ യുഡിഎഫിന്‍റെ ജനപ്രതിനിധികളെ ഭീഷണിപ്പെടുത്തി അകറ്റി നിര്‍ത്തുകയാണ്. എന്നിട്ടും ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുന്നതാണ് കൗതുകമുള്ള കാര്യം. നേരത്തെ സൂചിപ്പിച്ച അസഹിഷ്ണുതയും അസ്വസ്ഥതയും അദ്ദേഹത്തെ എത്രമാത്രം ബാധിച്ചു എന്നുകൂടി തെളിയിക്കുന്ന അനുഭവമാണിത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PINARAYI VIJAYAN, DYFI, YOUTH CONGRESS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.